പ്രവാസികളുടെ മടക്കം; കോഴിക്കോട്ടേക്ക് വിമാനം പറന്നു

80

ദോഹ: പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടു പോകുന്ന ടവന്ദേ ഭാരത് മിഷഉന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായി. ദോഹയില്‍ നിന്നും 183 യാത്രക്കാരുമായി രണ്ടാം ഘട്ടത്തിലെ ആദ്യ വിമാനം കോഴിക്കോട്ടേക്ക് പറന്നു. ദോഹ സമയം വൈകിട്ട് 3.30ന് പുറപ്പെടേണ്ടിയിരുന്ന ഐഎക്‌സ് 374 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം 4.20നാണ് പുറപ്പെട്ടത്. രാത്രി പതിനൊന്നു മണിയോടെ വിമാനം കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തി.
യാത്രക്കാരില്‍ 105 പേര്‍ സ്ത്രീകളും 78 പേര്‍ പുരുഷന്മാരുമാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കാണ് കൂടുതല്‍ പേരും. ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍, സന്ദര്‍ശക വീസയിലെത്തിയ മുതിര്‍ന്ന പൗരന്മാര്‍, അമ്മയുടെ മരണാനന്തര ക്രിയകള്‍ക്കായി പോകുന്നവര്‍, ജോലി നഷ്ടപ്പെട്ട് ദുരിതത്തിലായവര്‍ തുടങ്ങിയവരുള്‍പ്പടെയുള്ളവര്‍ യാത്രാ പട്ടികയില്‍ ഇടം നേടി. ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത 28,000ത്തോളം മലയാളികളില്‍ നിന്നാണ് 183 പേരെ തെരഞ്ഞെടുത്തത്. രണ്ടാം ഘട്ടത്തില്‍ കോഴിക്കോടിനു പുറമെ കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കും സര്‍വീസ് നടത്തുന്നുണ്ട്. ദോഹ-കണ്ണൂര്‍ വിമാന സര്‍വീസ് ഇന്നാണ്. ദോഹയില്‍ നിന്നും പ്രാദേശിക സമയം വൈകിട്ട് നാലിന് പുറപ്പെട്ട് ഇന്ത്യന്‍ സമയം വൈകിട്ട് 5.40ന് കണ്ണൂരിലെത്തും. മെയ് 21ലെ ദോഹ-കൊച്ചി വിമാനം ദോഹയില്‍ നിന്ന് ഉച്ച 2.05ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം രാത്രി 11.15ന് കൊച്ചിയിലെത്തും. ആദ്യ ഘട്ടത്തില്‍ കൊച്ചി, തിരുവനന്തപുരം സര്‍വീസുകളിലായി 359 ഓളം പ്രവാസികളാണ് കേരളത്തില്‍ മടങ്ങിയെത്തിയത്. രണ്ടാം ഘട്ടത്തില്‍ 500 ലധികം പ്രവാസികളാണ് നാട്ടിലെത്തുന്നത്. നാട്ടിലേക്കു മടങ്ങുന്നതിനായി വിവിധ സംസ്ഥാനങ്ങളിലെ 45,000 പേര്‍ ഇതിനോടകം എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.