ലോക്ഡൗണിലും തളരാതെ ബോബിയും കൂട്ടരും
പാലക്കാട്: കോവിഡ്കാലത്ത് സാമ്പത്തികപ്രതിസന്ധിയെ മുന്നില്‍ കാണുന്നുവോ? എങ്കില്‍ വീട്ടിലിരുന്നും എളുപ്പത്തില്‍ വരുമാനമുണ്ടാക്കാവുന്ന വിദ്യ ഇതാ. ചെറിയ സ്ഥലത്ത്് അരലക്ഷത്തോളംരൂപ മുടക്കി നിര്‍മിക്കുന്ന വെള്ളടാങ്കില്‍ മീന്‍വളര്‍ത്തിയാണ് തൊഴിലിന്റെയും വരുമാനത്തിന്റെയും ഈ പുതുവഴി. 12,000ലിറ്റര്‍ വെള്ളം കൊള്ളുന്ന ടാര്‍പോളിന്‍ കൊണ്ടുള്ള ടാങ്കാണ് വീട്ടിലെ ഈ മത്സ്യഫാമിന് വേണ്ടത്. ഇരുമ്പുകമ്പികള്‍ കൊണ്ട് വെല്‍ഡ്‌ചെയ്ത് വൃത്താകൃതിയില്‍ നിര്‍മിക്കുന്ന ടാങ്കില്‍ ആയിരത്തിനും രണ്ടായിരത്തിനുമിടയില്‍ മീനുകള്‍ വളര്‍ത്താം. കേരളത്തില്‍ തന്നെ ഈ പുതിയ പരീക്ഷണത്തില്‍ വിജയം നേടിയിരിക്കുകയാണ് നെന്മാറ പോത്തുണ്ടി സ്വദേശികളായ ബോബിയും കൂട്ടുകാരും. ടാങ്കിന് 40,000 മുതല്‍ 50,000 രൂപവരെയാണ് നിര്‍മാണചെലവെന്ന് ബോബി പറഞ്ഞു. നാലുമാസം കൂടുമ്പോള്‍ മീന്‍ വിളവെടുക്കാനാവും. ഇലക്ട്രീഷ്യനായ ബോബി ഡാനിയേലും വെല്‍ഡറായ രാജേഷും അയല്‍വാസിയായ മാധവന്റെ അഞ്ചുസെന്റ് സ്ഥലത്താണ് നാല് ടാങ്കുകള്‍ മീന്‍വളര്‍ത്തലിനായി നിര്‍മിച്ചിട്ടുള്ളത്. സിലോപ്പിയ, ഞെട്ടര്‍, വാള, കരിമീന്‍, ചെമ്മീന്‍ തുടങ്ങിയ മീനുകള്‍ ഈ ടാങ്കുകളില്‍ വളര്‍ത്താം. കൃഷിയുടെ പ്രധാനശ്രദ്ധവേണ്ടത് വെള്ളത്തിന്റെ പരിശുദ്ധിയാണ്. വേണ്ടത്ര അളവില്‍ മൂലകങ്ങള്‍ ടാങ്കുകളില്‍ ഉണ്ടായിരിക്കണം. ഇതിനായി പരിശോധനക്ക് പ്രത്യേകകിറ്റ് വിപണിയില്‍ ലഭിക്കും. വെള്ളത്തില്‍ മതിയായ വായു ഉറപ്പുവരുത്തുന്നതിന് 90 വാട്ട് ശേഷിയുള്ള മോട്ടോര്‍ ഓരോ ടാങ്കിലും ഘടിപ്പിക്കണം. ഇതുവഴി സദാസമയവും ടാങ്കിലെ വെള്ളത്തില്‍ മീനുകള്‍ക്ക് വേണ്ട വായു ലഭിക്കും. യൂട്യൂബിലും മറ്റും പഠനംനടത്തിയാണ് ബോബിയും കൂട്ടരും ഈ പുതിയ മീന്‍വളര്‍ത്തല്‍ വിദ്യ ആരംഭിച്ചത്. എറണാകുളത്തെ ചിലരുടെ സഹായം ആദ്യഘട്ടത്തില്‍ ലഭിച്ചിരുന്നു. വലയുമായി പൊതുകുളങ്ങളില്‍ മീന്‍പിടിക്കാന്‍ പോവുക പതിവായിരുന്ന ഈ കൂട്ടുകാര്‍ക്ക് ഇടക്ക് തോന്നിയ പരീക്ഷണമാണ് ബയോഫ്‌ളോക് എന്നു പേരുള്ള മീന്‍വളര്‍ത്തല്‍ വിദ്യക്ക് കാരണമായത്. നാല് ടാങ്കുകളാണ് ബോബിയും കൂട്ടരും സജ്ജീകരിച്ചിട്ടുള്ളത്. മഴവെള്ളവും മാലിന്യങ്ങളും വീഴാതിരിക്കാന്‍ ടാങ്കുകള്‍ക്ക് മുകളില്‍ ടാര്‍പ്പായകൊണ്ട് മേല്‍ക്കൂരയും തയ്യാറാക്കിയിട്ടുണ്ട്. വിളവെടുക്കുന്ന മീന്‍ വാട്‌സ്ആപ്പ് മുഖേന അറിയിച്ചശേഷം പിറ്റേന്ന് വീടിന് മുന്നിലുള്ള റോഡരികില്‍ തന്നെയാണ് വില്‍പ്പനക്ക് വെക്കുക. പ്രതിമാസം മുപ്പതിനായിരം രൂപയോളം ഒരുടാങ്കില്‍ നിന്ന് ലാഭിക്കാനാകുമെന്ന് ഇവര്‍ പറയുന്നു.