ഷാര്‍ജയില്‍ വീട്ടുവേലക്കാരി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു

    ഷാര്‍ജ: ഷാര്‍ജ അല്‍ഖാസിമിയ ഏരിയയിലെ കെട്ടിടത്തില്‍ നിന്ന് വീണ് എത്യോപ്യന്‍ സ്ത്രീ മരിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. വിവരമറിഞ്ഞ് പൊലീസ് റെസ്‌ക്യു വിഭാഗവും പാരാമെഡിക്കല്‍ സംഘവും സ്ഥലത്ത് കുതിച്ചെത്തി. നാലാം നിലയില്‍ നിന്നുള്ള വീഴ്ചയില്‍ സ്ത്രീക്ക് ഗുരുതര പരിക്കേറ്റിരുന്നു. സംഭവ സ്ഥലത്ത് തന്നെ ഇവര്‍ മരിച്ചുവെന്നും പൊലീസ് പറഞ്ഞു. വീട്ടുവേലക്കാരിയാണ് ഇവരെന്ന് കരുതുന്നു. സ്ത്രീ കെട്ടിടത്തില്‍ നിന്ന് വീണതിനിരികെ ഒരു ബാഗും കിടന്നിരുന്നു. ഇത് ഈ വീട്ടില്‍ നിന്ന് ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതിന്റെ സൂചനയാണെന്നാണ് അനുമാനം. എന്നാല്‍, അന്വേഷണത്തിലൂടെയേ സത്യാവസ്ഥ അറിയാനാകൂ. ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ഫോറന്‍സിക് ലബോറട്ടറിക്ക് കൈമാറി. സ്ത്രീ ജോലി ചെയ്തിരുന്ന വീട്ടുകാരെ പൊലീസ് ചോദ്യം ചെയ്തു. അല്‍ഗര്‍ബ് പൊലീസ് സ്‌റ്റേഷനാണ് അന്വേഷണ ചുമതല. എത്യോപ്യന്‍ കോണ്‍സുലേറ്റും അന്വേഷണം നടത്തുന്നുണ്ട്.