
കണ്ണൂര്‍: ആഘോഷത്തിന്റെ പതിവ് ആരവങ്ങളില്ലായിരുന്നു എവിടെയും. പള്ളികളടഞ്ഞ അടച്ചുപൂട്ടല്‍ കാലത്തെത്തിയ പെരുന്നാളും വീടകങ്ങളിലൊതുങ്ങി. ഈദ് ഗാഹുകളുമില്ലാത്ത പെരുന്നാള്‍ ദിനത്തില്‍ നമസ്കാരവും ഖുതുബയും കുടുംബാംഗങ്ങളിലൊതുങ്ങിയപ്പോള് അകന്നിരുന്ന് സന്തോഷം പങ്കുവെക്കുകയായിരുന്നു ബന്ധുക്കളും മിത്രങ്ങളും.
കോവിഡ് വ്യാപന ഭീതിക്കിടയില്‍ എത്തിയ പെരുന്നാള്‍ പൂര്‍ണമായും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് നാടെങ്ങും ആഘോഷിച്ചത്. എങ്ങുമില്ലായിരുന്നു അതിര് വിട്ട ആഘോഷവും ആള്‍ക്കൂട്ടവും. മഹാവ്യാധിയെ പ്രതിരോധിക്കേണ്ടത് തങ്ങളുടെയും കടമയാണെന്ന ബോധ്യം വിടാതെ സംഘടനാ നേതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ച് തന്നെയായിരുന്നു മഹല്ലുകളുടെ നിയന്ത്രണത്തില്‍ നടന്ന പെരുന്നാള്‍ ആഘോഷം.
ഈദ്ഗാഹുകളുമില്ലാതായതോടെ എവിടെയും കാണാനില്ലായിരുന്നു പെരുന്നാള്‍ പ്രതീതി. ഈദ് മുബാറക്കിലൂടെ ആശംസ കൈമാറി ഹസ്തദാനത്തിലും പരസ്പരം ആശ്ലേഷിച്ചും സന്തോഷം പങ്കിടുന്നതിനും കോവിഡ് പരിധി നിശ്ചയിച്ചതിനാല്‍ ആശംസയറിയിക്കല് മാത്രമായി മാറി പെരുന്നാള്‍ ദിനത്തിലെ മുഖാവരണമണിഞ്ഞ കണ്ടുമുട്ടല്‍. ലോകം മഹാരോഗത്തിന്റെ ഭീതിയില്‍ കഴിയുമ്പോള്‍ സുരക്ഷാ മുന്‍കരുതലിനൊപ്പം ആശ്വസിപ്പിക്കലിന്റെയും പ്രാര്‍ത്ഥനയുടെയും സുദിനമായിരുന്നു വിശ്വാസികള്‍ക്ക് ചെറിയ പെരുന്നാള്‍.
മാറ്റത്തിന്റെ കോടിയുടുത്ത് ഈദ് സംഗമം
കണ്ണൂര്‍: കോടിയുടുക്കാത്ത പെരുന്നാളില്‍ വ്രതശുദ്ധിയുടെയും കോവിഡ് കാല മാറ്റത്തിന്റെയും ഹൃദയ വസ്ത്രമണിഞ്ഞ് ഈദ് സുഹൃദ് സംഗമം. പെരുന്നാള്‍ ദിനത്തില്‍ കണ്ണൂര്‍ യൂനിറ്റി സെന്റര്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ സംഗമത്തിലാണ് ന്യായാധിപന് മുതല്‍ സാഹിത്യ സാംസ്കാരിക-രാഷ്ട്രീയ-മത രംഗത്തെ പ്രമുഖര്‍ സാന്നിധ്യമറിയിച്ചത്. അതിഥികളും ക്ഷണിതാക്കളും സൂം മീറ്റിങ്ങിലെത്തിയപ്പോള് യൂണിറ്റി മീഡിയ ഡോട്ട് കോം ലൈവായി സംപ്രേക്ഷണം ചെയ്യുകയായിരുന്നു.
ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് പികെ മുഹമ്മദ് സാജിദ് നദ്വി അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്മാരായ ടി പത്മനാഭന്, സച്ചിദാനന്ദന്, സി രാധാകൃഷ്ണന്, കെടി ബാബുരാജ്, സി രാധാകൃഷ്ണന്, കണ്ണൂര്‍ വിമാനത്താവള ഡയരക്ടര്‍ വി തുളസീദാസ്, സബ് ജഡ്ജ് സി സുരേഷ് കുമാര്‍, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, പാണക്കാട് സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങള്‍, സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്, പികെ പാറക്കടവ്, കണ്ണൂര്‍ രൂപത വികാരി ജനറല്‍ ഫാദര്‍ ദേവസ്യ ഈരത്തറ പങ്കെടുത്തു.