കോഴിക്കോട്: പതിവ്പെരുന്നാള് തിരക്കില്ലാതെ നഗരത്തിലെ വസ്ത്രവ്യാപാര വിപണി. കോവിഡ് ലോക്ഡൗണ്‍ ഇളവുകളുമായി നഗരം സജീവമായെങ്കിലും പെരുന്നാള്‍ വിപണിയില്‍ മുന്‍വര്‍ഷത്തെ ഉണര്‍വുണ്ടായില്ല. നഗരത്തിലെ പ്രധാന വ്യാപാരകേന്ദ്രമായ മിഠായിതെരുവില്‍ കടകളെല്ലാം പ്രവര്‍ത്തിച്ചിരുന്നെങ്കിലും ശരാശരി വില്പനമാത്രമാണ് നടന്നത്. പള്ളിയിലേക്കടക്കം എവിയേക്കും പോകാനില്ലാത്തതും വരുമാന നഷ്ടവുമെല്ലാം വിപണിയെ ബാധിച്ചു. പെരുന്നാളിനായി മാസങ്ങള്‍ക്ക് മുന്‍പേ തയാറെടുപ്പ് നടത്തിയ വ്യാപാരികള്‍ക്ക് ഇത്തവണ നഷ്ടകണക്ക് മാത്രമാണ് പറയാനുള്ളത്. അത്രവലിയതിരിച്ചടിയാണ് കോവിഡ് വരുത്തിയത്. മിഠായിതെരുവിലെ ഇരുകവാടങ്ങളിലും പൊലീസ് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണവും വില്പന ഇടിവിന് കാരണമാക്കി. കടയില്‍ കുടുംബത്തോടൊപ്പം കയറിയിറങ്ങിയുള്ള കച്ചവടം ഓര്‍മകള്‍ മാത്രമായി. ചെറുതും വലുതുമായി നൂറിലേറെ തുണിതരങ്ങളാണ് തെരുവില്‍ പ്രവര്‍ത്തിക്കുന്നത്. പെരുന്നാള്‍ വിപണിയില്‍ ഒഴിച്ചുകൂടാനാകാത്ത ചെരുപ്പ് വില്പനയും ഇത്തവണ പേരിലൊതുങ്ങി. വിഷുവിനും ഈസ്റ്ററിനും ശേഷം പെരുന്നാള്‍ വിപണിയും വ്യാപാരികള്‍ക്ക് നിരാശയായി.