സലാം കന്യപ്പാടി
വിശ്വാസി സമൂഹത്തിനും മനുഷ്യ രാശിക്കും ഭൂലോകത്തിന് തന്നെയും അനുഗ്രഹങ്ങള്‍ ഏറെ വര്‍ഷിച്ച് മണ്ണും വിണ്ണും പുളകമണിഞ്ഞ പുണ്യ ദിനരാത്രങ്ങള്‍ക്ക് പരിസമാപ്തി കുറിച്ച് ഈദുല്‍ ഫിത്വറിന്റെ ചന്ദ്രക്കല മാനത്ത് ദൃശ്യമായതോടെ നാം ആഘോഷത്തിലേക്കെത്തി. പാപ പങ്കിലമായ ഹൃദയങ്ങളെ വ്രത ശുദ്ധിയില്‍ സ്ഫുടം ചെയ്തെടുത്ത്, സ്രഷ്ടാവിന്റെ ഔന്നത്യങ്ങളെ വാഴ്ത്തി, പരംപുരാനില് വിശ്വാസമര്‍പ്പിച്ച്, വിശ്വാസി സമൂഹം ഇബാദത്തുകളിലും ദാനധര്മങ്ങളിലുമായ് സ്വന്തം ശരീരത്തെ തഖ്വ കൊണ്ടും തങ്ങളുടെ സമ്പത്തിനെ ദാനര്മങ്ങളും സകാത്തുകളും കൊണ്ടും ശുദ്ധീകരിച്ച് പാപക്കറകള്‍ കഴുകിക്കളഞ്ഞ് പുതിയ ഒരു ജീവിതത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞിരിക്കുന്നു.
ശവ്വാലിന്റെ പൊന്‍പുലരി വിശ്വാസികള്‍ക്ക് സന്തോഷിക്കാനുള്ളതാണ്. സ്രഷ്ടാവായ തമ്പുരാന്റെ കല്പന കൂടിയാണത്. തന്റെ കല്പനകളെ ശിരസ്സാവഹിച്ച് ഒരു മാസക്കാലം പകല്‍ മുഴുവന്‍ അന്ന-പാനീയങ്ങള്‍ വെടിഞ്ഞ് രാത്രികാല നമസ്കാരങ്ങളില്‍ മുഴുകി മനസ്സിനെയും ശരീരത്തെയും ഹറാമുകളില് നിന്നും പിന്തിരിപ്പിച്ച്, തിന്മകള് വെടിഞ്ഞ് നന്മകള് അധികരിപ്പിച്ച വിശ്വാസികള്‍ക്ക് ദയാലുവായ അല്ലാഹുവിന്റെ വലിയൊരു സമ്മാനം. റമദാനിന്റെ പവിത്രമായ മുഴുവന്‍ രാപലുകളിലും നരകമോചനം നല്കിയ എണ്ണത്തിന് തുല്യമായതോ അതിന്റെ പതിന്മടങ്ങുകളോ എണ്ണം ഈ രാത്രിയില്‍ മാത്രം നരക മോചനം നല്കുന്ന കാരുണ്യവാന്, അവന്റെ അടിയറുകളോടുള്ള ഈ സ്നേഹവായ്പിന് മുന്നില്‍ തന്റെ ജീവിതകാലം മുഴുവന്‍ സാഷ്ടാംഗം വീണ് ശുക്റോതിയാലും മതിയാവുകയില്ല.
ജീവിതത്തില്‍ ആദ്യമായി പള്ളികളടഞ്ഞു കിടന്ന ഒരു റമദാനായിരുന്നു ഈ കോവിഡ് കാലം. അധാര്‍മിക വഴിയില്‍ അപഥ സഞ്ചാരം നടത്തുന്ന മനുഷ്യ കുലത്തിന് അല്ലാഹു നല്കുന്ന ചെറിയൊരു ഷോക്ക് ട്രീറ്റ്മെന്റ് ആവാം ഒരു പക്ഷെ ഇത്തരം പരീക്ഷണങ്ങള്‍. അള്ളാഹു അഅ്ലം!
കണ്ണിന് പോലും കാണാത്ത വൈറസുകളില്‍ ലോകം വിറച്ചു. ഭൂമിയിലെ ഏറ്റവും വലിയ ശക്തി രാജ്യങ്ങളാണെന്ന് അഹങ്കരിച്ച് നടന്നവര്‍, തങ്ങളറിയാതെ ഒരു ഈച്ച പോലും ഇവിടെ പറക്കില്ല എന്ന് വീമ്പു പറഞ്ഞവര്‍, ഒരു വിരല്‍ തുമ്പൊന്ന് ചലിപ്പിച്ചാല്‍ ലോകത്തെ തരിപ്പണമാക്കാമെന്ന് വ്യാമോഹിച്ചവരൊക്കെയും ഈ വൈറസ് വ്യാപനത്തിന് മുന്നില്‍ അടിയറവ് പറഞ്ഞ് മുട്ടു കുത്തി. ആവോളം സമ്പത്ത് കുന്നു കൂട്ടി വെച്ച് അതിന് മുകളില്‍ അടയിരുന്നവര്‍ പോലും ഒരു നേരത്തെ ആഹാരത്തിന് വേണ്ടി മറ്റുള്ളവരുടെ മുന്നില്‍ കൈ നീട്ടിയ നാളുകള്‍..!
ഓര്‍മിപ്പിക്കുകയാണ് പലതും പടച്ച റബ്ബ്. മുന്‍കാല സമൂഹങ്ങള്‍ക്ക് താക്കീത് നല്‍കിയത്, പ്രളയങ്ങളായും പേമാരികളായും കൊടുങ്കാറ്റുകളായും നുരഞ്ഞു പൊങ്ങുന്ന സൂനാമിത്തിരമാലകളായും, തിളച്ചു മറിയുന്ന അഗ്നിപര്‍വത വിസ്ഫോടനങ്ങളായും കാലങ്ങള്‍ ഇടവിട്ടുള്ള ചില താക്കീതുകള്‍..! ആനപ്പടയുമായി കഅ്ബാലയം പൊളിക്കാന്‍ വന്ന അബ്റഹത്തിനെയും കൂട്ടരെയും നശിപ്പിക്കാന്‍ നിസ്സാരന്മാരായ ചെറിയൊരു കൂട്ടം വെട്ടുകിളികള്‍ മതിയായെങ്കില്‍, അള്ളാഹുവിന് ഒന്നും ഒരു തടസ്സമല്ല.
മുഅ്മിനേ നമുക്ക് മടങ്ങാം. ഇന്നലെകളില്‍ നാം അറിഞ്ഞും അറിയാതെയും ഒരുപാടൊരുപാട് തെറ്റുകള്‍ ചെയ്തു. ദയാലുവായ റബ്ബ് അതൊക്കെയും മാപ്പാക്കി തരും. ഇനിയങ്ങോട്ട് ഒരു തെറ്റിലേക്കും ഞാനില്ല എന്നും പരമാവധി സൂക്ഷ്മതയില്‍ ജീവിതം മുന്നോട്ട് കൊണ്ട് പോകുമെന്നും ഈ പുണ്യ ദിനത്തില്‍ നമുക്കൊന്നായ് പ്രതിജ്ഞ എടുക്കാം. അതാവട്ടെ ഈ കോവിഡ് പഠിപ്പിച്ച കാലത്തെ ഈദ് സന്ദേശവും. ‘കുല്ലു ആം വ അന്തും ബി ഖൈര്‍…’
—————–