മത്സ്യബന്ധനം നടത്താം നിബന്ധനകളോടെ

13

രജിസ്റ്റര്‍ ചെയ്യണം 24 മണിക്കൂര്‍ മുമ്പ്

കണ്ണൂര്‍: യന്ത്രവല്‍കൃത യാനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി മത്സ്യബന്ധനത്തിന് അനുമതി. ഹാര്‍ബര്‍ മാനേജ്മെന്റ് ഗവേണിംഗ് കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.
കടലില്‍ പോകുന്ന തൊഴിലാളികള്‍ 24 മണിക്കൂറിന് മുമ്പ് ഹാര്‍ബറില്‍ സജ്ജീകരിച്ച നിരീക്ഷണ കേന്ദ്ര ഉദ്യോഗസ്ഥരില്‍ നിന്ന് ടോക്കണ്‍ വാങ്ങണം. യാന രജിസ്ട്രേഷന്‍ നമ്പര്‍, പോകുന്നവരുടെ പേര്, ഐഡി, ആധാര്‍ നമ്പര്‍, യാത്രാ കാലയളവ് എന്നീ വിവരങ്ങള്‍ ബൂത്തില്‍ നല്‍കണം. ടോക്കണ്‍ അടിസ്ഥാനത്തിലാണ് മത്സബന്ധനാനുമതി ലഭിക്കുക.
25 എച്ച്പിയിലോ താഴെയോ കുതിര ശക്തിയുള്ള ഒബിഎം എഞ്ചിനുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പരമ്പരാഗത യാനങ്ങള്‍ക്കും 32 അടിയോ അതില്‍ താഴെയോ ഒഎഎല്‍ ഉള്ള പരമാവധി അഞ്ച് പേര്‍ ജോലി ചെയ്യുന്ന യാനങ്ങള്‍ക്കുമാണ് അനുമതി. മത്സ്യബന്ധനത്തിന് പുറപ്പെടുന്ന ബോട്ടുകള്‍ അതത് ദിവസം തിരിച്ചെത്തണമെന്നും നിര്‍ദേശമുണ്ട്. പുലര്‍ച്ചെ നാല് മുതല്‍ വൈകിട്ട് നാല് വരെയാണ് അനുവദിച്ച സമയം.
രാത്രി കാല മത്സ്യബന്ധനത്തിന് അനുമതിയില്ല. മത്സ്യബന്ധനത്തിന് പോകുന്നവര്‍ നിലവില്‍ അതത് ജില്ലകളില്‍ താമസിക്കുന്ന തൊഴിലാളികള്‍ ആയിരിക്കണം. ഇവര്‍ ജില്ല വിട്ട് മറ്റ് സ്ഥലങ്ങളില്‍ പോകാന്‍ പാടില്ല. ഇക്കാര്യം ബോട്ടുടമകള്‍ ഉറപ്പാക്കണം. ഹാര്‍ബറില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നടത്തണം.
നിയന്ത്രണങ്ങള്‍ പാലിച്ചാകണം മത്സ്യബന്ധനം. ലേലം ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. ഹാര്‍ബര്‍ മാനേജ്മെന്റ് കമ്മിറ്റി നിശ്ചയിച്ച വിലയിലാണ് മത്സ്യം വില്‍ക്കേണ്ടത്.
ഹാര്‍ബറുകളിലെയും മത്സ്യം കരയ്ക്കടുപ്പിക്കുന്ന കേന്ദ്രങ്ങളിലെയും ബൂത്തുകളില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബൂത്തില്‍ നോഡല്‍ ഓഫീസര്‍മാരുടെ പേരും ഫോണ്‍ നമ്പറും പ്രദര്‍ശിപ്പിച്ച് മത്സ്യബന്ധനത്തിന് അനുമതി നല്‍കിയ യാന ഉടമകള്‍ക്ക് ലഭ്യമാക്കും.

പാലിക്കേണ്ട നിര്‍ദേശങ്ങള്‍
=മത്സ്യബന്ധനം നടത്തുന്ന യാനങ്ങള്‍ക്ക് കേരളത്തിലുള്ള രജിസ്ട്രേഷനും ലൈസന്‍സും നിര്‍ബന്ധമാണ്.
=ഹാര്‍ബറുകളില്‍ നിന്നും മത്സ്യം കരക്കടുപ്പിക്കുന്ന കേന്ദ്രങ്ങളില്‍ നിന്നും പുറപ്പെടുന്ന യാനങ്ങള്‍ ഇവിടെ തന്നെ തിരിച്ചെത്തണം.
=മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളില്‍ ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ നിരീക്ഷണ ബൂത്തിലെ നോഡല്‍ ഓഫീസറെ ബന്ധപ്പെട്ട് ഉടനെ കരയില്‍ എത്താന്‍ സംവിധാനം ഒരുക്കണം.
=ഹാര്‍ബറുകള്‍, മത്സ്യം കരക്കടുപ്പിക്കല്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്ക് പ്രവേശനം മത്സ്യത്തൊഴിലാളികള്‍ക്കും യാനത്തില്‍ മത്സ്യബന്ധനത്തിന് പോകുന്ന ജോലിക്കാര്‍ക്കും മത്സ്യക്കച്ചവടക്കാര്‍ക്കും മാത്രമായിരിക്കും.
=കടലില്‍ മത്സ്യബന്ധന സമയത്ത് മറ്റ് ബോട്ടുകളിലെ തൊഴിലാളികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാനോ സാധനങ്ങള്‍ കൈമാറാനോ പാടില്ല.
=മത്സ്യബന്ധന വേളയില്‍ തൊഴിലാളികളില്‍ ആര്‍ക്കെങ്കിലും ചുമ, പനി, തൊണ്ടവേദന തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ പ്രകടമായാല്‍ മത്സ്യബന്ധനം നിര്‍ത്തി യാനം കരക്കടുപ്പിക്കണം.
പിടിച്ച മത്സ്യം സ്പര്‍ശിക്കുകയോ കഴിക്കുകയോ ചെയ്യരുത്. മത്സ്യം തിരികെ കടലില്‍ ഒഴുക്കാനും പാടില്ല.
=മത്സ്യബന്ധനത്തിന് ശേഷം തിരിച്ചെത്തുന്ന യാനങ്ങള്‍ ഹാര്‍ബര്‍, കരക്കടുപ്പിക്കല്‍ കേന്ദ്രങ്ങളില്‍ മാറ്റിയിട്ട് തൊഴിലാളികള്‍ എത്തിയ വിവരം റിപ്പോര്‍ട്ട് ചെയ്യണം.