ദുബൈ: കേരളത്തിന്റെ വികസനത്തില്‍ പ്രമുഖ സ്ഥാനം വഹിച്ചവരാണ് പ്രവാസികള്‍. വിദേശത്ത് കഷ്ടപ്പെട്ട് ജോലി ചെയ്ത് ജീവിതം തള്ളി നീക്കുന്നതിനിടയില്‍ വന്നു പെട്ട മഹാമാരിയില്‍ നാട്ടിലേക്ക് മടങ്ങാന്‍ വിധിക്കപ്പെട്ട പ്രവാസികളില്‍ നിന്ന് ക്വാറന്റീന് ചെലവ് വാങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ദുബൈ കെഎംസിസി ആവശ്യപ്പെട്ടു. കേരളത്തിന്റെയും സമൂഹത്തിന്റെയും വികസനത്തില്‍ പ്രമുഖ സ്ഥാനം വഹിച്ചവരാണ് പ്രവാസികള്‍. അവരുടെ ആപത്കരമായ അവസ്ഥയില്‍ താങ്ങായി നില്‍ക്കേണ്ട സര്‍ക്കാര്‍, പ്രവാസികളെ അപമാനിക്കുന്ന സമീപനമാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. മാത്രമല്ല, ജോലിയും മറ്റും നഷ്ടപ്പെട്ട് വെറുംകയ്യോടെ നാട്ടിലേക്ക് പോകുന്ന പ്രവാസികള്‍ക്ക് വിമാന ടിക്കറ്റ് വരെയുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നത് കെഎംസിസി പോലുള്ള സന്നദ്ധ സംഘടനകളുടെ കാരുണ്യത്തിലാണ് എന്നിരിക്കെ, സര്‍ക്കാര്‍ കാട്ടുന്നത് കടുത്ത അനീതിയും വഞ്ചനയുമാണ്. ഇത് അപലപനീയമാണെന്നും പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍, ആക്ടിംഗ് പ്രസിഡന്റ് മുസ്തഫ വേങ്ങര, ജന.സെക്രട്ടറി മുസ്തഫ തിരൂര്‍, ട്രഷറര്‍ പി.കെ ഇസ്മായില്‍, സീനിയര്‍ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കര്‍, ഓര്‍ഗ.സെക്രട്ടറി ഹംസ തൊട്ടി എന്നിവര്‍ പറഞ്ഞു.
പ്രവാസികള്‍ മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കിയ കാശ് കൊണ്ടാണ് നാം കഞ്ഞി കുടിച്ചതെന്ന കാര്യം മറക്കരുതെന്നും അവര്‍ നാടിന്റെ നട്ടെല്ലാണെന്നും പറഞ്ഞ മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ പ്രസ്താവന ആരുടെ ഉപദേശം സ്വീകരിച്ചതിന്റെ വെളിച്ചത്തിലാണെന്ന് വ്യക്തമാക്കണം. ഉപദേശകര്‍ക്ക് ശമ്പളം കൊടുക്കാനും പാര്‍ട്ടിക്ക് താല്പര്യമുള്ള കേസുകള്‍ വാദിക്കാന്‍ വക്കീലിന് ഫീസ് നല്‍കാനും സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടത്താനും കോടികള്‍ ചെലവിട്ട സര്‍ക്കാര്‍ പാവപ്പെട്ട പ്രവാസികളുടെ കാര്യത്തില്‍ കാട്ടുന്ന അലംഭാവം തിരുത്തണമെന്നും കെഎംസിസി ആവശ്യപ്പെട്ടു.