ഫ്‌ളൈ വിത് ഇന്‍കാസ്: ഫുജൈറയിലെ ആദ്യ ടിക്കറ്റ് വിതരണം ചെയ്തു

237
'ഫ്‌ളൈ വിത് ഇന്‍കാസ്' പദ്ധതിയുടെ ഭാഗമായി ഫുജൈറയിലെ ആദ്യ ടിക്കറ്റിന്റെ വിതരണം സലിം മൂപ്പന്‍ നിര്‍വഹിക്കുന്നു

ഫുജൈറ: ഇന്‍കാസ് നടപ്പാക്കുന്ന ‘ഫ്‌ളൈ വിത് ഇന്‍കാസ്’ പദ്ധതിയുടെ ഭാഗമായി ഫുജൈറയില്‍ നിന്നുള്ള ആദ്യ ടിക്കറ്റ് മൂപ്പന്‍സ് ഗ്രൂപ് ചെയര്‍മാന്‍ സലിം മൂപ്പന്‍ സനൂജക്ക് നല്‍കി. 8 മാസം ഗര്‍ഭിണിയാണ് സനൂജ. ഇവരുടെയും ഭര്‍ത്താവിന്റെയും ജോലി നഷ്ടപ്പെട്ടിട്ട് രണ്ടു മാസമായി. എങ്ങനെ നാട്ടില്‍ പോകുമെന്നും അതിനു കഴിഞ്ഞില്ലങ്കില്‍ ഇവിടെ പ്രസവത്തിന് ചെലവാക്കേണ്ടി വരുന്ന ഭീമമായ തുക എങ്ങനെ കണ്ടെത്തുമെന്നും അറിയാതെ പ്രയാസപ്പെടുമ്പോഴാണ് ‘ഫ്‌ളൈ വിത് ഇന്‍കാസ്’ പദ്ധതി ഈ കുടുംബത്തിന് തുണയായത്. ഇന്‍കാസ് ഗ്‌ളോബല്‍ കമ്മിറ്റിയംഗം ഷാജി കാസ്മി മുഖേന ഇന്‍കാസ് ഫുജൈറ പ്രസിഡന്റ് കെ.സി അബൂബക്കറുമായി ബന്ധപ്പെട്ടു. പദ്ധതിയുമായി സഹകരിക്കാന്‍ നേരത്തെ തന്നെ തയാറായ പ്രമുഖ വ്യവസായിയും സാമൂഹിക സേവകനുമായ സലിം മൂപ്പന്‍ ഈ പദ്ധതിയിലേക്ക് 5 ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്തിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ അദ്ദേഹത്തോട് സഹകരണം ആവശ്യപ്പെട്ടിരുന്നു. എംബസി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ടിക്കറ്റിന് പണമില്ലാത്തത് കൊണ്ടുമാത്രം നാട്ടില്‍ പോകാന്‍ കഴിയാത്ത ജോലിയില്ലാത്ത രോഗികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. ഫുജൈറയിലുള്ളവര്‍ക്ക് ആദ്യ പരിഗണന നല്‍കും. കൂടാതെ, ഇന്‍കാസ് ഫുജൈറ കമ്മിറ്റി സ്വരൂപിച്ച കുറച്ചു ടിക്കറ്റുകളും ഇത്തരക്കാര്‍ക്ക് വേണ്ടി നല്‍കും. വിവരമറിഞ്ഞ് നിരവധി അന്വേഷണങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. തീര്‍ത്തും അര്‍ഹരായവരെ പരിശോധിച്ച് മറ്റൊരു പരിഗണയും നല്‍കാതെ കഴിയാവുന്നത്ര ആളുകളെ സഹായിക്കാനുള്ള ശ്രമത്തിലാണ്. നേരത്തെ ഒരു സ്ത്രീയുടെ പെട്ടെന്ന് വേണ്ടിവന്ന ശാസ്ത്രക്രിയ കമ്മിറ്റി പനടത്തിക്കൊടുത്തിരുന്നു. രണ്ടു മാസമായി ഭക്ഷണവും ഭക്ഷണ കിറ്റുകളും മരുന്നും വിതരണം ചെയ്തു കൊണ്ടിരിക്കയാണ് ഇന്‍കാസ് ഫുജൈറ പ്രവര്‍ത്തകരെന്ന് സലിം മൂപ്പന് നന്ദി അറിയിക്കുന്നതായും കെ.സി അബൂബക്കര്‍ പറഞ്ഞു. നിരവധി രോഗികള്‍ക്ക് മരുന്ന് വാങ്ങി നല്‍കാനും സലിം മൂപ്പന്‍ സഹായിച്ചിട്ടുണ്ട്.