അബുദാബി: ഓരോ അധ്യയന വര്‍ഷം അവസാനിക്കുമ്പോഴും പരീക്ഷയുടെ അവസാന ദിവസം ഏറെ നേരം സൊറ പറഞ്ഞും വേര്‍പിരിയലിന്റെ നൊമ്പരം പങ്കു വെച്ചുമാണ് അവര്‍ പിരിഞ്ഞിരുന്നത്.
എന്നാല്‍ പ്ളസ് ടു പഠനം പൂര്‍ത്തിയാക്കി സ്കൂളില്‍ നിന്നും അവസാനമായി വിട പറയുന്ന നേരത്ത് ഒന്ന് ചേര്‍ന്നു നില്ക്കാന് പോലും കഴിയാതെ പിരിയുമ്പോള്‍ അവരുടെ ഹൃദയം വല്ലാതെ തേങ്ങുന്നുണ്ടായിരുന്നു.
ഏറ്റവും ഒടുവിലായി പ്ളസ് ടു കൊമേഴ്സ് വിഭാഗം വെള്ളിയാഴ്ചയും സയന്‍സ് വിഭാഗം പരീക്ഷ ശനിയാഴ്ചയുമാണ് നടന്നത്. നിറഞ്ഞ സങ്കടത്തോടെയാണ് കുട്ടികള്‍ പിരിഞ്ഞു പോയത്. പരസ്പരം കെട്ടിപ്പിടിച്ചും കൈ പിടിച്ചും പിരിയാനാവാത്ത മനോവിഷമം എല്ലാവരുടെയും മനസിനെ വല്ലാതെ മഥിക്കുന്നുണ്ട്.
സാമൂഹിക അകലം പാലിക്കുകയെന്ന നിബന്ധന പൂര്‍ണമായും പാലിച്ചാണ് പരീക്ഷയെഴതാന് എത്തിയതും ഹാളിലിരുന്നതും. ആരുടെയും മുഖം പോലും വ്യക്തമായി കാണാന്‍ കഴിയാത്ത വിധം കോവിഡ് 19 ഭയം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രവാസി കുട്ടികളും വിട ചോദിച്ചത്.
കളിയും ചിരിയുമായി ക്ളാസ് മുറികളിലേക്ക് കടന്നു വന്നിരുന്നവര്‍ മൂടിക്കെട്ടിയ വായയുമായാണ് പരീക്ഷാ ഹാളിലേക്ക് വന്നതും വീടുകളിലേക്ക് പിരിഞ്ഞു പോയതും. പുറത്തിറങ്ങിയിട്ടും കൂടി നില്‍ക്കാനോ അല്പ നേരം കളിചിരി പറയാനോ അവസരമുണ്ടായിരുന്നില്ല. പരീക്ഷാ ഹാളില്‍ നിന്നും ഇറങ്ങി നേരെ രക്ഷിതാക്കളോടൊപ്പം പോകണമെന്ന കര്‍ശന നിര്‍ദേശമാണ് സ്കൂള്‍ അധികൃതര്‍ നല്‍കിയിരുന്നത്.
വീടുകളിലെത്തി അവര്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ സൂമിലൂടെ സൗഹൃദം പങ്കു വെച്ചു. സെല്‍ഫി എടുക്കാനുള്ള ആഗ്രഹം പോലും സഫലമാവാത്ത വേര്‍പിരിയല്‍.
നാട്ടിലെ സാഹചര്യങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇവിടെ സഹപാഠികള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ്. പ്ളസ് ടു കഴിഞ്ഞതോടെ തുടര്‍ പഠനത്തിനായി വിവിധയിടങ്ങളിലേക്ക് മാറുന്നവര്‍. സ്വന്തം നാട്ടിലേക്ക് പോകുന്നവരും ഡല്‍ഹി, പൂനെ, ബംഗളുരു തുടങ്ങിയ സ്ഥലങ്ങളില്‍ പഠിക്കാന്‍ പോകാനുള്ള തയാറെടുപ്പ് നടത്തിയവരാണ്.
കോവിഡിന് ശമനം വരുന്നതോടെ ഇവരെല്ലാം പറക്കാനുള്ള തയാറെടുപ്പിലാണ്. നേരിട്ടും അടുത്തിരുന്നും യാത്ര പറയാനുള്ള അവസരമില്ലാത്തതിനാല്‍ സൂം കോണ്‍ഫറന്‍സിലൂടെ ബന്ധം ഊട്ടിയുറപ്പിക്കാനുള്ള തീരുമാനത്തിലാണ് പെണ്‍കുട്ടികള്‍.