കോവിഡ് ബാധിതരെയും കുടുംബങ്ങളെയും  തലോടി ‘സഹാറ 2020’ പെരുന്നാള്‍ സമ്മാനം

ദുബൈ: കാസര്‍കോട് ജില്ലയില്‍ കോവിഡ് ബാധിച്ച് സുഖപ്പെട്ടവരെയും അവരുടെ കുടുംബങ്ങളെയും ജാതി-മത വേര്‍തിരിവുകളില്ലാതെ ഈദ് സമ്മാനങ്ങള്‍ നല്‍കി ജില്ലാ കെഎംസിസി ആദരിച്ചു. ജില്ലാ കമ്മിറ്റിയുടെ ഈ വര്‍ഷത്തെ റിലീഫ് പദ്ധതിയായ ‘സഹാറ 2020’ല്‍ ഉള്‍പ്പെടുത്തിയാണ് ഇത്തരമൊരു സമ്മാനപ്പെരുമഴ ഒരുക്കിയത്. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം മുസ്‌ലിം ലീഗ് ജില്ലാ ജന.സെക്രട്ടറി എ.അബ്ദുല്‍ റഹിമാന്റെ വസതിയില്‍ വെള്ളിയാഴ്ച ഉച്ചക്ക് നടന്ന ലളിത ചടങ്ങില്‍ നിര്‍വഹിച്ചു. കോവിഡ് 19 എന്ന വൈറസ് ലോകത്താകമാനം പടര്‍ന്നു പിടിച്ചപ്പോള്‍ വൈദേശിക സമ്പര്‍ക്ക മണ്ണായ കേരളത്തിലും വൈറസ് ബാധ എത്തുകയും അതിവേഗം അത് പടര്‍ന്നു പിടിക്കുകയും ചെയ്തു. എന്നാല്‍, ഈ രോഗ സംക്രമണത്തെ വംശീയമായും പ്രാദേശികമായും ചിത്രീകരിച്ച് അസഹിഷ്ണുതകള്‍ സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ നീക്കങ്ങളാണ് പല ഭാഗങ്ങളില്‍ നിന്നുമുണ്ടായത്. അതിപ്പോഴും തുടരുകയുമാണ്. ഇന്ത്യയിലെ തന്നെ ആദ്യ ഹോട്‌സ്‌പോട്ടായ കാസര്‍കോട് ജില്ലയെ പല നിലക്കും അവഹേളിക്കാനും സമൂഹ മധ്യത്തില്‍ താറടിച്ചു കാട്ടാനും അധികാര കേന്ദ്രങ്ങളില്‍ നിന്ന് തന്നെ വലിയ ശ്രമങ്ങളുണ്ടായി. നിര്‍ഭാഗ്യവശാല്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ ഏറെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയായ കാസര്‍കോടിനെ അനുസരണയില്ലാത്തവരെന്നും വൈറസ് വാഹകരെന്നും മുദ്ര കുത്തി ലോകത്തിന് മുന്നില്‍ ഏറെ അപമാനിച്ചു. പലരുടെയും ശാപവാക്കുകളും കുത്തുവാക്കുകളും ഏല്‍ക്കേണ്ടി വന്ന ജില്ലയാണ് കാസര്‍കോട്. എന്നാല്‍, അതിവേഗം രോഗവ്യാപനം തടയുകയും കോവിഡ് ബാധിതരായ മുഴുവന്‍ രോഗികളും മുക്തി നേടി ലോകത്തിന് മുന്നില്‍ അത്ഭുതമായി മാറുകയും ചെയ്യാന്‍ അധിക നാളുകള്‍ വേണ്ടി വന്നില്ല. നിന്ദ്യതയില്‍ നിന്നും രാഷ്ട്രീയ/വംശീയ അധിക്ഷേപത്തില്‍ നിന്നുമൊക്കെ അതിവേഗം കര കയറി ജില്ല ലോകത്തിന് തന്നെ മാതൃകയായി ഉയര്‍ന്നു വന്നു. ഇവിടത്തെ ജനങ്ങളുടെ സ്വഭാവ മഹിമയും അനുസരണ മനോഭാവവും ഉത്കൃഷ്ട നിശ്ചയ ദാര്‍ഢ്യവും കൊണ്ടാണ് ഇത്ര വേഗത്തില്‍ പൂര്‍വാവസ്ഥ പ്രാപിക്കാന്‍ ജില്ലയെ സഹായിച്ചത്. അവഹേളനങ്ങള്‍ ഏല്‍പ്പിച്ച അതേ പൊതുസമൂഹത്തിന് മുന്നില്‍ നട്ടെല്ലോടെ, നെഞ്ചു നിവര്‍ത്തി ഏത് മഹാമാരിയെയും തങ്ങള്‍ അതിജീവിക്കും എന്ന് പ്രായോഗികമായി കാണിച്ചു കൊടുത്ത ഒരുപറ്റം മനുഷ്യരെയും അവരുടെ കുടുംബങ്ങളെയുമാണ് ഈദ് ദിനത്തില്‍ ജില്ലാ കെഎംസിസി സ്‌നേഹ സമ്മാനങ്ങള്‍ നല്‍കി ആദരിച്ചത്. എന്തു കൊണ്ടും ആദരിക്കപ്പെടേണ്ട സമൂഹമാണവര്‍.
തങ്ങളുടേതല്ലാത്ത കാരണത്താല്‍ രോഗം പിടിപെട്ടപ്പോള്‍ മാനസികമായി തളര്‍ത്തുകയും ശാരീരികമായി ഒറ്റപ്പെടുത്തുകയും ചെയ്തപ്പോള്‍ അതിനെയൊക്കെ അതിജയിച്ചു വന്നവരാണവര്‍. സമചിത്തതയോടെ, പ്രാര്‍ത്ഥനയോടെ അവര്‍ക്ക് ആത്മ ധൈര്യവും സാന്ത്വനവും പകര്‍ന്നവരാണ് അവരുടെ കുടുംബങ്ങളും ആരോഗ്യ പ്രവര്‍ത്തകരും. രോഗവും രോഗാവസ്ഥയും സ്വയം ആരും വരുത്തി വെക്കുന്നതല്ലെന്നും വംശീയമായും പ്രാദേശികമായും അതിനെ ചിത്രീകരിച്ച് മുതലെടുപ്പുകള്‍ നടത്തുന്നവരെ തിരിച്ചറിയണമെന്നും അത്തരക്കാരെ ഒറ്റപ്പെടുത്തണമെന്നും പൊതുസമൂഹത്തിന് ഒരു സന്ദേശം നല്‍കാന്‍ വേണ്ടിയാണ് കോവിഡ് കുടുംബങ്ങളെ ഈദ് സമ്മാനങ്ങള്‍ നല്‍കി ആദരിക്കാന്‍ ജില്ലാ കെഎംസിസി മുന്നോട്ട് വന്നതെന്ന് പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജന.സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ടി.ആര്‍ ഹനീഫ്, ഓര്‍ഗ.സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ എന്നിവര്‍ അറിയിച്ചു.
ദുബൈയില്‍ കോവിഡ് ബാധിത പ്രദേശങ്ങളിലും ലോക്ക്ഡൗണ്‍ഡിലും പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങളടക്കമുള്ള നിരവധിയാളുകള്‍ക്ക് ഭക്ഷണ കിറ്റ് എത്തിച്ചു നല്‍കിയും കോവിഡ് പ്രതിരോധ സേനയായി പ്രവര്‍ത്തിക്കുന്ന കെഎംസിസിയുടെയും സന്നദ്ധ സംഘടനകളുടെയും വളണ്ടിയര്‍മാര്‍ക്ക് കിറ്റുകള്‍ നല്‍കി ആദരിച്ചും ‘സഹാറ 2020’ പ്രവര്‍ത്തനങ്ങള്‍ പ്രവാസ ലോകത്തും സജീവമാണ്.
ജില്ലാ കെഎംസിസി ഭാരവാഹികളുടെ ഓണ്‍ലൈന്‍ യോഗത്തില്‍ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ഓര്‍ഗ.സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, ഭാരവാഹികളായ മഹ്മൂദ് ഹാജി പൈവളിക, സി.എച്ച് നൂറുദ്ദീന്‍, അഡ്വ. ഇബ്രാഹിം ഖലീല്‍, റഷീദ് ഹാജി കല്ലിങ്കാല്‍, അബ്ദുല്‍ റഹ്മാന്‍ പടന്ന, സലീം ചേരങ്കൈ, റാഫി പള്ളിപ്പുറം, യൂസുഫ് മുക്കൂട്, അഹമ്മദ് ഇ.ബി, ഹസൈനാര്‍ ബീജന്തടുക്ക, ഫൈസല്‍ മുഹ്‌സിന്‍, സലാം തട്ടാഞ്ചേരി, അബ്ബാസ് കെ.പി കളനാട്, അഷ്‌റഫ് പാവൂര്‍, ഹാഷിം പടിഞ്ഞാര്‍, ശരീഫ് പൈക്ക, എം.സി മുഹമ്മദ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ട്രഷറര്‍ ഹനീഫ ടി.ആര്‍ മേല്‍പറമ്പ് നന്ദി പറഞ്ഞു.