എംബസിയില്‍ നിന്ന് വിളിച്ചു; എയര്‍ലൈനില്‍ നിന്ന് വിളിച്ചില്ല: അന്വേഷണത്തില്‍ അറിഞ്ഞതിങ്ങനെ

റസാഖ് ഒരുമനയൂര്‍
അബുദാബി: എങ്ങിനെയെങ്കിലും നാടണയാന്‍ കാത്തിരിക്കുന്നവര്‍ക്ക് ആശ്വാസത്തി ന്റെ സന്ദേശവുമായാണ് ഇന്ത്യന്‍ എംബസിയില്‍നിന്നും യാത്രാ വിവരം നല്‍കിക്കൊണ്ടുള്ള ടെലിഫോണ്‍ കോളുകള്‍ വരുന്നത്. ബംബര്‍ സമ്മാനത്തിനര്‍ഹനായ സന്തോഷത്തോടെയാണ് പ്രവാസികള്‍ ഈ കോളിനെ വരവേല്‍ക്കുന്നത്.
ചിലപ്പോള്‍ പോകാനുള്ള ദിവസം കൃത്യമായി പറയും. മറ്റു ചിലരോട് അടുത്തയാഴ്ച എന്നും. ഇനി എയര്‍ലൈന്‍ ഓഫീസില്‍ നിന്ന് വിളിക്കും എന്നു പറഞ്ഞാണ് ഫോണ്‍ കട്ട് ചെയ്യുക. സന്ദേശം ലഭിച്ചവര്‍ പ്രവാസ ജീവിതത്തിനിടയില്‍ കിട്ടിയ ഏറ്റവും വലിയ സമ്മാനമായാണ് കരുതുന്നത്. ഉടനെ അറിയാവുന്നവരെയെല്ലാം വിളിച്ചു സന്തോഷ വ ര്‍ത്തമാനം അറിയിക്കും. കേള്‍ക്കുമ്പോള്‍ ഇതുവരെ കോള്‍ വരാത്ത സുഹൃത്തുക്കള്‍ക്ക് അസൂയ.
പിന്നെ എയര്‍ലൈനില്‍ നിന്നുള്ള വിളിക്കുവേണ്ടിയുള്ള കാത്തിരിപ്പാണ്.
ഇരിക്കുന്നിടത്തും നടക്കുന്നിടത്തും മൊബൈല്‍ കൈയില്‍കരുതും. അത് ബാത്‌റൂമില്‍ പോകുമ്പോഴും താഴെവെക്കില്ല. കോള്‍ എങ്ങാനും മിസ് ആയാല്‍പിന്നെ ആഴ്ചക ളായി കാത്തിരുന്ന അവസരമാണ് നഷ്ടപ്പെടുക. അതുകൊണ്ടുതന്നെ പലരും ഇമ വെട്ടാ തെ മൊബൈല്‍ സ്‌ക്രീനില്‍ നോക്കിയിരിപ്പാണ്.
ദിവസങ്ങള്‍ കാത്തിട്ടും കോള്‍ കാണാതാകുമ്പോള്‍ സ്വാധീനം ചെലുത്താന്‍ അറിയാവുന്നവരെയെല്ലാം വിളിച്ചു കാര്യം പറയും. പക്ഷെ പലര്‍ക്കും ഫലമുണ്ടാവാറില്ല. ഏതായാലും മിഡില്‍ഈസ്റ്റ് ചന്ദ്രിക ഇക്കാര്യത്തില്‍ ഒരന്വേഷണം തന്നെ നടത്തി നിജസ്ഥിതി തേടി.
തെറ്റ് കുറെയൊക്കെ നമ്മുടെത് തന്നെയാണ്. എംബസിയും എയര്‍ലൈനും കുറ്റക്കാരല്ലെന്ന് മനസ്സിലാവും. നാട്ടിലേക്ക് മടങ്ങുന്നവര്‍ എംബസിയില്‍ റജിസ്റ്റര്‍ ചെയ്യാന്‍ പറഞ്ഞപ്പോള്‍ വേണ്ടവരും വേണ്ടാത്തവരുമെല്ലാം റജിസ്റ്റര്‍ ചെയ്തു. അതിന്റെ പരിണിത ഫലമാണ് പലരെയും പ്രയാസത്തിലാക്കിയിട്ടുള്ളത്.
എയര്‍ഇന്ത്യ എക്‌സ്പ്രസ്സില്‍ 177 പേര്‍ക്ക് യാത്ര ചെയ്യാനുള്ള സൗകര്യമാണുള്ളത്. ഇതിനായി എംബസി തങ്ങളുടെ റജിസ്റ്റര്‍ പട്ടികയില്‍നിന്നുള്ളവരെ പരമാവധി മുന്‍ഗണനാ ക്രമത്തില്‍ വിളിച്ചു തുടങ്ങും. 177 പേരെ വിളിച്ചാല്‍ 20 ശതമാനത്തോളം പേര്‍ ഇപ്പോള്‍ പോകുന്നില്ലെന്ന് പറയും. അവരെ മാറ്റിനിറുത്തി മറ്റുള്ളവരെ വിളിച്ചു 177 ഒ പ്പിച്ചു പട്ടിക എയര്‍ലൈന്‍ ഓഫീസിനു കൈമാറും.
അടുത്ത വിളി എയര്‍ലൈന്‍ ഓഫീസില്‍നിന്നാണ്.
അപ്പോഴും ചിലര്‍ പറയും ഇപ്പോള്‍ പോകുന്നില്ല. കുറച്ചു കഴിഞ്ഞുമാത്രമെ പോകൂ.
മാത്രമല്ല പലരും ടിക്കറ്റ് എടുക്കാന്‍ പറഞ്ഞാല്‍ വരികയുമില്ല.
ഇക്കാര്യം എംബസിയെ അറിയിച്ചാല്‍ അവര്‍ പുതിയ പേരുകള്‍ നല്‍കും. അവരെ വിളിക്കും. ഇത് പലതവണ ആവര്‍ത്തിച്ചപ്പോള്‍ എംബസി 177 നുപകരം പത്തോ പതിന ഞ്ചോ പേരെ അധികം കൊടുക്കാന്‍ തുടങ്ങി. ഇവരെ മുഴുവന്‍ എംബസിയില്‍നിന്നും ആദ്യഘട്ടമെന്ന നിലയില്‍ വിളിക്കുകയും ചെയ്യും. പലരോടും ദിവസം കൃത്യമായി പ റയില്ല. ഈയാഴ്ച, അടുത്തയാഴ്ച എന്നൊക്കെയേ പറയാറുള്ളു. ചിലരോട് വെയ്റ്റിംഗ് ലിസ്റ്റിലാണെന്നും പറയാറുണ്ട്.
പക്ഷെ പലപ്പോഴും പല ഫ്‌ളൈറ്റുകളിലേക്കും ആദ്യംവിളിച്ച മുഴുവന്‍ പേരും എത്തുക യും ടിക്കറ്റെടുക്കകയും ചെയ്യും. അങ്ങിനെയാവുമ്പോള്‍ ലിസ്റ്റിലെ അവസാന ഭാഗം വിളിച്ചവര്‍ക്ക് ടിക്കറ്റ് ലഭിക്കില്ല. അതുകൊണ്ടാണ് എംബസി വിളിച്ചിട്ടും എയര്‍ലൈന്‍ വിളിക്കാത്തത്. ഇതുകൊണ്ടാണ് എയര്‍ലൈനില്‍നിന്നും പലര്‍ക്കും വിളി വരാത്തത്.
ടിക്കറ്റെടുത്തവര്‍ തന്നെ യഥാസമയം എത്താത്ത അവസ്ഥയുമുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ ആദ്യത്തില്‍ പല വിമാനങ്ങളും ഏതാനും സീറ്റുകള്‍ ഒഴിവായിക്കിടന്ന് പറക്കേണ്ട അവസ്ഥയുണ്ടാവുകയും ചെയ്തു. ഏതായാലും ഇപ്പോള്‍ അവസരം കാത്ത് ദിവസേന എയര്‍പോര്‍ട്ടില്‍ വന്നുമടങ്ങുന്നവര്‍ ഏറെയാണ്.
ആവശ്യത്തിനും അനാവശ്യത്തിനും അവസരങ്ങള്‍ ദുരുപയോഗം ചെയ്യുന്നതുകൊണ്ടുള്ള പരിണിത ഫലമാണിതെന്ന കാര്യം എല്ലാവരും ഓര്‍ക്കുക.