പ്രളയത്തിലെ നഷ്ടം: മത്സ്യകൃഷി കര്‍ഷകന് നഷ്ടപരിഹാരം 656 രൂപ

8
പുനര്‍ നിര്‍മിച്ച മത്സ്യക്കുളത്തിനരികെ ജോഷിയും മകനും

ചെറുപുഴ: പ്രളയത്തിലെ ഭീമമായ നഷ്ടത്തിന് പരിഹാരം തുഛമായ തുക. പരിഹാസമായി മാറുന്നു സര്‍ക്കാറിന്റെ കരുതല്‍.
മത്സ്യകൃഷി നശിച്ച കര്‍ഷകനോടാണ് ഈ അനീതി. പ്രളയത്തില്‍ നഷ്ടം നേരിട്ടയാള്‍ക്കാണ് വെറും 656 രൂപ അനുവദിച്ച് കയ്യൊഴിഞ്ഞത്. ചെറുപുഴ കോക്കടവിലെ പാത്രപാങ്കല്‍ ജോഷിക്കാണ് ഈ ദുരനുഭവം. ഫിഷറീസ് വകുപ്പ് മുഖേനയാണ് നഷ്ട പരിഹാരമായി 656 രൂപ ലഭിച്ചത്. കഴിഞ്ഞ പ്രളയത്തിലെ മലവെള്ളപ്പാച്ചിലില്‍ കൃഷിയും കുളവും നാനൂറിലധികം മത്സ്യങ്ങളും നശിച്ച കര്‍ഷകനെയാണ് നിസാര തുക നല്‍കി ഫിഷറീസ് വകുപ്പ് ചെറുതാക്കിയത്.
പ്രളയത്തില്‍ മത്സ്യം വളര്‍ത്തുന്ന കുളവും ഒരു കിലോ മുതല്‍ രണ്ട് കിലോ വരെ തൂക്കമുള്ള നാനൂറിലധികം മത്സ്യങ്ങളും പൂര്‍ണമായി നശിച്ചിരുന്നു. നഷ്ടപരിഹാരത്തിന് ജോഷി അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് ഫിഷറീസ് വകുപ്പ് അധികൃതര്‍ എത്തി പരിശോധനയും നടത്തി. നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് അറിയിച്ചു. അപേക്ഷ തയ്യാറാക്കാനും ചിത്രം എടുക്കാനും ഉദ്യോഗസ്ഥരെ കൊണ്ടുവരുന്നതിനും വന്‍തുക തന്നെ ജോഷിക്ക് ചെലവായി.
മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം അക്കൗണ്ടില്‍ പണമെത്തി. പരിശോധിച്ചപ്പോള്‍ 656 രൂപ. കര്‍ഷകരെ അപമാനിക്കുന്നതിന് തുല്യമായി ഇതെന്ന് മറ്റ് കര്‍ഷകരിലും അഭിപ്രയമുയര്‍ന്നിട്ടുണ്ട്. കുളത്തില്‍ ജോഷി ഉപയോഗിച്ച പ്ലാസ്റ്റിക് ഷീറ്റിന് മാത്രമായി 20,000 രൂപ വിലയുണ്ട്. ആകെ 25 സെന്റ് സ്ഥലമാണുള്ളത്. ഈ ഭൂമിയില്‍ മാതൃകാ കൃഷി ചെയ്ത് ശ്രദ്ധ നേടിയ യുവ കര്‍ഷകനാണ് ജോഷി.
പ്രളയത്തിന് ശേഷം കുളത്തിന്റെ പുനര്‍ നിര്‍മാണത്തിനും മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കാനും ജോഷിക്ക് സഹായം നല്‍കിയത് കൃഷിത്തോട്ടം ഗ്രൂപ്പെന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയാണ്. 400 മത്സ്യ കുഞ്ഞുങ്ങളെയും കുളത്തില്‍ വെള്ളം സംഭരിച്ച് നിര്‍ത്താന്‍ 20,000 രൂപ വില മതിക്കുന്ന പ്ലാസ്റ്റിക് ഷീറ്റും നല്‍കിയത് ഈ കൂട്ടായ്മയാണ്. കര്‍ഷകരോടുള്ള സര്‍ക്കാറിന്റെ ഇത്തരം അവഗണനയാണ് കൃഷിയില്‍ നിന്നും പിന്‍ തിരിയാന്‍ പ്രേരിപ്പിക്കുന്നതെന്ന് ജോഷി പറയുന്നു. വിഷയം കര്‍ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്.