നാട്ടിലേക്ക് മടങ്ങാനിരുന്ന കാസര്‍കോട് സ്വദേശി അബുദാബിയില്‍ ഹൃദയാഘാതം മൂലം മരിച്ചു

മുഹമ്മദ്കുഞ്ഞി ഹാജി

അബുദാബി: കാസര്‍കോട് കുണ്ടംകുഴി സ്വദേശി അബുദാബിയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. കുണ്ടംകുഴി കല്ലടക്കുട്ടി സ്വദേശി മുഹമ്മദ്കുഞ്ഞി ഹാജി ( 56) ആണ് തിങ്കളാഴ്ച രാത്രി മരിച്ചത്. കാഞ്ഞങ്ങാട് പഴയ കടപ്പുറത്തെ മറിയുമ്മയാണ് ഭാര്യ. യൂനുസ് (അബുദാബി), പാണത്തൂരിലെ ഹക്കീമിന്റെ ഭാര്യ ഖൈറുന്നിസ , പഴയ കടപ്പുറത്തെ സിദ്ദീഖിന്റെ ഭാര്യ ഖമറുന്നിസ, പാണത്തൂരിലെ ഷബീറിന്റെ ഭാര്യ ആഇശ, വിദ്യാര്‍ത്ഥികളായ ഫാത്തിമ, ഖദീജ, താഹിറ, ഇല്യാസ്, ശുഐബ് എന്നിവര്‍ മക്കളാണ്. മൃതദേഹം അബുദാബി ഖലീഫ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കെഎംസിസി ഭാരവാഹികളായ അനീസ് മാങ്ങാട്, സുബൈര്‍ വടകരമുക്ക്, റാഷിദ് എടത്തോട്, നാസര്‍ കോളിയടുക്കം എന്നിവര്‍ നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
45 വര്‍ഷമായി മുഹമ്മദ് കുഞ്ഞി അബുദാബിയില്‍ ജോലി ചെയ്തു വരുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ വിമാന സര്‍വീസ് നിലച്ചതിനാലാണ് മടക്കം നടക്കാതെ പോയത്. തിങ്കളാഴ്ച ഉച്ച വരെ ജോലി ചെയ്തിരുന്നു. രാത്രിയോടെ താമസ സ്ഥലത്ത് കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.