വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് പുതുക്കിയ മാര്‍ഗരേഖ; ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്റീന്‍ തുടര്‍ന്ന് വീട്ടിലും

61

സ്വന്തമായി കണ്ടെത്തുന്ന കെട്ടിടങ്ങളിലും കഴിയാം

കണ്ണൂര്‍: വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന പ്രവാസികള്‍ക്ക് ആദ്യ ഏഴ് ദിവസം സര്‍ക്കാര്‍ നിശ്ചയിക്കുന്നിടത്തും ബാക്കി ഏഴ് ദിവസം നിശ്ചിത സൗകര്യങ്ങളോടെ വീടുകളിലും നിരീക്ഷണത്തില്‍ കഴിയാമെന്ന് കലക്ടര്‍. കേന്ദ്രസര്‍ക്കാറിന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം ഇറക്കിയ ഉത്തരവിലാണ് ഈ നിര്‍ദേശം.
ഏഴ് ദിവസത്തെ സര്‍ക്കാര്‍ സ്ഥാപന ക്വാറന്റീന്‍ പൂര്‍ത്തിയാക്കി മാറുന്ന വീടുകള്‍ ക്വാറന്റീന് അനുയോജ്യമാണെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പാക്കണം. ആരോഗ്യ വകുപ്പിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ച് ഏഴ് ദിവസം ഹോം ക്വാറന്റീനില്‍ കഴിയാമെന്ന് വീട്ടിലേക്ക് മാറുന്ന വ്യക്തിയില്‍ നിന്ന് ക്യാമ്പ് മാനേജര്‍ സത്യവാങ്മൂലം ഒപ്പിട്ടു വാങ്ങണമെന്നുമാണ് നിര്‍ദേശം. വീട്ടിലേക്ക് മാറാന്‍ യാത്രാ സൗകര്യം സ്വന്തമായി ഒരുക്കണം.
ഹോം ക്വാറന്റീനിലേക്ക് മാറുന്ന വ്യക്തിയുടെ പേരുവിവരങ്ങള്‍ വീട് സ്ഥിതി ചെയ്യുന്ന തദ്ദേശ സ്ഥാപന സെക്രട്ടറിയെയും ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസറെയും അറിയിക്കണം. കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ ബന്ധപ്പെട്ട കാര്യങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണം. വിവരങ്ങള്‍ ക്യാമ്പ് മാനേജര്‍ ഡിസ്ചാര്‍ജ് രജിസ്റ്ററില്‍ രേഖപ്പെടുത്തണം. തിരികെയെത്തുന്ന പ്രവാസികള്‍ തുടക്കത്തില്‍ തന്നെ സ്വന്തമായി കണ്ടെത്തുന്ന വീടുകളിലോ കെട്ടിടങ്ങളിലോ ക്വാറന്റീനില്‍ കഴിയാന്‍ താല്‍പര്യപ്പെടുകയാണെങ്കില്‍ കെട്ടിടത്തിന്റെ വിശദാംശങ്ങള്‍ അതുള്‍പ്പെടുന്ന തദ്ദേശ സ്ഥാപന മേധാവിക്ക് രേഖാമൂലം അപേക്ഷ സമര്‍പ്പിക്കണം. നേരിട്ടോ ഇമെയില്‍, വാട്ട്‌സാപ്പ് വഴിയോ അപേക്ഷ നല്‍കാം. നേരിട്ട് നല്‍കാന്‍ കഴിയാത്തവരുടെ ബന്ധുക്കള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം.
ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധിച്ച് കെട്ടിടം അനുയോജ്യമാണെന്ന് കണ്ടെത്തിയാല്‍ തദ്ദേശ സ്ഥാപന സെക്രട്ടറി ദുരന്തനിവാരണ നിയമപ്രകാരം അത് ഏറ്റെടുത്ത് ക്വാറന്റീന്‍ ഇന്‍സ്റ്റിറ്റിയൂഷനായി വിജ്ഞാപനം പുറപ്പെടുവിച്ച് അക്കാര്യം ക്വാറന്റീനില്‍ കഴിയുന്ന വ്യക്തിയെയും തദ്ദേശ സ്ഥാപന മേധാവിയെയും അറിയിക്കണം.

നിരീക്ഷണത്തില്‍ പ്രവാസികളുള്‍പ്പെടെ 13736 പേര്‍
കണ്ണൂര്‍: വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നവരെ നിരീക്ഷിക്കാന്‍ സിഐമാരുടെ നേതൃത്വത്തില്‍ പൊലീസ് രംഗത്ത്. ജില്ലയില്‍ നിലവില്‍ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി എത്തി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 13736 പേരാണ്.
1913 പേരാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവര്‍. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയത് 11823 പേരാണ്. ഇതില്‍ 6385 പേര്‍ ഇതരസംസ്ഥാനങ്ങളിലെ റെഡ് സ്‌പോട്ട് ജില്ലകളില്‍ നിന്ന് വന്നവരാണ്.