കാസര്‍കോട്: കോവിഡ് ഭീതിയില്‍ ദന്തല്‍ ക്ലിനിക്കുകള്‍ അടച്ചുപൂട്ടിയിട്ട് ഒരു മാസത്തിലേറെ പിന്നിടുമ്പോള്‍ ദുരിതം കടിച്ചിറക്കി രോഗികള്‍. രണ്ടാംഘട്ടത്തില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് വ്യാപന ഭീതികാരണം ദന്തല്‍ ക്ലിനിക്കുകള്‍ അടച്ചുപൂട്ടിയത്.
അടിയന്തര സാഹചര്യത്തില്‍ മാത്രം ചികിത്സ നടത്തിയാല്‍ മതിയെന്നായിരുന്നു ഡോക്ടര്‍മാര്‍ക്ക് ദന്തല്‍ അസോസിയേഷന്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഒരു ക്ലിനിക്ക് പോലും തുറന്ന് പ്രവര്‍ത്തിച്ചിട്ടില്ല. കാസര്‍കോട് ജില്ലയില്‍ സ്വകാര്യ മേഖലയില്‍ നൂറുകണക്കിന് ദന്തല്‍ ക്ലിനിക്കുകളുണ്ട്.
സര്‍ക്കാര്‍ ആസ്പത്രികളിലും ദന്ത ചികിത്സയ്ക്ക് സൗകര്യമുണ്ട്. എന്നാല്‍ കോവിഡ് ഭീതിമൂലം എല്ലാ സംവിധാനങ്ങളും പ്രവര്‍ത്തന രഹിതമാണ്. ഇതോടെ പല്ലുവേദന അസഹ്യമാവുന്ന രോഗികള്‍ വേദനാ സംഹാരികളെ ആശ്രയിക്കുകയാണ്. മരുന്നുകടയില്‍ നിന്ന് യാതൊരു സുരക്ഷയുമില്ലാതെ ഗുളികകള്‍ വാങ്ങിക്കഴിക്കുന്നതോടെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന ആശങ്കയും ഡോക്ടര്‍മാര്‍ക്കുണ്ട്.
ദന്താസ്പത്രികള്‍ അടക്കമുള്ള സ്വകാര്യ ക്ലിനിക്കുകള്‍ രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുത്ത് പ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദേശമെന്നാണ് ഡിഎംഒ നല്‍കുന്ന വിശദീകരണം. എന്നാല്‍ നിര്‍ദേശങ്ങള്‍ പാലിച്ച് തുറന്ന് പ്രവര്‍ത്തിക്കുന്നതിന് പകരം ഇത്തരം ക്ലിനിക്കുകള്‍ അടച്ചുപൂട്ടുകയാണുണ്ടായത്. രോഗവാഹകര്‍ ക്ലിനിക്കുകള്‍ സന്ദര്‍ശിച്ചാല്‍ രോഗവ്യാപനം തടയുന്നത് പ്രയാസമാകുമെന്നത് കൊണ്ടാണ് ഈ രീതിയില്‍ തീരുമാനമെടുത്തെതന്നാണ് ഐ.ഡി.എ (ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍) വിശദീകരണം. രോഗികള്‍ അവരുടെ യാത്രാവിവരങ്ങളും മറ്റും വ്യക്തമാക്കാത്തത് കൊണ്ട് കോവിഡ് 19 പടരുമോ എന്ന ആശങ്കയുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
രോഗികളുടെ വരവു കുറഞ്ഞതും അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരായി. എന്നാല്‍ അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സ നല്‍കണമെന്നും ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശമുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടുന്നതിന് ഹെല്‍പ് ഡെസ്‌കുകള്‍ സജ്ജമാണെന്നും സേവനം ലഭ്യമാകുമെന്നും ഐഡിഎ പറയുന്നുണ്ടെങ്കിലും ജില്ലയില്‍ ഒരിടത്തും അത്തരമൊരു സൗകര്യം ലഭ്യമല്ലെന്നാണ് രോഗികള്‍ പറയുന്നത്.
അപകടങ്ങളില്‍ മുഖത്തും പല്ലുകള്‍ക്കും സംഭവിക്കുന്ന പരിക്കുകള്‍, പല്ലുകളിലും താടിയെല്ലുകളിലും ഉണ്ടാകുന്ന അണുബാധ, അസഹ്യമായ പല്ലുവേദന, എന്നിവയെയാണ് അടിയന്തര ചികിത്സയായി ഐഡിഎ കണക്കാക്കിയിട്ടുള്ളത്. ബാക്കിയുള്ള രോഗികള്‍ വേദന ക്ഷമിച്ച് കോവിഡ് നിയന്ത്രണങ്ങള്‍ അവസാനിക്കുംവരെ കാത്തിരിക്കണമെന്ന സ്ഥിതിയാണ്.