ബുധനാഴ്ച മുതല്‍ ദുബൈ സാധാരണ നിലയിലേക്ക്; ബിസിനസുകള്‍ പുനരാരംഭിക്കാം, രാവിലെ 6 മുതല്‍ രാത്രി 11 വരെ സഞ്ചാര നിയന്ത്രണങ്ങളില്ല

  ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം

   

  ജലീല്‍ പട്ടാമ്പി

  ദുബൈ: കോവിഡ് 19മായി ബന്ധപ്പെട്ട് ദുബൈയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ വന്‍ ഇളവ്. ബിസിനസുകള്‍ പുനരാരംഭിക്കാം. സാമൂഹിക അകലം പാലിച്ച് സിനിമാ തിയ്യറ്റുകള്‍, ജിംനേഷ്യങ്ങള്‍, റീടെയില്‍ സ്‌റ്റോറുകള്‍, ക്‌ളിനിക്കുകള്‍, വിനോദ ഇടങ്ങള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കാം.
  യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ നിര്‍ദേശാനുസരണം ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം ആണ് മെയ് 27 ബുധനാഴ്ച മുതല്‍ ദുബൈയില്‍ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ക്രമേണയായി പുനരാരംഭിക്കാനുള്ള പ്രഖ്യാപനം നടത്തിയത്. ദുബൈ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ റിമോട്ട് മീറ്റിംഗിലായിരുന്നു ശൈഖ് ഹംദാന്റെ പ്രഖ്യാപനം. ദുബൈ ഉപഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം, കമ്മിറ്റി ചെയര്‍മാന്‍ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം, മറ്റംഗങ്ങള്‍ വെര്‍ച്വല്‍ മീറ്റിംഗില്‍ പങ്കെടുത്തു.
  കമ്മിറ്റിയുടെ റിപ്പോര്‍ട്ടുകളും വിവിധ ആരോഗ്യ-സാമൂഹിക-സാമ്പത്തിക ഘടകങ്ങളും സമഗ്രമായി വിശകലനം ചെയ്തും, കോവിഡ് 19 സാഹചര്യം നന്നായി വിലയിരുത്തിയുമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തതെന്ന് ശൈഖ് ഹംദാന്‍ പറഞ്ഞു.

  മെയ് 27 ബുധനാഴ്ച മുതല്‍ ദുബൈയില്‍ നടപ്പാകുന്ന പുതിയ കാര്യങ്ങള്‍:

  ജനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 11 മണി വരെ സ്വതന്ത്രമായി സഞ്ചരിക്കാം.
  യുഎഇയിലേക്ക് തിരിച്ചു വരാനാഗ്രഹിക്കുന്നവര്‍ക്കും ട്രാന്‍സിറ്റുകാര്‍ക്കുമായി ദുബൈ എയര്‍പോര്‍ട്ട് തുറക്കും.
  ജിമ്മുകളും ഫിറ്റ്‌നസ് സെന്ററുകളും സാമൂഹിക അകലം പാലിച്ചും മതിയായ അണുനശീകരണം നടത്തിയും തുറക്കും.
  ദുബൈയിലെ റീടെയില്‍ സ്‌റ്റോറുകളും ഹോള്‍സെയില്‍ ഔട്‌ലെറ്റുകളും പുനരാരംഭിക്കും.
  ഇഎന്‍ടി ക്‌ളിനിക്കുകളും കുട്ടികളുടെ ഹെല്‍ത്ത് സെന്ററുകളും പുനരാരംഭിക്കും. സര്‍ജറികള്‍ക്ക് രണ്ടര മണിക്കൂര്‍ സമയം മാത്രമേ അനുവദിക്കൂ.
  സോഷ്യല്‍ ഡിസ്റ്റന്‍സിംഗും എല്ലായ്‌പ്പോഴുമുള്ള അണുനശീകരണവും പാലിച്ച് സിനിമാ തിയ്യറ്ററുകള്‍ പുനരാരംഭിക്കും.
  ദുബൈ ഐസ് റിങ്ക്, ഡോള്‍ഫിനേറിയം പോലുള്ള വിനോദ-റിക്രിയേഷണല്‍ ഇടങ്ങള്‍ തുറക്കും.
  ആമര്‍, തസ്’ഹീല്‍ അടക്കമുള്ള എല്ലാ ഗവണ്‍മെന്റ് കേന്ദ്രങ്ങളും പ്രവര്‍ത്തിക്കും.
  ഓണ്‍ലൈന്‍ ലേലങ്ങളില്ലാത്ത ഓക്ഷന്‍ ഹൗസുകള്‍ തുറക്കും.

  പൊതുചട്ടങ്ങള്‍:

  പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള മുഴുവന്‍ ബിസിനസ് സ്ഥാപനങ്ങളും പുതിയ അണുനശീകരണ സമയം പാലിക്കാന്‍ ബാധ്യസ്ഥമാണ്.
  എല്ലാവരും എല്ലായ്‌പ്പോഴും മാസ്‌ക് ധരിക്കണം.
  എല്ലാവരും എല്ലായ്‌പ്പോഴും 2 മീറ്റര്‍ സാമൂഹിക അകലം പാലിക്കണം.
  രാജ്യത്തെത്തുന്ന മുഴുവന്‍ യാത്രക്കാരും 14 ദിവസത്തെ ക്വാറന്റീനില്‍ കഴിയണം.
  12 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍, 60 വയസിന് മുകളിലുള്ളവര്‍, വിട്ടുമാറാത്ത അസുഖങ്ങളുള്ളവര്‍ എന്നിവര്‍ക്ക് ഷോപ്പിംഗ് സെന്ററുകളിലേക്കും സിനിമാ തിയ്യറ്ററുകളിലേക്കും ജിമ്മുകളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
  അണുനശീകരണം തുടര്‍ച്ചയായി നടത്തണം. അണുനശീകരണത്തിനായുള്ള പാത്രങ്ങള്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കാനാകുന്നവയാവണം.
  നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നവര്‍ക്ക് മേല്‍ പിഴ ചുമത്തും.

  മഹാമാരിയുടെ സാഹചര്യത്തില്‍ ഫേസ് മാസ്‌കുകള്‍ ധരിച്ചും, രണ്ടു മീറ്റര്‍ ശാരീരിക അകലം പാലിച്ചും, സാനിറ്റൈസറുകള്‍ ഉപയോഗിച്ചും, സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റ് സ്ഥിരമായി കൈ കഴുകിയും മുന്‍കരുതല്‍ നടപടികളെടുത്തു കൊണ്ടു തന്നെ സുപ്രധാന മേഖലകളില്‍ തടസ്സമില്ലാതെ പ്രവര്‍ത്തനങ്ങളുണ്ടാവുക എന്ന ലക്ഷ്യാര്‍ത്ഥമാണ് പുതിയ നീക്കങ്ങളെന്ന് ശൈഖ് ഹംദാന്‍ വിശദീകരിച്ചു.
  മുന്‍കരുതല്‍ നടപടികളെ കുറിച്ച് സമൂഹ ബോധവത്കരണം അത്യാവശ്യമാണെന്ന് ശൈഖ് ഹംദാന്‍ അധികൃതരെ ഓര്‍മിപ്പിച്ചു.
  ”എല്ലാവര്‍ക്കും ഉത്തരവാദിത്തം” എന്ന ദുബൈ ഭരണാധികാരിയുടെ പ്രസ്താവന ഉദ്ധരിച്ച് മുന്‍കരുതല്‍ നടപടികള്‍ കണിശമായി പിന്തുടരണമെന്ന് സമൂഹം മനസ്സിലാക്കണമെന്ന് ശൈഖ് ഹംദാന്‍ പറഞ്ഞു.
  കോവിഡ് 19 കാരണമായി പല മേഖലകളിലും സമ്മര്‍ദമുണ്ടെന്ന് ബോധ്യമുണ്ടെന്ന് പറഞ്ഞ ശൈഖ് ഹംദാന്‍, ഏത് വെല്ലുവിളികളെയും വൈതരണികളും മറികടക്കാനും അതിജയിക്കാനും യുഎഇ സമൂഹത്തിന് ഉയര്‍ന്ന നൈസര്‍ഗിക ശേഷിയുണ്ടെന്നും അഭിപ്രായപ്പെട്ടു. കോവിഡ് 19ന്റെ കനത്ത ആഘാതം ലോക രാജ്യങ്ങള്‍ നേരിട്ടനുഭവിക്കുകയാണ്. പരിവര്‍ത്തനത്തിലൂടെയും ഊര്‍ജസ്വലതയിലൂടെയും സന്ദര്‍ഭങ്ങളെ സക്രിയമായി കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് നമ്മുടെ വ്യത്യസ്തത. വെല്ലുവിളികള്‍ നിറഞ്ഞ ഈ സാഹചര്യങ്ങളെ നേരിടാനുള്ള ആവശ്യമായ ഘങ്ങള്‍ നമ്മുടെ കൈവശമുണ്ട്. എത്രയും വേഗത്തില്‍ ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ സമൂഹത്തിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ഒന്നിച്ചു നില്‍ക്കാനാകുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് ശൈഖ് ഹംദാന്‍ പറഞ്ഞു.