ഓണ്‍ലൈന്‍ ക്ലാസ്; ആശങ്കയൊഴിയാതെ അധ്യാപകരും വിദ്യാര്‍ഥികളും
മലപ്പുറം: സ്കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആശങ്കയൊഴിയാതെ അധ്യാപകരും വിദ്യാര്‍ഥികളും. ഇതു സംബന്ധിച്ച് കൃത്യമായ പരിശീലനം ലഭിക്കാതെ അധ്യാപകരും ക്ലാസുകളുടെ ക്രമീകരണമറിയാതെ വിദ്യാര്‍ഥികളും നട്ടം തിരിയുകയാണ്. ടി.വി, ഇന്റര്‍നെറ്റ് സൗകര്യമുള്ളവര്‍ക്ക് മാത്രമാണ് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനാവുക. എന്നാല്‍ മലപ്പുറം ജില്ലയില്‍ മാത്രം ആറുപതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ക്ക് ഈ സൗകര്യമില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഇത് പരിഹരിച്ചില്ലെങ്കില്‍ പദ്ധതി വിജയകരമാവുമോ എന്ന ചോദ്യത്തിന് വ്യക്തമായി ഉത്തരം നല്കാന് പദ്ധതിയുടെ ചുമതല വിഹിക്കുന്നവര്ക്ക് പോലും സാധിക്കുന്നില്ല. ലോക്ക്ഡൗണ്‍ തുടര്‍ന്നാല്‍ സ്കൂളുകളില്‍ ജൂണ്‍ 1 മുതല്‍ ഓദ്യോഗികമായി ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം. പല സ്കൂളുകളും 10-ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് അനൗദ്യോഗിക വാട്സാപ്പ് ക്ലാസുകള്‍ ആരംഭിച്ചിട്ടുണ്ട്. ഈ സംവിധാനം വിജയകരമല്ലെന്നാണ് ഇത്തരം ക്ലാസുകള്‍ക്ക് നേതൃത്വം നല്കുന്ന അധ്യാപകര്‍ തന്നെ പറയുന്നു. 40 ശതമാനം കുട്ടികള്‍ക്ക് മാത്രമെ ഇതു വഴി പ്രയോജനം ലഭിക്കുന്നുള്ളു. ഒന്നാം ക്ലാസും, പ്ലസ്വണ്ണും ഒഴികെ ബാക്കിയുള്ള മുഴുവന്‍ ക്ലാസുകള്‍കളിലും ഓണ്‍ലൈന്‍ പഠനം ആരംഭിക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. ഒന്നിലും പ്ലസ്വണ്ണിലും പുതിയ പ്രവേശനം ആയതിനാല്‍ ഇവരുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇങ്ങനെ വന്നാല്‍ പത്താം ക്ലാസിനു താഴെയുള്ള വിദ്യാര്‍ത്ഥികളുടെ അവസ്ഥ വളരെ മോശമായിരിക്കും. സോഷ്യല്‍മീഡിയക്കും, ഗെയ്മിലും അടിമപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠനത്തോക്കാള് മറ്റുപല കാര്യങ്ങളിലുമായിരുക്കും ശ്രദ്ധയെന്നാണ് അധ്യാപകര്‍ പറയുന്നത്.
പഠപുസ്തകങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കി എന്നല്ലാതെ അധ്യാപകര്‍ക്കും ഇതു സംബന്ധിച്ച യാതൊരു ധാരണയുമില്ല. വിദ്യാര്‍ഥികളെ എങ്ങിനെ ക്രമീകരക്കണം, ക്ലാസുകളുടെ ഘടന എങ്ങിനെ എന്നിവയെ കുറിച്ച് യാതൊരു പരിശീലനവും ഇതുവരെ നല്‍കിയിട്ടില്ല. രക്ഷിതാക്കള്‍ ഉയര്‍ത്തുന്ന സംശയങ്ങള്‍ക്ക് ഉത്തരം പോലും നല്കാനാവാതെ അധ്യാപകര്‍ കുഴങ്ങുന്ന അവസ്ഥയാണ് നലവിലുള്ളത്. 1 മുതല്‍ 7 വരെ ക്ലാസുകളിലെ അധ്യാപകര്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലനം ദിവസങ്ങള്‍ക്ക് മുമ്പ് തുടങ്ങിയിരുന്നു. ഇത് പൂര്‍ത്തിയായാല്‍ ബാക്കിയുള്ള ക്ലാസുകളിലെ അധ്യാപക പരിശീലനവും നടക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ പ്രൈമറി തലത്തില്‍ തന്നെ പരിശീലനം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ സര്‍ക്കാര്‍ വെട്ടിലായി. വിദ്യാഭ്യാസ വകുപ്പും സര്‍ക്കാര്‍ അനുകൂല അധ്യാപക സംഘടനകളും തമ്മിലുള്ള തല്ലാണ് പരിശീലനം നിലക്കാന് കാരണമെന്നാണ് വിവിരം. പരിശീലനമോ വ്യക്തമായ നിര്‍ദേശങ്ങളോ ലഭിക്കാതെ എങ്ങിനെ വിദ്യാര്‍ഥികളെ ക്ലാസിന് സജ്ജമാക്കുമെന്ന ആശങ്കയിലാണ് അധ്യാപകര്‍.
വിക്ടേഴ്സ് ടി.വി ചാലനല്‍, വിക്ടേഴ്സ് ഓണ്‍ലൈന്‍ ചാനല്‍, യൂ ട്യൂബ് എന്നിവയിലൂടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം. എന്നാല്‍ മലപ്പുറം ജില്ലയില്‍ ആകെ വിദ്യാര്‍ഥികളില്‍ 7.5 ശതമാനം പേര്‍ക്കും ഇത് വഴി ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നാണ് പദ്ധതിക്ക് നേതൃത്വം നല്കുന്ന സര്‍വ്വശിക്ഷ കേരള പുറത്തു വിട്ട കണക്ക്. ഇതുവഴി അറുപതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ക്ക് ക്ലാസില്‍ പങ്കെടുക്കാനാവില്ല. വീട്ടില്‍ സ്മാര്‍ട്ട്്ഫോണ്‍, ടി.വി, ഇന്റര്‍നെറ്റ് സൗകര്യം എന്നിവ ഇല്ലാത്തവരാണ് ഇതില്‍ അധിക പേരും. എന്നല്‍ ഇത്തരം കുട്ടികള്‍ക്ക് സ്കൂളുകള്‍, വായനശാലകള്‍, സന്നദ്ധ സംഘടന ഓഫീസുകള്‍, അയല്‍ വീടുകള്‍ എന്നിവ ഉപയോഗിക്കാം എന്നാണ് സര്‍ക്കാര്‍ പറയുന്നത്. വിദ്യാര്‍ഥികളെ ഇത്തരത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പറഞ്ഞു വിട്ടാലുണ്ടാവുന്ന അപകടങ്ങളെ കുറിച്ച് യാതൊരു ധാരണയുമില്ലാതെയാണ് സര്‍ക്കാര്‍ പുതിയ തീരുമാനങ്ങള്‍ എടുക്കുന്നത്.