ഷാ തിരൂര്‍
2019 നവംബറില്‍ തുടങ്ങി ഡിസംബറോടെ ചൈനയില്‍ വ്യാപനം തുടങ്ങിയ കൊറോണ വൈറസ് (കോവിഡ് 19) അധികം വൈകാതെ ചൈനയുടെ അതിര്‍ത്തി വിട്ട് പുറത്ത് വരുമെന്നും, അങ്ങനെയെങ്കില്‍ അത് ആദ്യമെത്തുന്ന സ്ഥലം ദുബൈ ആയിരിക്കുമെന്നുമുള്ള കാര്യത്തില്‍ ദുബൈയില്‍ ജീവിക്കുന്നവര്‍ക്ക് അന്നേ യാതൊരു സംശയമുണ്ടായിരുന്നില്ല. അത്രത്തോളം അടുത്ത വ്യാപാര-യാത്രാ ബന്ധമാണ് ദുബൈയും ചൈനയും തമ്മിലുള്ളത്. ദുബൈയുടെ വ്യാപാര-വാണിജ്യ പ്രക്രിയകളുടെ ഹൃദയമായ അല്‍റാസ്, നായിഫ്, സബ്ഖ, അയാല്‍ നാസര്‍, അല്‍മുറാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍ ഏറെയും ഇന്ത്യക്കാരടങ്ങിയ തെക്കനേഷ്യക്കാരാണ്. സ്ക്വയര്‍ കിലോ മീറ്ററില്‍ 76,000ത്തിലധികം പേര് താമസിക്കുന്ന അയാല്‍ നാസര്‍ പ്രദേശവും 50,000ത്തിലധികം ആളുകള്‍ താമസിക്കുന്ന നായിഫ് പ്രദേശവുമാണ് യുഎഇയില്‍ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള ഒന്നും രണ്ടും പ്രദേശങ്ങള്‍. ഈ സ്ഥലങ്ങളിലെ 90% കെട്ടിടങ്ങളിലും താമസിക്കുന്നത് മലയാളികളാണ് എന്നതാണ് പ്രത്യേകത.
ചതുരശ്ര കിലോമീറ്ററില്‍ ശരാശരി 800 എന്ന കേരളത്തിലെ ജനസാന്ദ്രത വച്ച് കണക്കാക്കിയാല്‍, ദുബൈയിലെ നായിഫിലോ, അയാല്‍ നാസറിലോ, അല്മുറാറിലോ കൊറോണ വൈറസിന്റെ ഏറ്റവും ഭീകര മുഖമായ സാമൂഹിക വ്യവപനം സംഭവിച്ചാല്‍ നാം കരുതുന്ന രീതിയിലായിരിക്കില്ല പ്രത്യാഘാതങ്ങള്‍ എന്നുറപ്പായിരുന്നു.
സൗന്ദര്യ വര്‍ധക വസ്തുക്കള്‍, സുഗന്ധ ദ്രവ്യങ്ങള്‍, ഭക്ഷ്യ ഉല്പന്നങ്ങള്, കമ്മോഡിറ്റീസ്, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ തുടങ്ങിയവയുടെ മൊത്ത-ചില്ലറ വ്യപാര കേന്ദ്രമായ അല്‍റാസ്, നായിഫ്;
മൊബൈലും ആക്സസ്സറീസും മൊത്തക്കച്ചവടം നടത്തുന്ന അയാല്‍ നാസര്‍, മുറാര്‍ അടക്കമുള്ള പ്രദേശങ്ങളിലെല്ലാം സാധനങ്ങള്‍ വാങ്ങാന്‍
യുഎഇയിലെ എല്ലാ എമിറേറ്റുകളില്‍ നിന്നും ദിനേന ആയിരങ്ങളാണ് ഈ പ്രദേശങ്ങളുമായി ബന്ധപ്പെടുന്നത്. ഇതിവിടെ താമസിക്കുന്നവരുടെ കണക്കിന് പുറത്താണ്.
കോവിഡ് 19 ദുബൈയിലെ മലയാളി സമൂഹത്തിന് ഉണ്ടാക്കിയേക്കാവുന്ന സാമ്പത്തിക, വ്യപാര, സാമൂഹിക പരിമിതികള്‍ എത്രത്തോളമായിരിക്കുമെന്ന് നേരത്തെ ചിന്തിച്ചു തുടങ്ങിയ രണ്ടു വ്യക്തികളിലൊരാള്‍ ജിസിസിയിലെ ഗ്രാന്‍ഡ് ഹൈപര്‍ മാര്‍ക്കറ്റ് ശൃംഖലയുടെ മാനേജിംഗ് ഡയറക്ടര്‍ ഡോ. അന്‍വര്‍ അമീനും മറ്റൊരാള്‍ ഗ്രാന്‍ഡിന്റെ തന്നെ ചെയര്മാന് ഷംസുദ്ദീന് ബിന്‍ മുഹ്യുദ്ദീനും ആയിരിക്കണം. കാരണം, അതിന് ശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍ മനസ്സിലാകുന്ന കാര്യം, ഒന്നോ രണ്ടോ ദിവസത്തെ പ്രവര്‍ത്തനത്തില്‍ ഉണ്ടായതല്ല മലയാളി സമൂഹത്തിന് ചെറുതെങ്കിലും ആശ്വാസം കിട്ടാന്‍ ഉതകുന്ന രീതിയിലുള്ള ദുബൈയിലെ മലയാളികള്‍ക്കിടയിലുള്ള കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍. തങ്ങളുടെ സ്ഥാപനത്തിലെ സീനിയര്‍-ജൂനിയര്‍ തലങ്ങളിലുള്ള എല്ലാവരെയും ഉള്‍ക്കൊള്ളിച്ച് ശക്തമായ രീതിയിലുള്ള അഡ്മിനിസ്ട്രേഷന് പ്രവര്‍ത്തനങ്ങളാണ് വര്‍സാന്‍ ക്വാറന്റീന് സെന്റര്‍ എന്ന ആശയം ഒരഭ്യര്ത്ഥനയായി ഷംസുദ്ദീന് ബിന്‍ മുഹ്യുദ്ദീന്‍ ദുബൈ ഹെല്‍ത്ത് അഥോറിറ്റിക്ക് മുന്‍പാകെ വെക്കുന്നതും, കൊറോണ വ്യാപനത്തിന്റെ തുടക്കത്തില്‍ തന്നെ ഡിഎച്ച്എ അത് അംഗീകരിക്കുന്നതും. അതോടെ, അവിടെ താമസത്തിനുള്ള ഫര്‍ണിഷിംഗ് ഒരുക്കുക എന്ന വലിയ ദൗത്യമായിരുന്നു പിന്നീട് നടന്നത്. കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് ആ ദൗത്യം നിറവേറ്റിയ ദുബൈ കെഎംസിസി എന്ന പ്രസ്ഥാനത്തിന്റെ കഴിവും നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വളണ്ടിയര്‍മാരുടെയും ഐക്യവും ദുബൈ ഗവണ്മെന്റ് തിരിച്ചറിഞ്ഞ സന്ദര്‍ഭമായി ഈ കോവിഡ് കാലം മാറിയതും ഇന്ത്യക്കാര്‍ക്ക് വിശിഷ്യാ, മലയാളി സമൂഹത്തിന് അഭിമാനിക്കാന്‍ വക നല്‍കുന്നതാണ്.
ഷംസുദ്ദീന് ബിന്‍ മുഹ്യുദ്ദീന്‍
മാനസികമായും സാമ്പത്തികമായും ദുബൈയിലെ വ്യാപാരികള്‍ അടക്കമുള്ളവര്‍ വലിയൊരു പ്രയാസം അനുഭവിക്കുന്ന ഈ കോവിഡ് കാലത്ത് വര്‍സാന്‍ മേഖലയില്‍ വരുന്ന ഭാരിച്ച സാമ്പത്തിക ചെലവുകള്‍ നിവര്‍ത്തിക്കാനും വെല്ലുവിളികള്‍ അതിജീവിക്കാനും യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതി പൂര്‍ത്തിയാക്കാനും കാണിച്ച മികവാണ് ഡോ. അന്‍വര്‍ അമീന് എന്ന വ്യക്തിത്വത്തെ വ്യതിരിക്തനാക്കുന്നത്. ദുബൈയില്‍ കൊറോണയുടെ ആധിക്യം കണ്ടു തുടങ്ങിയ സമയത്ത് ആസ്റ്റര്‍ മെഡിക്കല്‍ സെന്ററും ദുബൈ കെഎംസിസി പ്രവര്‍ത്തകരും ദുബൈ ഹെല്‍ത്ത് അഥോറിറ്റിയുമായി ചേര്‍ന്ന് നായിഫ് പ്രദേശത്ത് ആരംഭിച്ച കൊറോണ ടെസ്റ്റില്‍ പോസിറ്റീവ് കേസുകളുടെ ആധിക്യം കൂടുതല്‍ കണ്ടെത്തിയതും സംഭവത്തിന്റെ ഭീകരാവസ്ഥ മനസ്സിലാക്കി ദ്രുതഗതിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വേണ്ടതാണെന്ന് തിരിച്ചറിയാന്‍ ഇടയാക്കിയിരുന്നു. ഇതിനു വേണ്ടി ദുബൈയിലെ വ്യപാരികളും സാമൂഹിക പ്രവര്‍ത്തകരുമായ മുസ്തഫ ഉസ്മാന്റെയും പൊയില്‍ അബ്ദുല്ലയുടെയും ഡോ. അന്‍വര്‍ അമീന്റെയും നേതൃത്വത്തില്‍ എ, ബി, സി വിഭാഗങ്ങളില്‍ വരുന്ന സൂപര്‍-ഹൈപര്‍ മാര്‍ക്കറ്റുകളുടെ ഉടമകളായ മലയാളി കച്ചവടക്കാരെയെല്ലാം ഉള്‍പ്പെടുത്തി വിപുലമായൊരു യോഗം വിളിക്കുകയും വരാനിരിക്കുന്ന ഭവിഷ്യത്തിനെ കുറിച്ച് വിവരിക്കുകയും മാര്‍ക്കറ്റില്‍ സംഭവിക്കുന്ന
ഡോ. അന്‍വര്‍ അമീന്, പൊയില്‍ അബ്ദുല്ല
ക്ഷാമം മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കണമെന്നും, കടുത്ത മത്സരം നടക്കുന്നതിനാല്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കണമെന്നും മാര്‍ക്കറ്റില്‍ വിലക്കയറ്റം വരാതെ അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പു വരുത്തേണ്ടത് നമ്മുടെ കൂടി ബാധ്യതയാണെന്നും എല്ലാവരും സമൂഹ സുരക്ഷക്കായി സഹകരിക്കണമെന്നും അഭ്യര്‍ത്ഥിക്കുകയും അങ്ങനെ ആദ്യമായി കോവിഡിനെ അതിജീവിക്കാന്‍ മലയാളി കച്ചവടക്കാരുടെ ഒരു കണ്‍സോര്‍ഷ്യം അന്‍വര്‍ അമീന്റെയും ഷംസുദ്ദീന് ബിന്‍ മുഹ്യുദ്ദീന്റെയും നേതൃത്വത്തില്‍ രൂപപ്പെടുകയുമാണുണ്ടായത്. അതില്‍ നിന്നാണ് ആദ്യ ഘട്ടത്തിലെ 3,000ത്തോളം ആളുകള്‍ക്കുള്ള ക്വാറന്റീന് സെന്റര്‍ തയാറായത്. അതിന്റെ മുഴുവന്‍ സാമ്പത്തിക സഹായവും ഈ കച്ചവടക്കാരുടെ കണ്‍സോര്‍ഷ്യമാണ് വഹിച്ചത്. ദുബൈയില്‍ ജോലി ചെയ്യുന്ന ഭൂരിപക്ഷം മലയാളികള്‍ക്കിടയില്‍ ഇത്തരമൊരു സേവനം നടന്നിരുന്നില്ലായിരുന്നുവെങ്കില് കൊറോണ ബാധയില്‍ ഇവിടത്തെ മലയാളി സമൂഹം വിറങ്ങലിച്ചു പോകേണ്ട അവസ്ഥ സംജാതകുമായിരുന്നു. ദുബൈയില്‍ ഇങ്ങനെയൊരു സംവിധാനം ഏര്പ്പെടുത്തിയിരുന്നില്ലായിരുന്നുവെങ്കില് ഇത്രയും മലയാളികള്‍ ഒരുമിച്ചു താമസിക്കുന്ന ഒരു സ്ഥലത്തെ സാമൂഹിക വ്യാപനം ഭീകരമായേനെയെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
ദുബൈയിലെ ഹോട്ടല്‍ ജീവനക്കാരെയാകെ ഒരു കുടക്കീഴിലാക്കുകയെന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ എമിറേറ്റിലെ അര്‍ധ സര്‍ക്കാര്‍ സ്ഥാപനമായ അല്‍വസല്‍ പ്രോപര്‍ടീസ് അല്‍ വര്സാനില് നിര്‍മിച്ച് കമ്മീഷനിംഗിന് സജ്ജമായ
35 കെട്ടിട സമുച്ചയങ്ങളാണ് തല്‍ക്കാലത്തേക്ക് പദ്ധതി മാറ്റി ക്വാറന്റീന് സെന്ററായി മാറിയത്.
ആ കെട്ടിട സമുച്ചയങ്ങള്‍ കണ്ടെത്തി ദുബൈ ഹെല്‍ത്ത് അഥോറിറ്റിക്ക് മുന്‍പാകെ സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്തി അപേക്ഷ നല്കി അത് ക്വാറന്റീന് സെന്ററാക്കിയെടുത്തത് ഈ കൊറോണക്കാലത്ത് മലയാളി സമൂഹത്തിന് അഭിമാനിക്കാന്‍ വക നല്കുന്ന വലിയ നേട്ടം തന്നെയാണ്. അതിന് ചുക്കാന്‍ പിടിച്ച മലയാളികളെന്ന രീതിയില്‍ ഷംസുദ്ദീന് ബിന്‍ മുഹ്യുദ്ദീനും ഡോക്ടര്‍ അന്‍വര്‍ അമീനും അഭിനന്ദനമര്‍ഹിക്കുന്നു.
===================
ഷാ തിരൂര്‍