ദുബൈ: കോവിഡ് 19 പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ പ്രവാസികള്‍ക്ക് യുഎഇയിലെ തൊഴില്‍
നിയമങ്ങളില്‍ സാന്ദര്‍ഭികമായി വന്ന ഭേദഗതികളെ കുറിച്ച് സംവദിക്കാന്‍ ദുബൈ കെഎംസിസി ലീഗല്‍
സെന്റര്‍ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ വെബിനാര്‍ സംഘടിപ്പിച്ചു. ദുബൈ കമ്യൂണിറ്റി ഡെവലപ്മെന്റ്
അഥോറിറ്റിയുടെ അനുമതിയോടെയാണ് യുഎഇയിലെ പ്രമുഖ അഭിഭാഷകരുടെ നേതൃത്വത്തില്‍ വെബിനാര്‍
നടത്തിയത്. വിവിധ സ്ഥലങ്ങളില്‍ നിന്നും തൊഴിലാളികളും തൊഴിലുടമകളുമായ നൂറുകണക്കിനാളുകള്‍ തൊഴില്‍, പാസ്പോര്‍ട്ട്, വിസ, യാത്ര, താമസം, ബിസിനസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമ പ്രശ്നങ്ങള്‍ അഭിഭാഷകരുമായി മുഖാമുഖം സംവദിച്ച് പരിഹാര മാര്‍ഗങ്ങള്‍ ആരാഞ്ഞു. ദുബൈ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ നാട്ടില്‍ നിന്നും പങ്കെടുത്ത് വെബിനാര്‍ ഉദ്ഘാടനം ചെയ്തു. ലീഗല്‍ സെന്റര്‍ ചെയര്മാന് അഡ്വ. ഇബ്രാഹിം ഖലീല്‍ പരിപാടി നിയന്ത്രിച്ചു. അഡ്വ. അഷ്റഫ്, അഡ്വ. മുഹമ്മദ് റാഫി, അഡ്വ. ഫൈസല്‍, അഡ്വ. അനുരാധ, അഡ്വ. ഷീല തോമസ് പങ്കെടുത്തു. അഡ്വ. നാസിയ സ്വാഗതവും അഡ്വ. മുഹമ്മദ് സാജിദ് നന്ദിയും പറഞ്ഞു.