നിറയെ പ്രവര്‍ത്തനങ്ങള്‍; മാതൃക സൃഷ്ടിച്ച് ദുബൈ കെഎംസിസി വനിതാ വിംഗ്

ദുബൈ: റമദാനില്‍ നിറയെ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച് മാതൃക സൃഷ്ടിച്ച് ദുബൈ വനിതാ കെഎംസിസി വിഭാഗം . കോവിഡ് 19ന്റെ പ്രതിസന്ധി മറികടക്കാന്‍ കുടുംബങ്ങള്‍ക്ക് കൈത്താങ്ങ് പകരുന്നതിനിടക്ക് വന്നണഞ്ഞ വിശുദ്ധ മാസത്തിലും കാരുണ്യ പ്രവര്‍ത്തനങ്ങളുടെ അളവ് വര്‍ധിപ്പിച്ചാണ് ഈ മുന്നേറ്റം സാധിതമാക്കിയത്. സമൂഹത്തില്‍ ഏവരുടെയും പ്രശംസ പിടിച്ചു പറ്റുന്ന വിധത്തില്‍ നടന്ന ഈ നീക്കങ്ങള്‍ ഫലപ്രദമായെന്നത് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ചാരിതാര്‍ത്ഥ്യം പകരുന്നു.
റമദാനില്‍ മൂന്ന് ഘട്ടങ്ങളായി ഭക്ഷണ കിറ്റുകള്‍ വിതരണം യ്യൊന്‍ കെഎംസിസി വനിതാ വിംഗിന് കഴിഞ്ഞു. അര്‍ഹതപ്പെട്ട കുടുംബങ്ങളെ കണ്ടെത്തി അവരുടെ വീടുകളില്‍ ഭക്ഷണ സാധനങ്ങള്‍ എത്തിച്ചും ആവശ്യമുള്ളവര്‍ക്ക് മരുന്നുകള്‍ എത്തിച്ചു കൊടുത്തും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയും മികച്ച രീതിയിലാണ് പ്രവര്‍ത്തിച്ചത്.
ആദ്യ ഘട്ടത്തില്‍ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ പദ്ധതിയുമായി സഹകരിച്ചായിരുന്നു കിറ്റുകള്‍ ദുബൈയില്‍ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തത്. രണ്ടാം ഘട്ടത്തില്‍ പ്രമുഖ ഹൈപര്‍ മാര്‍ക്കറ്റ് ഗ്രൂപ്പായ നെസ്‌റ്റോയുമായി സഹകരിച്ച് ദുബൈയിലും ഷാര്‍ജയിലുമുള്ള ആവശ്യക്കാരെ കണ്ടെത്തി വിതരണം ചെയ്യുകയുമുണ്ടായി.
അവസാന ഘട്ടത്തില്‍ പ്രമുഖ വ്യവസായി സി.കെ അബ്ദുല്‍ മജീദിന്റെ ഭാര്യ നിസാ മജീദിന്റെ സഹായത്തോടെ സജാ ലേബര്‍ ക്യാമ്പില്‍ തുടര്‍ച്ചയായി രണ്ടു ദിവസം ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യാനും വനിതാ വിംഗിന് സാധിച്ചു.
ഇതിനൊക്കെ പുറമെ, നാട്ടിലും അര്‍ഹതപ്പെട്ടവരെ കണ്ടെത്തി വയനാട് ജില്ലാ ഗ്‌ളോബല്‍ കെഎംസിസിയുടെ ‘കൈത്താങ്ങ്’ എന്ന പദ്ധതിയുമായി സഹകരിച്ച് ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യുകയുമുണ്ടായി. വനിതാ വിംഗ് രക്ഷാധികാരികളായ ഷംസുന്നിസ ഷംസുദ്ദീന്‍, നസീമ അസ്‌ലം എന്നിവരുടെയും പ്രവര്‍ത്തകരുടെയും സഹായത്തോട് കൂടിയാണ് ഇത് സാധിച്ചത്.
പ്രസിഡന്റ് സഫിയ മൊയ്തീനും സെക്രട്ടറി അഡ്വ. നാസിയ ഷബീറും കോഓര്‍ഡിനേറ്റര്‍ സറീന ഇസ്മായിലും ദുബൈയില്‍ നേതൃത്വം കൊടുത്തും, നാട്ടില്‍ നിന്ന് ജന.സെക്രട്ടറി റീന സലീമും ട്രഷറര്‍ നജ്മ സാജിദും ഏകോപനം ചെയ്തുമാണ് പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നത്.