കൊച്ചിയിലെത്തിയ ഗര്‍ഭിണിയെ അധികൃതര്‍ വീട്ടിലെത്തിച്ചില്ല; വിഷമത്തിലായ ദമ്പതികള്‍ക്ക് തുണയായി എം.കെ മുനീറിന്റെ ഇടപെടല്‍

660

ദുബൈ/കൊച്ചി: ഇന്ത്യന്‍ സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ പ്രവാസികള്‍ക്കായുള്ള ആദ്യത്തെ പ്രത്യേക വിമാന സര്‍വീസില്‍ അബുദാബിയില്‍ നിന്ന് കൊച്ചിയിലെത്തിയ ഗര്‍ഭിണിയെ സ്വന്തം വീട്ടിലെത്തിക്കാതെ ദുരിതത്തിലകപ്പെടുത്തിയ പ്രശ്‌നത്തില്‍ പ്രതിപക്ഷ ഉപ നേതാവ് ഡോ. എം.കെ മുനീറിന്റെ ഇടപെടല്‍ പരിഹാരമുണ്ടാക്കി. നാട്ടിലെത്തുന്ന ഗര്‍ഭിണികളെ ക്വാറന്റീനില്‍ അയക്കാതെ സ്വന്തം വീട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാഴികക്ക് നാല്‍പത് വട്ടം ആവര്‍ത്തിച്ചതായിരുന്നു. എന്നാല്‍, അതിന് വിപരീതമായ കാര്യങ്ങളാണ് കൊച്ചി എയര്‍പോര്‍ട്ടില്‍ നടന്നത്. കണ്ണൂര്‍ എളയാവൂര്‍ സ്വദേശിനി ഹെന്ന ജമലിനും (20) ഭര്‍ത്താവ് കാഞ്ഞിരോട് തലമുണ്ട റോഡ് സ്വദേശി റിയാസിനുമാണ് ദുരിതാനുഭവമുണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെ 1.45ന് വിമാനമിറങ്ങിയ ഇവരെ നാട്ടിലേക്ക് അയക്കാതെ അധികൃതര്‍ വട്ടം കറക്കി. രണ്ടു തവണ അബോര്‍ഷനായിരുന്നതിനാല്‍ ഇത്തവണ നന്നായി സൂക്ഷിക്കണമെന്ന് അബുദാബിയില്‍ നിന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. സെര്‍വിക്കല്‍ സ്റ്റിച്ച് ഇടണമെന്നാണ് ഡോക്ടര്‍ അറിയിച്ചിരുന്നത്. സെര്‍വിക്കല്‍ സ്റ്റിച്ചിട്ടു കഴിഞ്ഞാല്‍ നല്ല വിശ്രമം വേണമെന്നതിനാലാണ് ആദ്യ വിമാനത്തില്‍ തന്നെ ഇവര്‍ നാട്ടിലേക്ക് പോയതും. എന്നാല്‍, അവിടെ എത്തിയപ്പോള്‍ കണ്ണൂരിലേക്ക് അയക്കാതെ ക്വാറന്റീനിലേക്ക് മാറ്റുകയായിരുന്നു. ഉടന്‍ തന്നെ ഹെന്നയുടെ ഭര്‍ത്താവ് റിയാസിന്റെ സഹോദരന്‍ ഷഫീഖ് യുഎഇയില്‍ നിന്ന് ഡോ. എം.കെ മുനീര്‍ എംഎല്‍എയുടെ മീഡിയ സെക്രട്ടറി റിയാസ് കയണ്ണയെ വിളിക്കുകയും കാര്യം അവതരിപ്പിക്കുകയും ചെയ്തു. അപ്പോള്‍ തന്നെ മുനീര്‍ ജില്ലാ കലക്ടറുമായും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനുമായും പൊലീസ് അധികൃതരുമായും ബന്ധപ്പെട്ടു. കളമശ്ശേരിയിലെ മുസ്‌ലിം ലീഗ് നേതാവ് ലത്തീഫ് എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തു. അധികം താമസിയാതെ തന്നെ ആംബുലന്‍സലില്‍ ഇവര്‍ക്ക് കണ്ണൂരിലെത്താന്‍ കഴിഞ്ഞു. എം.കെ മുനീറിന്റെ ഇടപെടലാണ് ഇവര്‍ക്ക് വേഗത്തില്‍ നാട്ടിലെത്താന്‍ വഴിയൊരുക്കിയതെന്നും ഇതിന് അദ്ദേഹത്തോട് അങ്ങേയറ്റത്തെ നന്ദിയും കടപ്പാടുമുണ്ടെന്നും ഈ സഹായം ജീവിതത്തില്‍ ഒരിക്കലും മറക്കില്ലെന്നും ഹെന്നയും റിയാസും ഷഫീഖും പറഞ്ഞു. സഹായങ്ങള്‍ നല്‍കിയ ലത്തീഫ്, മുനീറിന്റെ മീഡിയ സെക്രട്ടറി റിയാസ് കായണ്ണ എന്നിവരോടും നന്ദി അറിയിക്കുന്നതായും ഇവര്‍ വ്യക്തമാക്കി.
പ്രവാസികള്‍ക്ക് എന്ത് ആവശ്യങ്ങള്‍ക്കും ബന്ധപ്പെടാമെന്ന് ഡോ. എം.ക മുനീര്‍ എംഎല്‍എ അറിയിച്ചു. നമ്പര്‍: 9947 041000, 9349 613999. 9847 850858 (റിയാസ് കായണ്ണ).