ജില്ലാ ഭരണകൂടത്തിന് കണ്ണടക്കാനാകില്ല

ക്വാറന്റീന്‍ കേന്ദ്രങ്ങളിലെ വളണ്ടിയര്‍മാര്‍ പരീക്ഷാ കേന്ദ്രത്തില്‍

കണ്ണൂര്‍: ക്വാറന്റീന്‍ കേന്ദ്രങ്ങളിലെ വളണ്ടിയര്‍മാര്‍ പരീക്ഷാ ഹാളില്‍ സേവകരായെത്തിയതിലും സുരക്ഷാ മാനദണ്ഡത്തിലെ വീഴ്ച. ജില്ലാ ഭരണകൂ ടത്തിന്റെ നിസംഗതക്കെതിരെ അടങ്ങാതെ പ്രതിഷേധം.
കണ്ണൂര്‍ സിറ്റി ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലെ പരീക്ഷാ കേന്ദ്രത്തില്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ സേവനത്തിന് നിയോഗിച്ച ഐആര്‍പിസി വളണ്ടിയര്‍മാര്‍ സേവകരായെത്തിയതാണ് ജില്ലാ ഭരണകൂടത്തിന്റെ നിസംഗതയും സുരക്ഷാ വീഴ്ചയും വെളിവാക്കുന്നത്. മാസങ്ങളായി ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ സേവനം ചെയ്ത ഐആര്‍പിസി വളണ്ടിയര്‍മാര്‍ പരീക്ഷാ ഹാളിലും വളണ്ടിയര്‍മാരായെത്തിയത് അധികാരികളുടെ മൗനാനുവാദത്തോടെയെന്നാണ് ആരോപണം. വിദ്യാര്‍ത്ഥികളുമായി ഇടപഴകിയ ഇവരുടെ പ്രവര്‍ത്തനം ആശങ്കയ്ക്കുമിടയാക്കിയിട്ടുണ്ട്. യഥാസമയം വിവരം അറിയിച്ചിട്ടും നടപടിയെടുക്കാന്‍ ജില്ലാ ഭരണകൂടം തയ്യാറാകാത്തത് വ്യാപക പ്രതിഷേധത്തിനുമിടയാക്കിയിരുന്നു.
സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച മാനദണ്ഡങ്ങള്‍ പോലും കാറ്റില്‍ പറത്തിയും ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശങ്ങള്‍ തള്ളിയുമാണ് ക്വാറന്റീന്‍ കേന്ദ്രങ്ങളിലെ വളണ്ടിയര്‍മാരെ പരീക്ഷാ ഹാളിലെ ഡ്യൂട്ടിക്കും നിയോഗിച്ചത്. മികവുറ്റ സൗകര്യവുമായി പരീക്ഷാ ഹാളിലെ ഡ്യൂട്ടിക്ക് സന്നദ്ധരായി മറ്റ് സന്നദ്ധ പ്രവര്‍ത്തകരുണ്ടായിട്ടും ഭരണ തലത്തിലെ ഇടപെടലാണ് ക്വാറന്റീന്‍ കേന്ദ്രങ്ങളിലെ വളണ്ടിയര്‍മാരെ പരീക്ഷാ ഹാളിലെ ഡ്യൂട്ടിക്ക് നിയോഗിച്ചത്. സുരക്ഷാ വീഴ്ചയ്ക്ക് വഴിയൊരുക്കിയ നടപടി വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കിയിരുന്നു.

അധികാരികള്‍ മൗനം വെടിയണം: എംഎസ്എഫ്
ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ വളണ്ടിയര്‍മാരായ ഐആര്‍പിസി വളണ്ടിയര്‍മാരെ സേവനത്തിന്റെ പേരില്‍ കണ്ണൂര്‍ സിറ്റി ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി ഇടപഴകാന്‍ അനുവദിച്ച സംഭവം ഗുരുതരമായ വീഴ്ചയാണെന്ന് എംഎസ്എഫ്. വിഷയത്തില്‍ അടിയന്തര നടപടി വേണമെന്നും എംഎസ്എഫ് കണ്ണൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പിടിഎ അംഗങ്ങള്‍ വളണ്ടിയര്‍മാരാകുമെന്നാണ് നേരത്തെ നടന്ന യോഗത്തില്‍ അറിയിച്ചത്. എന്നാല്‍ പിടിഎ പ്രസിഡന്റ് തന്നിഷ്ടപ്രകാരം ഐആര്‍പിസി പ്രവര്‍ത്തകരെ സ്‌കൂളിലെത്തിക്കുകയായിരുന്നു.
വന്‍ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ് ഈ നടപടി. പിടിഎ പ്രസിഡന്റിനെതിരെയും ഒത്താശ നല്‍കിയ പ്രധാനാധ്യാപകനെതിരെയും നിയമലംഘനത്തിന് കേസെടുക്കണം. വീഴ്ച ചൂണ്ടിക്കാട്ടി എംഎസ്എഫ് ജില്ലാ കലക്ടര്‍ക്കും ഡിഡിഇക്കും പരാതി നല്‍കിയിട്ടുണ്ട്.
മണ്ഡലം കമ്മിറ്റി യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് ശകീബ് നീര്‍ച്ചാല്‍, മണ്ഡലം ജനറല്‍ സെക്രട്ടറി യൂനുസ് പടന്നോട്ട്, വൈസ് പ്രസിഡന്റ് ഫായിസ് വാരം, അര്‍ഷാദ് പങ്കെടുത്തു