ദുബൈ: ദുബൈ-തിരൂര്‍ മുനിസിപ്പല്‍ കെഎംസിസി മുന്‍ വൈസ് പ്രസിഡന്റും ട്രഷററും ടികെഎം ദുബൈ ട്രഷററും സജീവ ജീവകാരുണ്യ പ്രവര്‍ത്തകനുമായ അബ്ദുല്‍ കരീം കൊടാലില്‍ (48) കോവിഡ് ബാധിച്ച് നിര്യാതനായി.
മെയ് 2ന് കോവിഡ് ലക്ഷണങ്ങളോടെ ടെസ്റ്റ് നടത്തിയിരുന്നുവെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു. പിന്നീട് പോസിറ്റീവായതോടെ നടന്ന രണ്ടു ടെസ്റ്റുകളില്‍ നെഗറ്റീവായി. എന്നാല്‍, ന്യൂമോണിയ ബാധിച്ചതോടെ വീണ്ടും പോസിറ്റീവായി. തുടര്‍ന്ന്, അസുഖം ഗുരുതരമായി വെന്റിലേറ്റര്‍ ഘടിപ്പിക്കേണ്ടി വന്നു.
മുത്തൂര്‍ കൊടാലില്‍ കുഞ്ഞിമുഹമ്മദ്-കദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: സലീന. മക്കള്‍: മുഹമ്മദ് ഷഹല്‍, സുഹ ഫാത്തിമ, സിദ്റ. സഹോദരങ്ങള്‍: അയിഷാബി, സറീന, നസീമ, ഹംസ നിഷാദ്, ഷഫീഖ്, തസ്ലി, ബദറുദ്ദീന്‍, സാഫിറ, സെഫീറ.
വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്കായിരുന്നു അന്ത്യം. മയ്യിത്ത് ഉച്ചക്ക് 1.30ന് ദുബൈയില്‍ ഖബറടക്കി. ഖബറടക്ക ചടങ്ങിലും അനുശോചനത്തിലും മുസ്തഫ തിരൂര്‍, ബദറുദ്ദീന്‍ തിരൂര്‍, സിദ്ദീഖ് കാലൊടി, ഇബ്രാഹിംകുട്ടി പറവന്നൂര്‍, നാസര്‍ കുറുമ്പത്തൂര്‍, നുഅ്മാന് എം.പി, അഫ്സല് ടി.ഇ, ഷബീറലി, ഇബ്നു, ഷാഫി കോറോത്തില്‍, ഡോ. നാസര്‍ തിരൂര്‍, ഷാഫി കെ.പി തിരൂര്‍ എന്നിവരും കെഎംസിസിയുടെയും ടികെഎമ്മിന്റെയും ടീം തിരൂരിന്റെയും പ്രവര്‍ത്തകര്‍ പങ്കെടുത്തു.
ജീവകാരുണ്യ രംഗത്ത് ശ്രദ്ധേയ സംഭാവനകളര്‍പ്പിച്ച വ്യക്തിത്വമായിരുന്നു അബ്ദുല്‍ കരീം. കോവിഡ് ബാധിതരായ നിരവധി പേര്‍ക്ക് സഹായങ്ങളെത്തിക്കാന്‍ മുന്നില്‍ നിന്ന കരീമിന്റെ വിയോഗം സഹപ്രവര്‍ത്തകരെയും സുഹൃത്തുക്കളെയും അതീവ ദു:ഖത്തിലാഴ്ത്തി. വേദനിക്കുന്ന മനുഷ്യര്‍ക്ക് ഏറ്റവുമാദ്യം സഹായങ്ങളെത്തിക്കാന്‍ എപ്പോഴും ബദ്ധശ്രദ്ധനായിരുന്നു കരീമെന്നും അദ്ദേഹത്തിന്റെ വിയോഗം താങ്ങാനാവാത്തതാണെന്നും ദുബൈ സംസ്ഥാന കെഎംസിസി ജന.സെക്രട്ടറി മുസ്തഫ തിരൂര്‍, മലപ്പുറം ജില്ലാ കെഎംസിസി സെക്രട്ടറി ബദറുദ്ദീന്‍ തിരൂര്‍ എന്നിവര്‍ അനുസ്മരിച്ചു. ക്വാറന്റീന് സെന്ററുകളിലും മറ്റിടങ്ങളിലുമുള്ള കോവിഡ് ബാധിതരെ സഹായിക്കാന്‍ ഓടി നടക്കുന്നതിനിടെയാണ് കരീമിന് ദാരുണാന്ത്യമുണ്ടായതെന്നത് കുടുതല്‍ സങ്കടപ്പെടുത്തുന്ന കാര്യമാണ്. ഏറ്റവും ഒടുവില്‍, കോവിഡ് ബാധിച്ചവരും അതേക്കുറിച്ച് ആവലാതിപ്പെടുന്നവരുമായ ആളുകളെ ആശ്വസിപ്പിക്കാനും കോവിഡില്‍ നിന്ന് രക്ഷ നേടാനും കരീം മാര്‍ഗനിര്‍ദേശങ്ങളും ഉപദേശങ്ങളും നല്കിയതും സുഹൃത്തുക്കള്‍ അനുസ്മരിച്ചു.