വത്വന്‍ അല്‍ ഇമാറാത് 10 മില്യന്‍ ഫുഡ് കിറ്റ്: വിതരണത്തിന് ദുബൈ കെഎംസിസി വളണ്ടിയര്‍ ടീം

1392

ദുബൈ: ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്‌ളോബല്‍ ഇനീഷ്യേറ്റീവിന്റെ ഭാഗമായുള്ള 10 മില്യന്‍ ഭക്ഷണക്കിറ്റ് വിതരണത്തിലും സജീവ സാന്നിധ്യമറിയിച്ച് ദുബൈ കെഎംസിസി വളണ്ടിയര്‍മാര്‍.
വത്വന്‍ അല്‍ ഇമാറാത്, ദുബൈ ആരോഗ്യ വകുപ്പ്, ദുബൈ പൊലീസ്, നാഷണല്‍ സെക്യൂറിറ്റി തുടങ്ങിയ വകുപ്പുകളുടെ കോവിഡ് 19 പ്രതിരോധ-സാമൂഹിക-അവബോധ-സേവന പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ രണ്ടു മാസമായി ദുബൈ കെഎംസിസി ഔപചാരികമായി പങ്കു ചേര്‍ന്നിരിക്കുകയാണ്. യുഎഇയിലെ ആറു സ്വദേശി സന്നദ്ധ സംഘങ്ങള്‍ക്കൊപ്പം ദുബൈ കെഎംസിസിയെ കൂടി ഉള്‍പ്പെടുത്തി നേരത്തെ ദുബൈ മീഡിയ ഓഫിസ് വാര്‍ത്താ കുറിപ്പ് നല്‍കിയിരുന്നു.
പുതിയ പദ്ധതി പ്രകാരം പതിനായിരക്കണക്കിന് ഭക്ഷണപ്പൊതികളാണ് കെഎംസിസി വളണ്ടിയര്‍ ടീം വിതരണം ചെയ്യുന്നത്. സ്വന്തം നിലയില്‍ കുടുംബങ്ങള്‍ക്കും ബാച്ചിലേഴ്‌സ് റൂമുകളിലും ദിനേന എത്തിച്ചു നല്‍കുന്ന ആയിരക്കണക്കിന് ഭക്ഷണക്കിറ്റുകള്‍ക്ക് പുറമെയാണിത്. ഇതിനകം ഒരു മില്യന്‍ ഭക്ഷണപ്പൊതികള്‍ കെഎംസിസി ഹെല്‍പ് ഡെസ്‌കുകള്‍ വഴി വിതരണം ചെയ്ത് കഴിഞ്ഞതായി കെഎംസിസി ഓഫീസ് അറിയിച്ചു.
വത്വന്‍ അല്‍ ഇമാറാത് 10 മില്യന്‍ ഫുഡ് കിറ്റ് വിതരണത്തില്‍ പങ്കാളിത്തം വഹിക്കാന്‍ അവസരമുണ്ടായതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് ദുബൈ കെഎംസിസി സംസ്ഥാന നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ അക്കാദമിയില്‍ നടന്ന ചടങ്ങില്‍ വത്വന്‍ അല്‍ ഇമാറാത് ഓഫീസര്‍ സലീം ഷാ, ദുബൈ കെഎംസിസി ഭാരവാഹികളായ മുസ്തഫ വേങ്ങര, മുസ്തഫ തിരൂര്‍ എന്നിവര്‍ക്ക് വിതരണത്തിനുള്ള ലിസ്റ്റ് കൈമാറി. ഹംസ തൊട്ടി, അഡ്വ. ഇബ്രാഹിം ഖലീല്‍, ഒ.മൊയ്തു, കെ.പി.എ സലാം, വളണ്ടിയര്‍ ടീം അംഗങ്ങളായ സിറാജ് തലശ്ശേരി, മുഹമ്മദ് കുട്ടി തിരൂരങ്ങാടി, അസ്ബുദ്ദീന്‍ വേങ്ങര, സിറാജ് വേങ്ങര, സമീര്‍ വേങ്ങാട്, ശുഹൂദ് തങ്ങള്‍, സൈതലവി മാറാക്കര, ഫാസില്‍, മുബഷിര്‍ തിക്കോടി എന്നിവര്‍ സംബന്ധിച്ചു.