കോഴിക്കാട്: ഗവ. ആര്‍ട്സ് & സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എസ്. ജയശ്രി സര്‍വ്വീസില്‍ നിന്നും വിരമിച്ചു. 1994 മുതല്‍ ആര്‍ട്സില്‍ രസതന്ത്ര വിഭാഗത്തില്‍ അധ്യാപികയായും തുടര്‍ന്ന് വകുപ്പു മേധാവിയായും സേവനമനുഷ്ഠിച്ചിരുന്നു. 1992ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച അവര്‍ മടപ്പള്ളി ഗവ. കോളേജിലും, തിരൂരങ്ങാടി , കോട്ടക്കല്‍ ഗവ. പോളിടെക്നിക്കുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2017 2018 വര്‍ഷം കോടഞ്ചേരി ഗവ.കോളേജില്‍ പ്രിന്‍സിപ്പലായിരുന്ന ഡോ. എസ്. ജയശ്രി 2018 മെയ് 31 നാണ് കോഴിക്കോട് ആര്‍ട്സ് കോളേജില്‍ പ്രിന്‍സിപ്പളായി ചുമതലയേറ്റത്. കോളേജിന്റെ ബഹുമുഖമായ നേട്ടങ്ങള്‍ക്ക് നേതൃത്വപരമായ പങ്കു വഹിക്കാന്‍ അവര്‍ക്കായി. 19 കോടി രൂപ ചെലവില്‍ 5 നിലകളുള്ള പുതിയ അക്കാദമിക് ബ്ലോക്കിന്റെ നിര്‍മാണം, കിഫ്ബിയുടെ ധനസഹായത്തോടെ വനിതാ ഹോസ്റ്റലിന്റെ വിപുലീകരണം, കോളേജ് ഓഡിറ്റോറിയത്തിന്റെയും പ്രധാന ബ്ലോക്കിന്റെയും നവീകരണം, എല്ലാ ബിരുദാനന്തര ബിരുദ വിഭാഗങ്ങളെയും ഗവേഷണ വിഭാഗങ്ങളായി ഉയര്‍ത്തല്‍, ആവശ്യമായ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കല്‍ എന്നിവ പ്രധാന നേട്ടങ്ങളാണ്. രാജ്യത്തെ മികച്ച എന്‍. എസ്.എസ് യൂണിറ്റിനുള്ള ദേശീയ പുരസ്കാരം നേടിയതും, ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയ ശാസ്ത്ര പ്രദര്‍ശനം (ക്വസ്റ്റ് 2019 ) സംഘടിപ്പിക്കാനായതും ഇവരുടെ കാലത്താണ് എന്നതും ശ്രദ്ധേയമാണ്. കാലിക്കറ്റ് സര്‍വകലാശാല ഡ ഏ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ ചെയര്‍പേഴ്സണായും ജഏ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ അംഗമായും പ്രവര്‍ത്തിച്ചിരുന്നു. കോളേജ് സര്‍വീസില്‍ പ്രവേശിക്കുന്നതിനു മുമ്പ് റബര്‍ ബോര്‍ഡിലും, നവോദയ സ്കൂളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊല്ലം വെസ്റ്റ് കല്ലട സ്വദേശിയാണ്. ചേവായൂര്‍ ഹരിത നഗറിലാണ് താമസം. ഭര്‍ത്താവ് ഡോ.പി.എം.സുരേശന് സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞനും കോഴിക്കോട് സ്റ്റേഷന് ഇന്‍ ചാര്‍ജുമാണ്.