ദുബൈ: ദുബൈയിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്ക് ദുബൈയിലെ തൊഴില്‍ കാര്യ സ്ഥിരം സമിതി (പിഎല്‍എസി) പെരുന്നാള്‍ സമ്മാനങ്ങള്‍ നല്കി. കോവിഡ് 19 പ്രതിരോധ-സുരക്ഷാ വസ്തുക്കള്‍ അടങ്ങിയ സവിശേഷ പെട്ടികളാണ് ഇത്തവണ പെരുന്നാള്‍ സമ്മാനമായി വകുപ്പ് തൊഴിലാളികള്‍ക്ക് സമ്മാനിച്ചത്.
ജബല്‍ അലി ഏരിയയിലെ ലേബര്‍ ക്യാമ്പിലുള്ള തൊഴിലാളികള്‍ക്കാണ് ആരോഗ്യ-സുരക്ഷാ വസ്തുക്കളടങ്ങിയ സമ്മാനങ്ങള്‍ വിതരണം ചെയ്തത്. റമദാന് അവസാന ദിനത്തിലെ ഇഫ്താര്‍ ഭക്ഷണ വിതരണത്തോടൊപ്പമായിരുന്നു പ്രത്യേക ബോക്സുകളും മറ്റും നല്‍കിയത്.

കോവിഡ് 19 പ്രതിസന്ധിയില്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങളുണ്ട്. എന്നിരുന്നാലും, രാജ്യത്തിന്റെ അടിസ്ഥാന വര്‍ഗമായ തൊഴിലാളികളുടെ പെരുന്നാള്‍ സന്തോഷങ്ങളില്‍ അവര്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കാനും അവരുടെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്താനുമാണ് പിഎല്‍എസി ശ്രമിക്കുന്നതെന്ന് പിഎല്‍എസി ചെയര്‍മാനും ജിഡിആര്‍എഫ്എ ദുബൈ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലുമായ മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറൂര്‍ പറഞ്ഞു. ദുബൈയിലെ തൊഴിലാളികള്‍ക്ക് ഏറ്റവും മികച്ച സൗകര്യപ്രദമായ സാഹചര്യങ്ങളാണ് വകുപ്പ് ഒരുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഎഇ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്യാന്റെ ഓര്മ ദിനത്തില്‍ വകുപ്പ് തൊഴിലാളികള്‍ക്ക് വിഭവ സമൃദ്ധമായ ഭക്ഷണവും മറ്റും വിതരണം ചെയ്തിരുന്നു. ആയിരക്കണക്കിന് തൊഴിലാളികള്‍ക്കാണ് ഓരോ സമയവും ഭക്ഷണം വിതരണം ചെയ്തത്. മാത്രവുമല്ല, ദിനംപ്രതി വകുപ്പിന് കീഴില്‍ താഴ്ന്ന വരുമാനക്കാര്ര്ക്ക് ഭക്ഷ്യ വസ്തുക്കളും പാകം ചെയ്ത ഭക്ഷണവും വകുപ്പ് വിതരണം ചെയ്തു വരുന്നുണ്ട്.