കുട്ടികളെ കാറിലിരുത്തി പോകരുതേ… ജീവന്‍ തന്നെ അപകടത്തിലായേക്കും

അബുദാബി: കുട്ടികളെ വാഹനങ്ങളില്‍ ഒറ്റക്കിരുത്തി പുറത്തു പോകുന്നവര്‍ക്കെതിരെ ശക്തമായ മുന്നിറിയിപ്പുമായി അബുദാബി പൊലീസ്. ഷോപ്പിംഗ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി കുട്ടികളെ തനിച്ചാക്കി വാഹനങ്ങളില്‍ നിന്നും ഇറങ്ങിപ്പോകുന്നത് അവരുടെ ജീവന്‍ തന്നെ അപകടത്തിലാക്കിയേക്കും.
വായു സഞ്ചാരമില്ലാത്തത് മൂലം ഓക്‌സിജന്റെ അളവ് കാറിനുള്ളില്‍ കുറയുകയും താപനില ഉയരുകയും ചെയ്യുന്നതിലൂടെ കുട്ടികളുടെ മരണത്തിനു വരെ കാരണമായേക്കും. വേനല്‍ക്കാലത്ത് കാര്‍ ഓഫ് ചെയ്ത് നിര്‍ത്തുന്നത് ശ്വാസ തടസ്സമുണ്ടാക്കും.
മാതാപിതാക്കളുടെ അശ്രദ്ധ മൂലമാണ് ഇത്തരത്തില്‍ ഭൂരിഭാഗം അപകടങ്ങളും ഉണ്ടായിട്ടുള്ളത്. കാറിലുള്ള കുട്ടികളുടെ ഉത്തരവാദിത്തം മറ്റുള്ളവരെ ഏല്‍പ്പിക്കരുത്. മാത്രമല്ല, മോഷണത്തിന് അവസരമുണ്ടാവുകയും ചെയ്യും. ജീവന്‍ അപകടത്തിലാക്കുന്ന ഇത്തരം നടപടികള്‍ കടുത്ത ശിക്ഷാര്‍ഹമാണെന്നും അബുദാബി പൊലീസ് അറിയിച്ചു.