ദുബായിയില്‍ നിന്നെത്തിയ ഗര്‍ഭിണിക്കും കോവിഡ്

56
ഉറ്റവരിലേക്ക്... ഡല്‍ഹിയില്‍ നിന്നുളള നോണ്‍ സ്റ്റോപ്പ് ട്രെയിനില്‍ ഇന്നലെ കോഴിക്കോട് റെയില്‍വെസ്റ്റേഷനില്‍ എത്തിയവര്‍

ജില്ലയില്‍ 406 പേര്‍ കൂടി നിരീക്ഷണത്തില്‍; ആസ്പത്രിയില്‍ 33 പേര്‍

കോഴിക്കോട്: ജില്ലയില്‍ ഒരു കോവിഡ് പോസിറ്റീവ് കേസ് കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. നരിപ്പറ്റ സ്വദേശിനിയായ 30 വയസ്സുള്ള ഗര്‍ഭിണിക്കാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 8 ന് പുലര്‍ച്ചെ 2 മണിക്ക് ദുബായ് കോഴിക്കോട് വിമാനത്തില്‍ കരിപ്പൂരില്‍ എത്തിയതായിരുന്നു.
സ്വകാര്യ വാഹനത്തില്‍ വീട്ടിലെത്തുകയും തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയുമായിരുന്നു. മെയ് 12 ന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയും സ്രവ സാംപിള്‍ പരിശോധനയില്‍ പോസിറ്റീവ് ആവുകയും ചെയ്തു.
ഇപ്പോള്‍ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്. ഇവരെകൂടാതെ ഒരു കോഴിക്കോട് സ്വദേശിയും ഒരു മലപ്പുറം സ്വദേശിയും കോവിഡ് പോസിറ്റീവ് ആയി മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലുണ്ട്. ഇന്നലെ 78 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 2596 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2477 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 2444 എണ്ണം നെഗറ്റീവ് ആണ്. സാമ്പിളുകളില്‍ 119 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
ജില്ലയില്‍ പുതുതായി വന്ന 406 പേര്‍ ഉള്‍പ്പെടെ 4323 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ നിരീക്ഷണം പൂര്‍ത്തിയാക്കിയത് 23217 പേരാണ്. ഇന്നലെ വന്ന 21 പേര്‍ ഉള്‍പ്പെടെ 33 പേരാണ് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 12 പേര്‍ ആസ്പത്രി വിട്ടു. ഇന്നലെ വന്ന 107 പേര്‍ ഉള്‍പ്പെടെ ആകെ 384 പ്രവാസികളാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 159 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററുകളിലും 211 പേര്‍ വീടുകളിലുമാണ്. 14 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 55 പേര്‍ ഗര്‍ഭിണികളാണ്.