വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ച് നല്‍കുന്ന സംഘം പിടിയില്‍

പെരിന്തല്‍മണ്ണ: വാഹന റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കെറ്റുകള്‍, ലൈസന്‍സുകള്‍ എന്നിവ ഉള്‍പ്പെടെ മറ്റു സര്‍ട്ടിഫിക്കറ്റുകളും വ്യാജമായി നിര്‍മിച്ച് വില്‍പ്പന നടത്തുന്ന സംഘം പെരിന്തല്‍മണ്ണയില്‍ പിടിയില്‍. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി പി.സി ഹരിദാസന്റെ നേതൃത്വത്തില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശശീന്ദ്രന്‍ മേലെയില്‍, പെരിന്തല്‍മണ്ണ ഡാന്‍സാഫ് ടീം എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മലപ്പുറം പൊന്‍മള പട്ടത്ത് മൊയ്തീന്‍ കുട്ടി(44), പെരിന്തല്‍മണ്ണ പട്ടിക്കാട് മുള്ള്യാകുര്‍ശ്ശി നമ്പൂത്ത് ഷിഹാബുദ്ദീന്‍(40) എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച പെരിന്തല്‍മണ്ണ കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്റ് പരിസരത്ത് വച്ചാണ് ഷിഹാബിനെ മാരേജ് സര്‍ട്ടിഫിക്കറ്റുമായി പിടികൂടിയത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ മലപ്പുറം കോട്ടപ്പടിയില്‍ പ്രിന്റെക്‌സ് എന്ന പ്രിന്റിങ് സ്ഥാപനത്തില്‍ വച്ച് മൊയ്തീന്‍കുട്ടിയാണ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി ഉണ്ടാക്കുതെന്ന വിവരം ലഭിച്ചു.
അന്ന് തന്നെ വൈകിട്ട് ഏഴ് മണിയോടെ മലപ്പുറത്ത് മൊയ്തീന്‍ കുട്ടിയെ കസ്റ്റഡിയിലെടുത്തു. സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ പല പേരിലുള്ള ആര്‍.സികളും ലൈസന്‍സുകള്‍, കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ്, പ്രിന്റര്‍, ലാമിനേഷന്‍ മെഷീന്‍, സര്‍ട്ടിഫിക്കറ്റുകള്‍ പ്രിന്റ് ചെയ്യാനുള്ള പ്രത്യേക തരം പേപ്പര്‍ എന്നിവ കണ്ടെടുത്തു. മൊമെന്റോകളും മറ്റും പ്രിന്റ് ചെയ്യുന്നതിന്റെ മറവിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകളും മറ്റും നിര്‍മിച്ച് വില്‍പ്പന നടത്തുന്നത്.
ഏഴാംക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള മൊയ്തീന്‍ കുട്ടി യൂണിവേഴ്‌സിറ്റി അധികാരികള്‍, ആര്‍.ടി.ഒ എന്നിങ്ങനെയുള്ളവരുടെ ഒപ്പുകള്‍ ഒറ്റനോട്ടത്തില്‍ മനസിലാക്കാനും അതു പോലെ തന്നെ ആര്‍ക്കും മനസ്സിലാകാത്ത രീതിയില്‍ സര്‍ട്ടിഫിക്കറ്റില്‍ ഇടാനും സീല്‍, കമ്പ്യൂട്ടറില്‍ തന്നെ നിര്‍മിച്ച് പതിപ്പിക്കാനും വിദഗ്ധനാണ്. അതുകൊണ്ട് തന്നെ ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഓര്‍ഡറുകള്‍ വിദേശത്ത് നിന്നു പോലും വരുന്നുണ്ട്. നാട്ടില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചു നല്‍കുന്നതായി പറയുന്നു.
10000 മുതല്‍ 25000 വരെ രൂപക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ വില്‍ക്കുന്നത്. ആവശ്യക്കാരെ കണ്ടെത്താനും പണം വാങ്ങുന്നതിനുമായി പല സ്ഥലങ്ങളിലായി ട്രാവല്‍സ് ഏജന്റുമാരുള്‍പ്പടെയുള്ള സംഘം ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നതായും ഇവരെകുറിച്ചുള്ള വിവരങ്ങള്‍ പ്രതികളില്‍ നിന്നും ലഭിച്ചതായും ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിയവരെകുറിച്ച് വിവരങ്ങള്‍ ലഭിച്ചതായും അന്വേഷണം നടത്തുമെന്നും ഡി.വൈ.എസ്.പി അറിയിച്ചു.
മൊയ്തീന്‍ കുട്ടിയുടെ പേരില്‍ മലപ്പുറം, താനൂര്‍, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, മണ്ണാര്‍ക്കാട്, നെന്‍മാറ, പൊന്നാനി, മഞ്ചേരി, കോഴിക്കോട്, നല്ലളം, എറണാകുളം എന്നിവിടങ്ങളില്‍ ഇതേ കേസുകള്‍ നിലവിലുണ്ട്. 2015ല്‍ പെരിന്തല്‍മണ്ണയില്‍ തന്നെയാണ് അവസാനമായി അറസ്റ്റ് ചെയ്തത്. ഈ കേസുകളിലെല്ലാം ജാമ്യത്തിലിറങ്ങിയതാണ്.
പ്രത്യേക അന്വേഷണ സംഘത്തിലെ സി.പി മുരളീധരന്‍, ടി.ശ്രീകുമാര്‍, എന്‍.ടി കൃഷ്ണകുമാര്‍, എം.മനോജ്കുമാര്‍, കെ.സുകുമാരന്‍, ഫൈസല്‍ സുനിജ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

മൊയ്തീന്‍ കുട്ടി
ഷിഹാബുദ്ദീന്‍