ഇന്ത്യയിലേക്കുള്ള ആദ്യ വിമാനങ്ങള്‍ പുറപ്പെട്ടു- യാത്രക്കാരില്‍ ഗര്‍ഭിണികളും തൊഴില്‍ നഷ്ടപ്പെട്ടവരും

ദുബൈ: പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ദൗത്യവുമായി യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ആദ്യ വിമാനങ്ങള്‍ പുറപ്പെട്ടു. അബുദാബിയില്‍ നിന്നും കൊച്ചിയിലേക്ക് വൈകുന്നേരം 4.15നും ദുബൈയില്‍ നിന്നും കോഴിക്കോട്ടേക്ക് 5.10നുമാണ് നാട്ടിലേക്ക് തിരിച്ചത്. രണ്ടു വിമാനങ്ങളിലുമായി 354 യാത്രക്കാരാണുള്ളത്. ഗള്‍ഭിണികള്‍, പ്രായമായവര്‍, മറ്റു രോഗങ്ങളുള്ളവര്‍, സന്ദര്‍ശ വിസയിലെത്തിയവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍ എന്നിങ്ങനെയുള്ളവരാണ് ആദ്യ വിമാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വിമാനത്താവളത്തില്‍ മെഡിക്കല്‍ പരിശോധന നടത്തി. കോവിഡ് കണ്ടെത്താനുള്ള റാപിഡ് പരിശോധന നടത്തിയ ശേഷമാണ് യാത്രക്കാരെ വിമാനത്തില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ ആര്‍ക്കും രോഗമില്ലെന്ന വിവരമാണ് ലഭിച്ചത്. പരിശോധന നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ക്കായി അഞ്ച് മണിക്കൂര്‍ മുമ്പ് യാത്രക്കാര്‍ വിമാനത്താവളത്തിലെത്തിയിരുന്നു. നാട്ടിലേക്ക് പോവാന്‍ സന്നദ്ധത പ്രകടിപ്പിച്ച് യുഎഇ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ 2 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അപേക്ഷകരില്‍ അത്യാവശ്യ കാറ്റഗറിയില്‍ ഉള്‍പ്പെട്ടവരെയാണ് ആദ്യ വിമാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ദുബൈയില്‍ നിന്നും പുറപ്പെട്ട വിമാനത്തില്‍ 11 ഗര്‍ഭിണികളാണുള്ളത്. അതേസമയം ഇന്നലെ യാത്രക്കാരുടെ ലിസ്റ്റ് തയ്യാറാക്കി ഫോണില്‍ വിളിച്ചപ്പോള്‍ പലരും യാത്ര ചെയ്യാന്‍ സന്നദ്ധരായിരുന്നില്ല. പലരും പല കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറി. ഒടുവില്‍ രണ്ടാമത് ലിസ്റ്റ് തയ്യാറാക്കിയാണ് രണ്ട് വിമാനങ്ങളിലും യാത്രക്കാരെ തികച്ചത്. ഈ സമയം അത്യാവശ്യക്കാരെ പ്രത്യേക അപേക്ഷപ്രകാരം ഉള്‍പ്പെടുത്തിയതായി എംബസി വൃത്തങ്ങള്‍ പറഞ്ഞു. മെയ് 12ന് ദുബൈയില്‍ നിന്നും കണ്ണൂരിലേക്കുള്ള വിമാനം പുറപ്പെടും.