ഇന്ന് ചെറിയ പെരുന്നാള്‍; പ്രതിസന്ധികളില്‍ തളരുന്നവര്‍ക്ക് കരുത്തേകുക: തങ്ങള്‍

51

മലപ്പുറം: പ്രതിസന്ധികളില്‍ തളരുന്നവര്‍ക്ക് കരുത്തേകാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകാന്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഈദുല്‍ ഫിത്വര്‍ സന്ദേശത്തില്‍ ആഹ്വാനം ചെയ്തു. കോവിഡ് രോഗ വ്യാപനം സാമൂഹികമായ അകലം പാലിക്കാന്‍ നമ്മെ നിര്‍ബന്ധിതമാക്കുമ്പോഴും സമൂഹത്തില്‍ ഭക്ഷണത്തിനും ചികിത്സക്കും വകയില്ലാതെ പ്രയാസപ്പെടുന്നവരെയും ഒറ്റപ്പെട്ടു കഴിയുന്നവരെയും കണ്ടെത്തി ചേര്‍ത്തുപിടിക്കുക എന്ന മാനുഷികമായ ഉത്തരവാദിത്തം നിറവേറ്റാന്‍ ബദ്ധശ്രദ്ധരാവണം. മുസ്‌ലിംകളെ സംബന്ധിച്ച രണ്ട് ആഘോഷങ്ങളിലൊന്നാണ് ഈദുല്‍ ഫിത്വര്‍. ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനം ജീവിതത്തില്‍നല്‍കിയ പരിവര്‍ത്തനത്തിന്റെ സന്തോഷ പ്രകടനവും സ്രഷ്ടാവിനോടുള്ള കൃതജ്ഞതയുമാണ് പെരുന്നാള്‍ ആഘോഷം. പക്ഷെ ലോകം ഒരു മഹാരോഗത്തിന്റെ ഭീതിയില്‍ കഴിയവെ ഈ പെരുന്നാള്‍ ആഘോഷം, ആശ്വസിപ്പിക്കലിന്റെയും പ്രാര്‍ത്ഥനയുടെയും സുദിനമായിരിക്കണം.
മാസങ്ങള്‍ നീണ്ട ലോക്ഡൗണിനിടയിലാണ് വിശുദ്ധ റമസാനും പെരുന്നാളും സമാഗതമായത്. സമൂഹത്തിന്റെ ജീവതഘടനയില്‍ ഐക്യത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും ഒരുമിച്ചു ജീവിക്കലിന്റെയും പ്രാര്‍ത്ഥനാധന്യമായ രാപ്പകലുകളുടെയും വ്രതനിഷ്ഠമായ കാലമാണ് കടന്നുപോകുന്നത്. ഉപജീവന മാര്‍ഗം നഷ്ടപ്പെട്ടും ആരോഗ്യം ക്ഷയിച്ചും കുടുംബത്തേയും ഭാവിയെയും കുറിച്ച് ആശങ്കാകുലരായും കഴിയുന്നവരാണ് നമുക്കുചുറ്റിലും ഏറെയുമുള്ളത്. നാട്ടിലും പ്രവാസ ലോകത്തുമായി ലക്ഷക്കണക്കിനുപേര്‍ ഭീതിയുടെ നിഴലിലാണ്. ആരോഗ്യ പ്രവര്‍ത്തകരും നിയമപാലകരുമുള്‍പ്പെടെ അധികൃതരും എണ്ണമറ്റ സന്നദ്ധ പ്രവര്‍ത്തകരും ജനപ്രതിനിധികളുമെല്ലാം സമാശ്വാസവുമായി രംഗത്തുണ്ട്. എങ്കിലും മഹാമാരി അനിയന്ത്രിതമായി തുടരുകയാണ്. നാട് കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. ഭാവി തലമുറയുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ പോലും അനിശ്ചിതത്വം നിലനില്‍ക്കുന്നു.സമൂഹത്തിന്റെ കൂട്ടായ പരിശ്രമങ്ങളിലൂടെ മാത്രമെ ഇതിനെല്ലാം പരിഹാരം കണ്ടെത്താന്‍ കഴിയുകയുള്ളു. പരസ്പരം സ്‌നേഹിച്ചും ഐക്യപ്പെട്ടും അഭിപ്രായഭിന്നതകള്‍ മാറ്റിവെച്ചും ഒരുമിച്ചു മുന്നേറുക. വിശുദ്ധ റമസാന്‍ നല്‍കിയ ജീവിത പാഠങ്ങള്‍ മാതൃകയാക്കി ഭാവിയെ ചിട്ടപ്പെടുത്തുക. ഭക്ഷണത്തിലും വേഷത്തിലും ദൈനംദിന കാര്യങ്ങളിലും ധൂര്‍ത്തും ആഡംബരവും വെടിഞ്ഞ് ലളിത ജീവിതം ശീലമാക്കുക. മറ്റുള്ളവരെ അറിഞ്ഞു സഹായിക്കുക. റമസാന്‍ പകര്‍ന്നു തന്ന ആത്മസംസ്‌കരണത്തിന്റെ ഊര്‍ജ്ജം സമൂഹത്തിന്റെ സര്‍വതോമുഖമായ പുരോഗതിക്കായി പ്രയോജനപ്പെടുത്തുക. പൗരത്വമുള്‍പ്പെടെ മനുഷ്യാവകാശങ്ങള്‍ ഹനിക്കുന്ന സ്വേച്ഛാധിപത്യ പ്രവണതകള്‍ക്കെതിരെ പ്രബുദ്ധസമൂഹം ഒറ്റക്കെട്ടായി നില്‍ക്കുക. ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ മാനിച്ചുകൊണ്ട് ആഘോഷത്തില്‍ മിതത്വം പാലിച്ച്, സാമൂഹിക സേവനങ്ങളില്‍ വ്യാപൃതരാവുക. പാവപ്പെട്ടവര്‍ക്കാശ്രയമായി നിലകൊള്ളുക. സ്‌നേഹവും കരുണയും ചേര്‍ന്ന കരങ്ങളില്‍ സമൂഹത്തെ ചേര്‍ത്തുപിടിക്കുക. ക്ഷേമൈശ്വര്യങ്ങള്‍ക്കുള്ള പ്രാര്‍ത്ഥനകളുമായി ഏല്ലാര്‍ക്കും മനസു നിറഞ്ഞ ഈദ് ആശംസകള്‍… അല്ലാഹുഅക്ബര്‍.. വലില്ലാഹില്‍ഹംദ്…