അഷ്റഫ് വേങ്ങാട്ട്
റിയാദ്: സഊദിയിലെ ലക്ഷക്കണക്കിന് മലയാളികളുടെ ആശങ്കള്‍ക്ക് വിരാമമിട്ട് കോവിഡ് 19 കാലത്തെ കേരളത്തിലേക്കുള്ള പ്രത്യേക വിമാന സര്‍വീസിന് തുടക്കമായി. പ്രവാസികളുടെ മടക്ക യാത്രയുമായി ബന്ധപ്പെട്ട് സഊദിയില്‍ നിന്നുള്ള ആദ്യ വിമാനമാണ് റിയാദില്‍ നിന്ന് കരിപ്പൂരിലേക്ക് വെള്ളിയാഴ്ച പുറപ്പെട്ടത്. രാത്രി 8.30നാണ് ലാന്റിംഗ്. 152 യാത്രക്കാരുമായാണ് എയര്‍ ഇന്ത്യയുടെ എഐ 922 നമ്പര്‍ വിമാനം 1.20ന് പറന്നുയര്‍ന്നതെന്ന് എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് ഡ്യൂട്ടി മാനേജര്‍ സിറാജ് മിഡില്‍ ഈസ്റ്റ് ചന്ദ്രികയോട് പറഞ്ഞു. നാല് ക്യാപ്റ്റന്മാരും നാല് കാബിന് ക്രൂവുമടക്കം ആകെ 160 പേരാണ് വിമാനത്തിലുളളത്. യാത്രക്കാരില്‍ 148 മുതിര്‍ന്നവരും നാലു കുട്ടികളുമാണുള്ളത്.
ഇവരില്‍ 74 ഗര്‍ഭിണികളാണുള്ളത്. ബാക്കിയുള്ളവര്‍ രോഗികളും പ്രായാധിക്യമുള്ളവരും വിസാ കാലാവധി കഴിഞ്ഞവരുമാണ്.
വിമാനത്താവളത്തില്‍ 9 മണിക്ക് മുന്‍പ് തന്നെ എത്തിത്തുടങ്ങിയ യാത്രക്കാരെ സാമൂഹിക അകലം പാലിച്ച് എയര്‍ ഇന്ത്യ കൗണ്ടറില്‍ ചെക്ക് ഇന്‍ ചെയ്തു. എമിഗ്രേഷന്‍ കൗണ്ടറിലും സുരക്ഷാ പരിശോധനയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടപടികള്‍ പൂര്‍ത്തിയാക്കി. വിമാനത്തിലേക്ക് കയറുന്നതിന് മുന്‍പായി മറ്റ് പരിശോധനകളും തെര്‍മല്‍ സ്കാനിംഗും നടത്തി. ആര്‍ക്കും കോവിഡിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തി.
റിയാദിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും യാത്രക്കാര്‍ക്ക് സഹായങ്ങളുമായി രംഗത്തുണ്ടായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ റദ്ദാക്കിയ ശേഷം ഇന്ത്യയിലേക്കുള്ള ആദ്യ വിമാനത്തിലെ യാത്രക്കാരെ യാത്രയാക്കാന്‍ റിയാദിലെ കെഎംസിസി പ്രവര്‍ത്തകരും വിമാനത്താവളത്തിലെത്തിയിരുന്നു. യാത്രക്കാര്‍ക്ക് സുരക്ഷാ കിറ്റുകള്‍ വിതരണം ചെയ്തു. റിയാദ് കെഎംസിസി നേതാക്കളായ അഷ്റഫ് വേങ്ങാട്ട്, സി.പി മുസ്തഫ, നൗഷാദ് ചാക്കീരി, മുഹമ്മദ് തളിപ്പറമ്പ്, ഹുസ്സൈന്‍ കൊപ്പം, ഫള്ല് റഹ്മാന് എന്നിവരുടെ നേതൃത്വത്തിലാണ് സേഫ്റ്റി കിറ്റ് വിതരണം നടത്തിയത്.