പ്രവാസികളുടെ മടക്കയാത്ര ആദ്യ വിമാനം കേരളത്തിലേക്ക്

146

ദുബൈ: ഗള്‍ഫില്‍ നിന്നും പ്രവാസികളെ നാട്ടിലേക്ക് അയക്കുന്ന പദ്ധതിയില്‍ കേരളത്തിന് പരിഗണന. അപേക്ഷകരില്‍ കേരളത്തില്‍ നിന്നുള്ളവരെ ആദ്യം അയക്കും. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ആദ്യ രണ്ട് വിമാനങ്ങള്‍ വ്യാഴാഴ്ച കേരളത്തിലേക്കായിരിക്കുമെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ അറിയിച്ചു. മെയ് 7 മുതല്‍ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ ഘട്ടംഘട്ടമായി തിരിച്ചയക്കാനുള്ള പദ്ധതികള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇപ്പോഴാണ് പ്രഖ്യാപിച്ചത്. മുന്‍ഗണനാ പ്രകാരം പട്ടിക എയര്‍ഇന്ത്യക്ക് നല്‍കും. ടിക്കറ്റ് ഇഷ്യു ചെയ്യാനായി ഓരോ യാത്രക്കാരെയും എയര്‍ ഇന്ത്യയുമായി ബന്ധപ്പെടാന്‍ ഞങ്ങള്‍ വിളിക്കുകയും ഇമെയില്‍ ചെയ്യുകയും ചെയ്യും. സംസ്ഥാനത്ത് നിന്നുള്ള അപേക്ഷകരുടെ എണ്ണം കണക്കിലെടുത്ത് വ്യാഴാഴ്ച നടക്കുന്ന ആദ്യ രണ്ട് വിമാനങ്ങള്‍ കേരളത്തിലേക്കാണ് പോകുന്നത്-പവന്‍ കപൂര്‍ പറഞ്ഞു. ദുരിതത്തിലായ ബ്ലൂ കോളര്‍ തൊഴിലാളികള്‍, മെഡിക്കല്‍ എമര്‍ജന്‍സി ഉള്ളവര്‍, വൃദ്ധരും ഗര്‍ഭിണികളും ഉള്‍പ്പെടെയുള്ളവര്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവരാണ് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അപേക്ഷകര്‍ സൂചിപ്പിച്ച ലക്ഷ്യസ്ഥാനങ്ങളിലേക്ക് മിക്കവാറും എല്ലാ ദിവസവും വിമാന സര്‍വീസുകള്‍ നടത്തും. എന്നാല്‍ നാവിക കപ്പലുകളില്‍ തിരിച്ചയക്കുന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച വരെ, നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന 197,000-ത്തിലധികം ഇന്ത്യക്കാര്‍ യുഎഇയിലെ ഇന്ത്യന്‍ മിഷനുകളില്‍ ഇ-രജിസ്‌ട്രേഷന്‍ ലിങ്ക് http://cgidubai.gov.in/covid_register/ വഴി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.