എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ടിക്കറ്റ് ഇഷ്യു ചെയ്തു തുടങ്ങി; വ്യാഴാഴ്ച വൈകുന്നേരം 4.15ന് ആദ്യ വിമാനം അബുദാബിയില്‍ നിന്ന്

    അബുദാബി: രണ്ടു മാസത്തെ കാത്തിരിപ്പിനു ശേഷം ഗള്‍ഫില്‍ നിന്നും ഇന്ത്യയിലേക്ക് വ്യാഴാഴ്ച വീണ്ടും വിമാന സര്‍വീസ് ആരംഭിക്കുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വ്യാഴാഴ്ച വൈകുന്നേരം 4.15ന് അബുദാബിയില്‍ നിന്നും കൊച്ചിയിലേക്ക് പറക്കും.
    യാത്രക്കാര്‍ക്കുള്ള ടിക്കറ്റുകള്‍ അനുവദിച്ചു തുടങ്ങി. 725 ദിര്‍ഹമാണ് നിരക്ക് ഈടാക്കുന്നത്. 177 യാത്രക്കാരുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സാണ് ആദ്യയാത്രക്കാരുമായി കൊച്ചിയിലേക്ക് പറക്കുക. ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനവും വ്യാഴം തന്നെയാണ് യാത്ര തിരിക്കുക. ഇതിലും 177 യാത്രക്കാരാണുണ്ടാവുക. ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും നല്‍കുന്ന പട്ടികയനുസരിച്ചാണ് യാത്രക്കാര്‍ക്ക് ടിക്കറ്റ് അനുവദിക്കുന്നത്.
    നേരത്തെ, ഇന്ത്യന്‍ എംബസിയില്‍ പേര്‍ രജിസ്റ്റര്‍ ചെയ്തവരില്‍ അടിയന്തിര പ്രാധാന്യമുള്ളവരുടെ പട്ടികയാണ് എംബസി എയര്‍ലൈന്‍ ഓഫീസിന് നല്‍കിയിട്ടുള്ളത്.