
തിരൂരങ്ങാടി: ഷിഫാസിന് പരീക്ഷ മുടങ്ങില്ല. മുസ്ലിം യൂത്ത്ലീഗ് ചിറകിലേറി ഷിഫാസ് തിരൂരങ്ങാടിയിലെ സ്കൂളിലെത്തി. ലോക്ക്ഡൗണില്‍ ഇടുക്കി തൊടുപുഴയില്‍ കുടുങ്ങിയ ഷിഫാസിന് സഹായവുമായെത്തിയത് തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റിയാണ്. വിവിധ ജില്ലാ കമ്മിറ്റികളുടെയും വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാരുടെയും സഹായത്തോടെയാണ് ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ ഇടുക്കി ജില്ലയിലെ തൊടുപുഴ കാളിയാര്‍ വണ്ണപ്പുഴ സ്വദേശി പാത്തിങ്ങപ്പാറ മൊയ്തീന്റെ മകന് ഷിഫാസി(17)നെ തിരൂരങ്ങാടിയിലെത്തിച്ചത്.
തിരൂരങ്ങാടി പുതിയ പള്ളിയിലെ ദര്‍സ് വിദ്യാര്‍ഥിയായ ഷിഫാസ് തിരൂരങ്ങാടി ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിയാണ്. പഠനത്തിലും മറ്റും മികവ് പുലര്‍ത്തുന്ന കുട്ടിയാണെങ്കിലും ചെറിയ ശാരീരിക ബുദ്ധിമുട്ടുള്ളതിനാല്‍ മറ്റൊരു കുട്ടിയുടെ സഹായത്തോടെയാണ് ഷിഹാസ് പരീക്ഷകളെഴുതുന്നത്. സ്കൂളിലെ മികച്ച വിദ്യാര്‍ഥികളില്‍ മുന്‍പന്തിയിലുള്ള ഷിഫാസിനെ ഇടുക്കിയിലെ വീട്ടില്‍ നിന്നും പരീക്ഷത്തിക്കാന് സ്കൂളിലെ അധ്യാപകരും പി.ടി.എയും ഒരുപാട് ശ്രമങ്ങള്‍ നടത്തിയിരുന്നു. റബര്‍ വെട്ടുകാരനായ പിതാവിന് ടാക്സി കൂലി താങ്ങാവുന്നതിലും അധികമായിരുന്നു.
അത് കൊണ്ട് തന്നെ പരീക്ഷ മുടങ്ങുമെന്ന അവസ്ഥയിലാണ് സ്കൂളിലെ അധ്യാപകര്‍ മുസ്ലിം യൂത്ത്ലീഗ് പ്രവര്‍ത്തകരുമായി ബന്ധപ്പെടുന്നത്. ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലാ മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റികളെയും വിവിധ വൈറ്റ് ഗാര്‍ഡുകളേയും ബന്ധപ്പെടുത്തിയാണ് വിദ്യാര്‍ഥിയെ എത്തിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയത്.
ഇന്നലെ രാവിലെ ഏഴ് മണിക്കാണ് ഇടുക്കി ജില്ലാ വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ എം.എ സാദിര്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എം നിസാമുദ്ദീന്‍ എന്നിവര്‍ ചേര്‍ന്ന് തൊടുപുഴയിലെ വീട്ടില്‍ നിന്നും ഷിഫാസിനെ എടുക്കുന്നത്. രാവിലെ 9 മണിക്ക് ആലുവയില്‍ നിന്നും എറണാകുളം ജില്ലാ വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ കൊടുങ്ങല്ലൂരിലെത്തിച്ചു. ഉച്ചക്ക് രണ്ടരയോടെ കൊടുങ്ങല്ലൂരില്‍ നിന്നും തിരൂരങ്ങാടി മണ്ഡലം വൈറ്റ് ഗാര്‍ഡ് അംഗങ്ങളായ ജംഷി മാപ്പൂട്ടില്‍, എം.കെ സാലിഹ് എന്നിവര്‍ ചേര്‍ന്ന് പരപ്പനങ്ങാടി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്റെ വാഹനത്തില്‍ തിരൂരങ്ങാടിയില്‍ എത്തിക്കുകയായിരുന്നു.
മുസ്ലിം യൂത്ത്ലീഗ് ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ജില്ലാ ട്രഷറര്‍ വി.ടി സുബൈര്‍ തങ്ങള്‍, മണ്ഡലം ജനറല്‍ സെക്രട്ടറി യു.എ റസാഖ്, ട്രഷറര്‍ അനീസ് കൂരിയാടന്‍, ഷരീഫ് വടക്കയില്‍, പി.ടി സലാഹു, അസീസ് ഉള്ളണം, ടി.പി സലാം മാസ്റ്റര്‍, സി.എച്ച് അബൂബക്കര്‍ സിദ്ദീഖ്, കെ മുഈനുല്‍ ഇസ്ലാം, എസ്.എം.സി ചെയര്മാന് എന്‍.എം അലി, പി.ടി.എ വൈസ് പ്രസിഡന്റ് കെ.ടി ഹനീഫ, അധ്യാപകരായ ശിഹാബ്, നൗഫല്‍, ജാഫര്‍ അരിമ്പ്ര, വി.പി ലത്തീഫ് പങ്കെടുത്തു. ഷിഫാസിനെ പരീക്ഷക്ക് ശേഷം തിങ്കളാഴ്ച്ച ഇതേ രൂപത്തില്‍ ഇടുക്കിയിലെത്തിക്കും.