സഫിയ മൊയ്ദീന്
(പ്രസിഡണ്ട്, ദുബൈ കെഎംസിസി വനിതാ വിഭാഗം)
രാവും പകലും ചേര്‍ന്നാല്‍ ഒരു ദിനം. വേനലും വര്‍ഷവും ചേര്‍ന്നാല്‍ ഒരു കൊല്ലം. ദിനത്തിനും വര്ഷത്തിനുമെന്ന പോലെ കാലത്തിനുമുണ്ട് രണ്ടു വശങ്ങള്. സന്തോഷ കാലവും സന്താപ കാലവും. നല്ല കാലങ്ങളെ നാം ആഘോഷിക്കാറുണ്ട്. അപ്പോള്‍, പരീക്ഷണ കാലത്തെ നാം എങ്ങനെയാണ് അഭിസംബോധന ചെയ്യുക?!
”നിങ്ങള്‍ കാലത്തെ പഴിക്കരുത്” എന്നാണ് വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആന്‍ പറയുന്നത്. ഞാന്‍ തന്നെയാണ് കാലം എന്നതാണ് ദൈവ കല്പന. അപ്പോള്‍, വിശ്വാസി എന്ത് കരുതണം? അവിടെയാണ് പുണ്യ നബിയുടെ അധ്യാപനം പ്രസക്തമാകുന്നത്. ”വിശ്വാസിയുടെ സംഗതി അത്ഭുതകരമാണ്. നല്ലതും അല്ലാത്തതും അവര്‍ക്ക് പുണ്യം തന്നെ. നന്മ വന്നാല്‍ അവന് നന്ദി പ്രകടിപ്പിക്കും. തിന്മ വന്നാലോ, അവന് ക്ഷമിക്കും”.
ഈ കൊറോണ കാലം കെട്ട കാലം എന്ന് വാദിക്കുന്നവരോടാണ് ഇത്രയും സൂചിപ്പിച്ചത്. അതേസമയം, ഇത് പുണ്യങ്ങളുടെ പൂക്കാലമാണ്. വിശുദ്ധ റമദാന് നന്മക്ക് പതിനായിരക്കണക്കിന് പുണ്യം ചാര്‍ത്തപ്പെടുന്ന കാലഘട്ടമാണ്. വിശ്വാസിക്ക് ഈ കാലയളവ് നഷ്ടങ്ങളുടേതല്ല, മറിച്ച് സൃഷ്ടിച്ചെടുക്കാവുന്ന ലാഭങ്ങളുടെ കാലമാണ് എന്നാണ് യഥാര്‍ത്ഥ വിശ്വാസി ചിന്തിക്കേണ്ടത്.
കൊറോണ ഭീഷണിയില്‍ നിന്ന് മുക്തരായിട്ടില്ല നാം. രോഗബാധയുടെ വ്യാപ്തിയും നഷ്ടങ്ങളുടെ ആഴവും സാമൂഹിക ചുറ്റുപാടിന്റെ വിടവും കണക്കാന് ആവുന്നതല്ല. എന്നിട്ടും, സമൂഹം ഒറ്റക്കെട്ടായി യുദ്ധം ചെയ്യുകയാണ്. അതും, കാണാന്‍ കഴിയാത്ത ശത്രുവിനോട്. ആയുധങ്ങളില്ലാത്ത യുദ്ധം. ശത്രു അദൃശ്യനെങ്കില് ഒളിഞ്ഞിരിക്കുന്നതാണ് ബുദ്ധി എന്നതാണ് ചാണക്യ തന്ത്രം. കോവിഡ് 19 ബാധിക്കാത്ത ഒറ്റ മനുഷ്യനും ഭൂലോകത്തുണ്ടാവില്ല. ചിലര്‍ക്ക് നേരിട്ട് ശരീരത്തെ ബാധിച്ചിരിക്കുന്നു. മറ്റു ചിലര്‍ക്ക് മനസ്സിനെയാവാം. വേറെ ചിലര്‍ക്ക് ജോലിയെയും, പിന്നെയും വേറെ പലര്‍ക്കും വ്യവഹാരങ്ങളെയും ബാധിച്ചിരിക്കുന്നു. അങ്ങനെയങ്ങനെ, ഓരോ മനുഷ്യനെയും ഗ്രസിച്ച്, സമൂഹങ്ങളെ കവര്‍ന്ന്, രാഷ്ട്രങ്ങളെ പിടിച്ചുലച്ച് മുന്നേറുകയാണീ മഹാമാരി. എന്നിട്ടും, മാനസിക അടുപ്പം വിടാത്ത, ‘സാമൂഹിക അകലം’ എന്ന പുതിയ പ്രത്യയശാസ്ത്രത്തിലൂടെയാണ് നാം അതിനെ നേരിടുന്നത്. ആരാധനാലങ്ങളില്‍ കടക്കാതെ പ്രാര്‍ത്ഥിച്ചും, വിദ്യാലയങ്ങളില്‍ പോകാതെ പഠിച്ചും, നവ മാധ്യമങ്ങളിലൂടെ സാമ്പത്തിക വ്യവഹാരം നടത്തിയും സമൂഹം ഇന്നേ വരെ ദര്‍ശിച്ചിട്ടില്ലാത്ത ദശാസന്ധിയിലൂടെ ലോകം കടന്നു പോകുന്നു. വനിതകളെന്ന നിലയില്‍, കുടുംബിനികളെന്ന പരിപ്രേക്ഷ്യത്തില്‍, അതിലുപരിയായി സാമൂഹിക പ്രവര്‍ത്തകരെന്ന തലത്തില്‍ ഇവിടെ വസിക്കുന്ന ഞങ്ങള്‍, ഏറ്റെടുത്തത് ഭാരിച്ച ഉത്തരവാദിത്തമാണ്. ഒരുപക്ഷെ, ദുബൈയില്‍ കോവിഡ് ബാധിക്കുന്നതിന് മുന്‍പ് തന്നെ ആകുലതയുടെ വിളികള്‍ നാട്ടില്‍ നിന്നും വന്നുകൊണ്ടിരുന്നു. വനിതാ ലീഗ് സംസ്ഥാന നേതാക്കളായ സുഹ്റ മമ്പാടും കുല്‍സു ടീച്ചറും ദുബൈ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിലും അടക്കമുള്ള പലരും നിരന്തരം ബന്ധപ്പെടുന്നുണ്ടായിരുന്നു. ബാധിക്കാനിരിക്കുന്ന പ്രയാസം ആഴ്ചകള്‍ക്ക് മുന്‍പേ നാട്ടിലെ അടുക്കളകളില്‍ നിന്നും മനസ്സിലാക്കിക്കൊണ്ടുള്ളതായിരുന്നു, നേതാക്കളുടെ ഫോണ്‍ കോളുകളുടെ സാരം.
കഴിഞ്ഞ രണ്ടു മാസമായി ഞങ്ങള്‍ കാണുന്നത് വ്യത്യസ്തമായ പ്രശ്ങ്ങളാണ്. കോവിഡ് ബാധിച്ചയാളുടെ ഭാര്യയുടെ രോദനം. ജോലി നഷ്ടപ്പെട്ട കുടുംബത്തിലെ പ്രയാസം. രോഗബാധിതരുടെ നാട്ടിലെ ബന്ധുക്കളുടെ കണ്ണീര് വിളികള്‍. പഠനം നിലച്ച വിദ്യാര്‍ത്ഥിനികളുടെ സങ്കടം. വീടുകളിലെ ഗര്‍ഭിണികളുടെ തേങ്ങല്‍, വിശപ്പ് മാടി വിളിക്കുന്ന കുടുംബത്തിന്റെ സങ്കടക്കടല്‍… ഈ സാഹചര്യത്തെ നേരിടാന്‍ രൂപരേഖ തയാറാക്കി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. വിവിധ എമിറേറ്റുകളിലെ വനിതാ നേതാക്കളുമായി കൂടിയാലോചന നടത്തി വിവരങ്ങള്‍ കൈമാറി. വിമാന സര്‍വീസ് റദ്ദാക്കുന്നതിന് മുന്‍പ് നാട്ടിലകപ്പെട്ട ദുബൈ കെഎംസിസി വിമന്‍സ് വിംഗ് സെക്രട്ടറി റീന ടീച്ചര്‍, ട്രഷറര്‍ നജ്മ സാജിദ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നാട്ടിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നിര്‍ദേശങ്ങള്‍ നല്കിക്കൊണ്ടിരുന്നു. ദുബൈയില്‍ പ്രവര്‍ത്തകരെ പ്രധാനമായും ഭക്ഷ്യ വിതരണം, മെഡിക്കല്‍ ഹെല്പ്, ഹോം കൗണ്‍സലിംഗ് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളാക്കി മാറ്റി. അഡ്വ. നാസിയ, സറീന ഇസ്മായില്‍, റാബിയ സത്താര്‍ എന്നിവര്‍ക്കാണ് ചുമതല ഏല്‍പ്പിച്ചത്. വിഭവ സമാഹരണത്തിനും ഉപദേശ-നിര്‍ദേശങ്ങള്‍ക്കും മുന്‍നിരയില്‍ ഷംസുന്നിസ ഷംസുദ്ദീന്, നസീമ അസ്ലം എന്നിവരുടെയും, നിസാ മജീദ് ഉള്‍പ്പെടെയുള്ളവരുടെയും കൈത്താങ്ങ് കൊണ്ടു കൂടിയാണ് ഈ സംരംഭം ഞങ്ങള്‍ക്ക് വിജയിപ്പിക്കാനായത്. ദിവസങ്ങള്‍ കഴിയും തോറും ആവശ്യക്കാരും ആകുലതക്കാരും വര്‍ധിച്ചു കൊണ്ടിരുന്നു. അതോടൊപ്പം തന്നെ, കുടുംബത്തിന്റെ ഉത്തരവാദിത്തവും വിശിഷ്യാ, റമദാന് കൂടിയാകുമ്പോള്‍ കൂടിക്കൂടി വന്നു. വലിയ പ്രിതിസന്ധികളെ തരണം ചെയ്തു തന്നെയാണ് പ്രവര്‍ത്തകര്‍ മുന്നോട്ടു പോയത്. ദുബൈ കെഎംസിസിയിലെ എന്റെ സഹപ്രവര്‍ത്തകരെ ഞാന്‍ അഭിനന്ദിക്കുകയാണ്. മുല കുടിക്കുന്ന കുഞ്ഞുങ്ങളെ വീട്ടിലുറക്കിയാണ് അവര്‍ കര്‍മ രംഗത്തിറങ്ങിയത്. കൈക്കുഞ്ഞുമായി സാമൂഹിക പ്രവര്‍ത്തനം നടത്തുന്ന വനിതാ കെഎംസിസി പ്രവര്‍ത്തകരുടെ വാര്‍ത്ത ഇംഗ്ളീഷ് പത്രങ്ങളിലും സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായി. ശ്രദ്ധേയ പ്രവര്‍ത്തനങ്ങള്‍ക്ക് ഞങ്ങളെ പ്രാപ്തരാക്കിയത് ഞങ്ങളുടെ ഭര്ത്താക്കന്മാരും പിന്തുണ നല്കുന്ന കുടുംബവുമാണ്. കെഎംസിസി ഭാരവാഹിയെന്ന നിലയില്‍ അനുമോദനവും നന്ദിയും അറിയിക്കുകയാണ്. ശാരീരിക-സാമ്പത്തിക-മാനസിക പ്രയാസങ്ങളനുഭവിക്കുന്നവര്‍ക്ക് അവരെ വിളിച്ച് സാന്ത്വനപ്പെടുത്തി ചേര്‍ത്തു പിടിക്കാനും ധൈര്യം പകരാനും ഞങ്ങള്‍ക്ക് കഴിഞ്ഞു. മാനസിക സമ്മര്‍ദവും പ്രയാസവുമനുഭവിക്കുന്നവര്ക്ക് ദുബൈയിലെ മന:ശാസ്ത്ര വിദഗ്ധരെ സൗജന്യമായി ബന്ധപ്പെടുത്തിക്കൊടുക്കാനും ഞങ്ങള്‍ക്കാകുന്നുണ്ട്.
ഞങ്ങളോട് സഹകരിച്ച നിരവധി വ്യവസായ സംരംഭകരെ നന്ദിപൂര്‍വം സ്മരിക്കുകയാണ്. കെഎംസിസി നേതാക്കളായ ഷംസുദ്ദീന് മുഹ്യുദ്ദീന്‍, പുത്തൂര്‍ റഹ്മാന്, ഇബ്രാഹിം എളേറ്റില്‍, മുസ്തഫ വേങ്ങര, മുസ്തഫ തിരൂര്‍, അന്‍വര്‍ നഹ അടക്കമുള്ള നേതാക്കളുടെ ദുരന്ത നിവാരണ വൈദഗ്ധ്യം ദുബൈ കെഎംസിസിയെ അംഗീകാരത്തിന്റെ നിറവിലാക്കിയിരിക്കുകയാണ്. ഇത്തരം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സഹകരണത്തോടെ നിരവധിയാളുടെ വിശപ്പും നെടുവീര്‍പ്പും മാറ്റാന്‍ ഞങ്ങള്‍ക്കായി എന്നതില്‍ അനല്പമായ ചാരിതാര്‍ത്ഥ്യമുണ്ട്. ദുബൈയിലെ സേഹാദരിമാരോട് ഒന്നേ പറയാനുള്ളൂ, ഞങ്ങളുണ്ട് കൂടെ. പ്രസിദ്ധമായ വാക്യം പോലെ ‘ഈ സമയവും കടന്നു പോകും, ശാന്തരാവുക, സമാധാനമാവുക. വിശുദ്ധ ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നത് ഇങ്ങനെയാണ്: ”ഭയം, പട്ടിണി, ധന നഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന കുറച്ചൊക്കെ നിങ്ങളെ ഞാന്‍ പരീക്ഷിക്കുക തന്നെ ചെയ്യും. ഈ സമയം ക്ഷമിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത അറിയിക്കുക”. ദൈവത്തിന്റെ കരുണയും സമാധാനവും എല്ലാവരിലും സദാ വാര്‍ഷിക്കുമാറാകട്ടെ, ആമീന്‍.