യുഎഇയില്‍ നിന്ന് 14 കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 545 പേര്‍ ഇന്ന് കേരളത്തിലെത്തും

  160

  റസാഖ് ഒരുമനയൂര്‍
  അബുദാബി: പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി രണ്ടാം ഘട്ട സര്‍വീസ് നടത്തുന്ന മൂന്ന് വിമാനങ്ങള്‍ ഇന്ന് യുഎഇയില്‍ നിന്ന് കേരളത്തിലെത്തും. അബുദാബിയില്‍ നിന്ന് കോഴിക്കോട്, തിരുവന്തപുരം; ദുബൈയില്‍ നിന്ന് കൊച്ചി എന്നിവിടങ്ങളിലേക്കാണ് യാത്രക്കാരെ കൊണ്ടു പോകുന്നത്.
  രണ്ടു വയസിന് താഴെയുള്ള 14 കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 545 പേരാണ് മൂന്ന് വിമാനത്താവളങ്ങളിലായി എത്തുക. അടിയന്തിരമായി യാത്ര ചെയ്യേണ്ടവരുടെ പട്ടിക തയാറാക്കി മുന്‍ഗണനാ ക്രമത്തിലാണ് യാത്രക്കാരെ തെരഞ്ഞെടുത്തിട്ടുള്ളത്.
  ഇക്കുറി അനര്‍ഹര്‍ കയറിക്കൂടാതിരിക്കാന്‍ എംബസി ഉദ്യോഗസ്ഥര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയിട്ടുണ്ടാകുമെന്ന വിശ്വാസമാണുള്ളത്. ദുബൈയില്‍ നിന്നുള്ള വിമാനം വൈകുന്നേരം കൊച്ചിയില്‍ 6.30ഓടെയും; അബുദാബി-തിരുവനന്തപുരം വിമാനം രാത്രി 10.40നും; കോഴിക്കോട് 11.30നും എത്തിച്ചേരും.
  ഞായറാഴ്ച അബുദാബി-കൊച്ചി, ദുബൈ-കൊച്ചി, കണ്ണൂര്‍, മസ്‌കത്ത്-തിരുവനന്തരപുരം എന്നീ സര്‍വീസുകളും എയര്‍ഇന്ത്യ എക്‌സ്പ്രസ്സ് നടത്തുന്നുണ്ട്. എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് യാത്ര അനുവദിച്ചിട്ടുള്ളത്.