നിഷാദ് ഫുജൈറ
പതിവു പോലെയായിരുന്നില്ല ഇപ്രാവശ്യത്തെ റമദാന് വിശ്വാസികളെ തേടി വിരുന്നെത്തിയതും സല്ക്കരിക്കപ്പെട്ടതും. കൊറോണ വൈറസ് എന്ന മാരകാണുക്കള്‍ ലോകത്തിന്റെ മുഴുവന്‍ വ്യാകരണവും തിരുത്തിക്കുറിച്ചു. അധികാരം, ശക്തി, ആയുധം, കരുത്ത്, സമ്പന്നത, അധീശത്വം തുടങ്ങിയ എല്ലാ പദങ്ങളുടെയും അര്‍ത്ഥ വ്യാപ്തി എത്ര നിസ്സാരമാണെന്ന് പഠിപ്പിച്ചു. ലോകത്തെ കോവിഡ് മഹാമാരി കെട്ടിപ്പുണര്‍ന്നപ്പോള്‍ വികസിത, വികസ്വര, അവികസിത അന്തരമില്ലാതെ ലോകം ഒന്നായി ചുരുങ്ങി. എല്ലായിടങ്ങളിലും ഒരേ ഭയം! ഒരേ ചിന്ത! എല്ലാവരും നിസ്സഹായര്‍! ആരും ആരെക്കാളും കേമന്മാരല്ല എന്ന് അഞ്ചു മാസം കൊണ്ട് ലോകം പഠിച്ചു. കഴിഞ്ഞ അഞ്ചു നൂറ്റാണ്ടായി തുടരുന്ന അനീതിയില്‍ കെട്ടിപ്പടുത്ത ഒരു ലോകക്രമം ഇവിടെ നിലനില്‍ക്കുന്നുണ്ടായിരുന്നു.
ആഘോഷങ്ങളല്ലാം അസ്വസ്ഥ മാനസങ്ങളില്‍ കുളിര് മഴ പെയ്യിക്കുന്നു. എങ്കിലും, ലോകം കൊറോണയുടെ സങ്കടക്കടലില്‍ മുങ്ങിത്താഴുമ്പോള്‍ എങ്ങനെയാണ് പെരുന്നാള്‍ ആഘോഷിക്കുക എന്ന നിഷ്കളങ്ക ചോദ്യമുണ്ട് മുന്നില്‍!
മനുഷ്യ ജീവന് എന്തിനെക്കാളും വില കല്‍പ്പിക്കുന്ന മതമാണ് ഇസ്ലാം എന്നതിനാല്‍, സാംക്രമിക രോഗത്തെ തടയാന്‍ അത് അനിവാര്യമായതിനാല്‍, ദൈവിക കല്പന തന്നെയാണ് ഇതിലൂടെ ലോക മുസ്ലിംകള് ശിരസ്സാ വഹിക്കുന്നത്. ‘ഒരാളുടെ ജീവന് രക്ഷിച്ചവന് മുഴുവന്‍ മനുഷ്യരുടെയും ജീവന് രക്ഷിച്ചവനെ പോലെയാണ്’ എന്നാണല്ലോ ഖുര്‍ആന്റെ അനുശാസനം.
റമദാനിലെ പ്രധാന അനുഷ്ഠാനങ്ങളിലൊന്നായ തറാവീഹും പള്ളികളില്‍ ഈ വര്‍ഷം നടക്കുകയുണ്ടായില്ല. അതിന്റെ തുടര്‍ച്ച തന്നെയാണ് ഈദ് ഗാഹിലോ പള്ളികളിലോ പെരുന്നാള്‍ നമസ്കാരം നിര്‍വഹിക്കാന്‍ പറ്റാത്ത സാഹചര്യവും. വിഷമ സന്ധികളിലാണ് നാം പുഞ്ചിരിക്കുകയും ജീവിതത്തെ ക്ഷമയും ധീരതയും കൊണ്ട് നേരിടുകയും വേണ്ടത്. ഇത്തരം ആഘോഷ വേളകള്‍ മനസ്സിന് സന്തോഷവും സമാധാനവും പ്രദാനം ചെയ്യുന്നവയാണ്. പരിധികള്‍ ലംഘിക്കാതെ ആഘോഷിക്കുക എന്നത് കാലഘട്ടം കൂടി ആവശ്യപ്പെടുന്ന അനിവാര്യതയാകുന്നു.
ഉന്നതമായ സാമൂഹിക ബോധത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും പ്രകടനം കൂടിയാണ് പെരുന്നാള്‍ എന്നറിയുമ്പോഴാണ് ഈ ആഘോഷ വേളകള്‍ക്ക് കോവിഡ് കാലത്ത് എന്ത് മാത്രം പ്രസക്തിയുണ്ട് എന്ന് നാം തിരിച്ചറിയുന്നത്!
വിരസമായി ആചരിക്കേണ്ട ആഘോഷങ്ങളില്ലാത്ത, ആത്മാവില്ലാത്ത ഒന്നല്ല പെരുന്നാളുകള്‍. അങ്ങനെയൊരാഘോഷം എവിടെയും കാണാന്‍ കഴിയില്ല. കോവിഡ് കാലത്തെ ആഘോഷ വേളകള്‍ എങ്ങനെയാണ് കൊണ്ടാടപ്പെടേണ്ടത് എന്നതിന് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ മതം നല്‍കുന്നുണ്ട്. കൊറോണക്കാലത്ത് എവിടെയും ആഘോഷങ്ങളില്ല. ആഘോഷം എന്ന പദത്തിന്റെ നിര്‍വചനങ്ങള്‍ക്ക് ചില പ്രശ്നങ്ങളുണ്ട്. നമ്മുടെ മുന്‍വിധികളില്‍ കെട്ടിപ്പടുത്ത ഒരു വാര്‍പ്പു മാതൃകയുണ്ടതിന്. മുതലാളിത്ത ആഘോഷ മാതൃകകളില്‍ സ്വന്തം ശരീരത്തിന്റെ ആഗ്രഹങ്ങള്‍ക്കാണ് പരമ സ്ഥാനം. എന്നാല്‍, വിശ്വാസി കൊറോണക്കാലത്ത് അത് തിരുത്തുന്നുണ്ട്. റമദാന് വ്രതക്കാലത്ത് കൂടുതല്‍ ആര്‍ദ്രതയും കാരുണ്യവും വിളക്കിച്ചേര്‍ത്ത് ആത്മീയ ആഘോഷത്തിന്റെ മറ്റൊരു തലം രചിക്കുന്നുണ്ട്.
ശഹീദ് സയ്യിദ് ഖുതുബ് സഹോദരി അമീനക്കയച്ച കത്തുകളുടെ സമാഹരമായ ‘അഫ്റാഹു റൂഹ്’ (ആത്മാവിന്റെ ആനന്ദങ്ങള്‍) എന്ന പുസ്തകത്തില്‍ ഇങ്ങനെ കുറിക്കുന്നു: ‘നാം നമുക്ക് വേണ്ടി മാത്രമായി ജീവിക്കുമ്പോള്‍ നമ്മുടെ ജീവിതം ഏറെ ചുരുങ്ങിപ്പോവുകയും ഇടുക്കമുള്ളതായിത്തീരുകയും ചെയ്യുന്നു. നാം അപരര്‍ക്കായി ജീവിക്കുമ്പോള്‍ ഒരു ജീവിതം അധികം ജീവിക്കുന്നു’.
വിശ്വാസിക്ക് ജീവിതം സ്വന്തത്തിനു വേണ്ടി മാത്രമായുള്ളതല്ല. അവന് ഇരട്ട ജീവിതമാണുള്ളത്. സ്വന്തത്തിനും അപരര്‍ക്കും. ഈയൊരു ആശയത്തെ കൊറോണക്കാലത്ത് പൊതുവായും റമദാന് കാലത്ത് സവിശേഷമായും വിശ്വാസി പ്രയോഗവത്കരിക്കുന്നു.
ആഘോഷങ്ങളെ ദുഃഖാചരണമായി മാറ്റുന്ന രീതി ഇസ്ലാമിലില്ല. ചില സമുദായങ്ങളില്‍ അങ്ങനെയൊരു സമ്പ്രദായം കാണാം. അതായത്, വീട്ടില്‍ ഒരു മരണം നടന്നാല്‍ ആ വര്‍ഷം പ്രസ്തുത വീട്ടുകാര്‍ ഒരാഘോഷവും നടത്തുകയില്ല. ഇസ്ലാമിലെ ആഘോഷം ഒരു ഘട്ടത്തിലും അര്മാദമല്ലാത്തതിനാല് കൊറോണ മൂലമുള്ള സാമൂഹിക ദുരന്തത്തിനിടയിലും ആഘോഷം ആഘോഷമായി തന്നെ നടക്കണം. ലോകത്തിന്റെ പല ഭാഗത്തും ഇസ്ലാമിക സമൂഹം എത്രയോ കാലങ്ങളായി ലോക്ക് ഡൗണില്‍ തന്നെയാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്. ഫലസ്ത്വീനും ഉയ്ഗൂരും മ്യാന്മറും കശ്മീരും അതിന്റെ ഉത്തമോദാഹരണങ്ങളാണ്. അവരും നമ്മളെ പോലെ സന്തോഷത്തോടെ പെരുന്നാള്‍ ആഘോഷിക്കുന്നുണ്ട്. അതിനാല്‍, കൊറോണയോ ലോക്ക് ഡൗണോ നമ്മുടെയും ആഘോഷത്തിന്റെ പൊലിമ കെടുത്തേണ്ടതില്ല. അതേസമയം, ഇസ്ലാമിന്റെ സാമൂഹികതയെ കൂടുതല്‍ പ്രോജ്വലിപ്പിച്ചു കൊണ്ടായിരിക്കണം കൊറോണാ കാലത്തെ നമ്മുടെ പെരുന്നാള്‍ ആഘോഷങ്ങള്‍. പാവപ്പെട്ടവര്‍ക്ക് മാത്രമല്ല, അത്യാവശ്യം സൗകര്യപ്രദമായ ജീവിതം നയിച്ചിരുന്ന ഇടത്തരക്കാര്‍ക്കും കൊറോണ മൂല സാമ്പത്തിക ഞെരുക്കമുണ്ടാവാന് നല്ല സാധ്യതയുണ്ട്. അത് കണ്ടെത്തി പരിഹരിക്കുകയെന്നതും സാമ്പത്തിക ശേഷിയുള്ളവരുടെ ബാധ്യതയാണ്.
മനസ്സിനും ശരീരത്തിനും ഉന്മേഷവും സന്തോഷവും പ്രദാനം ചെയ്യുന്ന വിനോദ പരിപാടികള്‍ പുതിയ സാഹചര്യത്തില്‍ എങ്ങനെയാണ് ആസൂത്രണം ചെയ്യുക എന്നതിനെ കുറിച്ച് ആലോചിക്കാവുന്നതാണ്. വലിയ കൂട്ടുകുടുംബമൊക്കെയാണെങ്കില് കുടുംബത്തിനകത്ത്, വീടിനകത്ത് പാട്ടും കളിയും മത്സരങ്ങളും സംഘടിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കാവുന്നതാണ്. കുട്ടികള്‍ക്കൊക്കെ സന്തോഷ സമ്മാനങ്ങള്‍ നല്‍കാനും അവസരം ഉണ്ടായാല്‍ ആഘോഷ വേളകള്‍ ഈ കോറോണാ കാലത്തും മാനസിക സൗഖ്യവും സന്തോഷവും പ്രദാനം ചെയ്യും.
ലോകത്ത് ഏത് കോണിലാണെങ്കിലും പെരുന്നാളുകള്‍ക്ക് ചില പൊതുവായ സമാനതകളും പ്രത്യേകതകളും ഉണ്ട്. അതില്‍ പ്രധാനം അതിരാവിലെ കുളിച്ച് പുതുവസ്ത്രമണിഞ്ഞ് ഈദ് നമസ്കാരത്തിനായി മൈതാനിയിലേക്കും പള്ളിയിലേക്കും പോകുന്ന ചെറുസംഘങ്ങളുടെ അതി മനോഹര കാഴ്ചകളാണ്. കുഞ്ഞുടുപ്പണിഞ്ഞ് ആവേശത്തോടെയും ആനന്ദത്തോടെയും നടന്നു നീങ്ങുന്ന കുരുന്നുകള്‍ നയനാന്ദകരം തന്നെ. ലോക്ക്ഡൗണ്‍ കാലത്തെ പെരുന്നാളിന് നമുക്കീ കാഴ്ചകളും അനുഭവങ്ങളും തീര്‍ച്ചയായും ഗൃഹാതരത്വമുണര്‍ത്തുന്ന ഓറമകള് മാത്രമാകും. എങ്കിലും, നല്ല വസ്ത്രങ്ങളുടെ പൊലിമയും സുഗന്ധങ്ങളുടെ പരിമളവും നമ്മുടെ ജീവിത പരിസരങ്ങളില്‍ പെരുന്നാള്‍ അനുഭൂതി സൃഷ്ടിക്കാതെ പോവില്ല!
കോവിഡ് കാലത്ത് പരസ്പരം ആലിംഗനം ചെയ്ത് എങ്ങനെയാണ് സ്നേഹം പങ്കുവെക്കുക എന്ന് ചോദിച്ചപ്പോള്‍ ഒരു സുഹൃത്ത് പറഞ്ഞ രസകരമായ മറുപടിയുണ്ട്. ‘ഒരു മീറ്റര്‍ അകലം പാലിച്ച് സാങ്കല്പികമായി ആലിംഗനം ചെയ്യുക. ദൈവം നമ്മുടെ ഹൃദയങ്ങളിലേക്കാണല്ലോ നോക്കുന്നത്. ആലിംഗനം ചെയ്ത പുണ്യം തന്നെ കിട്ടും’. ഏതായാലും, അതൊക്കെ കാണാന്‍ രസമുള്ള വ്യത്യസ്തമായ ഏര്‍പ്പാടായിരിക്കും. കൊറിയന്‍ അഭിവാദ്യ രീതി പോലെയോ, യോഗയെ പോലെയോ തോന്നിക്കുന്ന ഒരു പ്രത്യേക തരം കോവിഡ് സ്നേഹ പ്രകടനങ്ങള്‍. ശിനെയാണല്ലോ!
മാനുഷിക മുഖമുള്ള സാമൂഹിക ക്ഷേമവും നന്മയും വിളംബരം ചെയ്യുന്നവയാണ് പെരുന്നാളുകള്‍. ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഫിത്വര്‍ സകാത്ത് നല്കല് എല്ലാ വിശ്വാസികള്‍ക്കും നിര്‍ബന്ധമാക്കിയത് അത്തരമൊരു സാമൂഹിക വീക്ഷണത്തിന്റെ ഭാഗമാണ്.
കഴിഞ്ഞകാല ബഹളമയമായ ഇഫ്താര്‍ വിരുന്നുകളില്‍ നിന്നും വ്യത്യസ്തമായി ആത്മീയമായ ഔന്നത്യങ്ങള്‍ നേടാന്‍ ഈ കോവിഡ് കാലത്തെ നി:ശബ്ദമായ നോമ്പു കാലങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നതൊരു യാഥാര്‍ത്ഥ്യമാണ്.
പരസ്പരമുള്ള എല്ലാ പിണക്കങ്ങളും പരിഭവങ്ങളും നോമ്പ് കൊണ്ട് തീര്‍ത്തു കഴുകി വൃത്തിയാക്കിയ മനസ്സുകള്‍ക്ക് വീടകങ്ങളില്‍ ഒതുങ്ങി കൂടിയാണെങ്കില്‍ പോലും പെരുന്നാള്‍ സന്തോഷത്തോടൌ ആത്മ നിര്‍വൃതിയോടെ ആഘോഷിക്കാന്‍ കഴിയണം. അതിനുള്ള മനസ്സൊരുക്കല് പ്രധാനമാണ്.
ആഘോഷങ്ങളൊക്കെയും മനുഷ്യരെ ഒന്നിപ്പിക്കുന്ന ഉത്സവങ്ങളായിരുന്ന ഒരു ഭൂതകാലം ഇവിടെ കഴിഞ്ഞു പോയിട്ടുണ്ട്. കലഹങ്ങളോ വര്‍ഗീയതയോ എന്തെന്നറിയാത്ത ഒരു ഭൂതകാലം. ആ ഭൂതകാലം തിരിച്ചു പിടിക്കാന്‍ സാമൂഹിക അകലം പാലിക്കുന്നതോടൊപ്പം സ്നേഹത്തിന്റെ അരികില്‍ തലോടല്‍ സ്പര്ശമാവാനും സൗഹൃദത്തിന്റെ പുതിയ ഗാഥകള്‍ രചിക്കാനും നമുക്ക് കഴിയണം. എല്ലാ രോഗങ്ങള്‍ക്കുമുള്ള ശമനമാവാന്‍ ആഘോഷങ്ങള്‍ക്കല്ലാതെ മറ്റെന്തിനാണ് കഴിയുക! കൊറോണക്കാലത്ത് സാമൂഹിക അകലം പാലിച്ചുകൊണ്ടുതന്നെ നമുക്ക് ഹൃദയങ്ങള്‍ ചേര്‍ത്തു നിര്‍ത്താനാകും.