ഇരിക്കൂര്‍: വയക്കാംകോട് പൈസായിയിലെ കെ വി ഫാത്തിമയുടെ മക്കള്‍ ചിരകാല സ്വപ്നങ്ങളായ സൈക്കിളും കമ്മലും വാങ്ങുന്നതിനായി ഭണ്ഡാരത്തില് സ്വരുക്കൂട്ടി വെച്ച 3000 രൂപ ആഗ്രഹങ്ങള്‍ മാറ്റി വെച്ച് കാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. മുഹമ്മദ് ഫയീം സൈക്കിള്‍ വാങ്ങുന്നതിനും നഫീസത്തുല്‍ മിസ്രിയ കമ്മല്‍ വാങ്ങുന്നതിനും സ്വരൂപിച്ച തുകയാണ് കാരുണ്യപ്രവര്‍ത്തനത്തിന് കൈമാറിയത്.
തങ്ങളെപ്പോലുള്ള വിദ്യാര്‍ത്ഥികള്‍ സംഭാവന ചെയ്യുന്ന വാര്‍ത്തയും ഫോട്ടോയും ചന്ദ്രികയില്‍ കാണുമ്പോഴൊക്കെ ഉപ്പാപ്പ വികെ അലിയോട് ഞങ്ങളുടെ ഭണ്ഡാരവും സിഎച്ച് സെന്ററിന് നല്കുവാന് ഇവര്‍ ആഗ്രഹം പ്രകടിപ്പിക്കുമായിരുന്നു. ഇതേ ആവശ്യവുമായി തങ്ങളുടെ സ്കൂളിലെ ബാബു മാഷെയും ഫോണ്‍ ചെയ്ത് പറഞ്ഞതോടെയാണ് കുട്ടികളുടെ വാക്കുകള്‍ കാര്യത്തിലാണെന്ന് അറിഞ്ഞത്. ഇതേ തുടര്‍ന്ന് മാതാവ് മുസ്ലിം ലീഗ് നേതാക്കളെയും മക്കള്‍ പഠിക്കുന്ന സ്കൂളിലെ പ്രധാനാധ്യാപകനായ ബാബു മാഷിനെയും വീട്ടിലേക്ക് വിളിച്ചു വരുത്തി. വീട്ടില്‍ വെച്ച് മൂന്നാം വാര്‍ഡ് പ്രസിഡന്റ് യുപി അബ്ദുറഹ്മാന് ഫയീമും മിസ്രിയയും തുക കൈമാറി. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സികെ മുഹമ്മദ് മാസ്റ്റര്‍, വാര്‍ഡ് ജനറല്‍ സെക്രട്ടറി കെആര്‍ അഷറഫ്, ബാബു മാസ്റ്റര്‍, വികെ അലി സംബന്ധിച്ചു.
ഭണ്ഡാര തുക നല്കി കൊച്ചു മിടുക്കി
അഴീക്കോട്: വാപ്പ നല്കുന്ന നാണയ തുട്ടുകള്‍ കൂട്ടിെവച്ച പാത്രം തളിപ്പറമ്പ് സിഎച്ച് സെന്ററിന് നല്കി കൊച്ചു മിടുക്കി. അലവില്‍ ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പെരുന്നാള്‍ ദിവസം പ്രദേശത്തെ വീടുകളില്‍ നിന്നു തളിപ്പറമ്പ് സി എച്ച് സെന്ററിനു വേണ്ടി പിരിവ് നടത്തുന്നതിനിടയിലാണ് അലവില്‍ പള്ളിക്ക് സമീപം താമസിക്കുന്ന മുഹമ്മദ്-നജ്മ ദമ്പതികളുടെ മകള്‍ ആയിഷ ദുആ എന്ന മിടുക്കിയാണ് ശേഖരിച്ചു വെച്ച നാണയത്തുട്ടുകള്‍ സി.എച്ച് സെന്ററിനു കൈമാറിയത്.ദുബൈ കെ എം സി സി വൈസ് പ്രസിഡന്റ് പികെ ഷൗക്കത്ത് തുക ഏറ്റുവാങ്ങി.