ശൈഖ് സായിദ് റോഡില്‍ വാഹനാപകടം: മൂന്നു പേര്‍ മരിച്ചു

311

ദുബൈ: ദുബൈയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഷ്യക്കാരായ രണ്ടു സ്ത്രീകളും ഒരു പുരുഷനും മരിച്ചു. ഇവര്‍ സഞ്ചരിച്ച വാഹനം കത്തിച്ചാമ്പലാവുകയായിരുന്നു. ശൈഖ് സായിദ് റോഡില്‍ അബുദാബിയില്‍ നിന്ന് ദുബൈയിലേക്കുള്ള ദിശയില്‍ ഡിപിആര്‍ (ദുബൈ പാര്‍ക്‌സ് ആന്റ് റിസോര്‍ട്‌സ്) പിന്നിട്ട ഏരിയയിലാണ് അപകടമുണ്ടായതെന്ന് ജബല്‍ അലി പൊലീസ് സ്‌റ്റേഷന്‍ മേധാവി ബ്രിഗേഡിയര്‍ ഡോ. ആദില്‍ അല്‍സുവൈദി പറഞ്ഞു. ബുധനാഴ്ച രാവിലെ 4.40നാണ് ദുബൈ പൊലീസിലെ കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്ററില്‍ വാഹനാപകട റിപ്പോര്‍ട്ട് ലഭിച്ചത്. ഉടന്‍ തന്നെ ജബല്‍ അലി ഏരിയയിലെ പട്രോളിംഗ് ടീം സ്ഥലത്തെത്തുകയും മേഖല സുരക്ഷിതമാക്കിയ ശേഷം മരിച്ചവരെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കാറുകള്‍ കത്തിയതാണ് മരണത്തിലേക്ക് നയിച്ചതെന്ന് ബ്രിഗേഡിയര്‍ അല്‍സുവൈദി പറഞ്ഞു.