ദുബൈ എയര്‍പോര്‍ട്ടിന് സമീപം കെട്ടിടത്തിന് തീപിടിച്ചു

  101

  റാഷിദിയ, ഖിസൈസ്, കറാമ, പോര്‍ട്ട് സഈദ് സ്‌റ്റേഷനുകളിലെ സിവില്‍ ഡിഫന്‍സ് ടീം തീയണച്ചു. ആര്‍ക്കും പരിക്കില്ല.

  ദുബൈ: ദുബൈ എയര്‍പോര്‍ട്ടിന് സമീപം ഉമ്മു റമൂല്‍ ഏരിയയിലെ ഒരു കോണ്‍ട്രാക്ടിംഗ് കമ്പനി കെട്ടിടത്തിലുണ്ടായ തീപിടിത്തം ദുബൈ സിവില്‍ ഡിഫന്‍സ് ടീം അണച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. ശനിയാഴ്ച രാവിലെ 8.50നായിരുന്നു തീപിടിച്ചത് സംബന്ധിച്ച് തങ്ങള്‍ക്ക് അടിയന്തിര വിവരം ലഭിച്ചതെന്ന് സിവില്‍ ഡിഫന്‍സ് ടീം വെളിപ്പെടുത്തി. അല്‍റാഷിദിയ സ്‌റ്റേഷനില്‍ നിന്നുള്ള അഗ്‌നിശമന സംഘം ഏഴു മിനിറ്റിനകം സ്ഥലത്തെത്തിച്ചേര്‍ന്നു. ആര്‍ക്കും പൊള്ളലോ മറ്റു പരിക്കുകളോ ഇല്ലാതെ തന്നെ രാവിലെ 10.36ഓടെ തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതായി സിവില്‍ ഡിഫന്‍സ് വക്താവ് അറിയിച്ചു.
  ഒരു കരാര്‍ കമ്പനിയും കാര്‍ പാര്‍ക്കിംഗ് സൗകര്യവും ഉള്‍പ്പെടുന്ന ഒറ്റനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.
  ഖിസൈസ്, കറാമ, പോര്‍ട്ട് സഈദ് സ്‌റ്റേഷനുകളിലെ വിദഗ്ധരും അഗ്‌നിശമനത്തിന് സഹായിച്ചു. അഗ്‌നിബാധ സംബന്ധിച്ച് അധികൃതര്‍ അന്വേഷണമാരംഭിച്ചു.

  ദുബൈ എയര്‍പോര്‍ട്ടിന് സമീപം ഉമ്മു റമൂല്‍ ഏരിയയിലെ ഒരു കെട്ടിടത്തിലുണ്ടായ അഗ്‌നിബാധ അണക്കുന്നു