
ഉമ്മുല്‍ഖുവൈന്‍: വിസാ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നുണ്ടായ യാത്രാ വിലക്ക് കാരണം കാന്‍സര്‍ ചികിത്സ മുടങ്ങിയ ഇബ്രാഹിമിന്റെ നാട്ടിലേക്കുള്ള യാത്രാ അപേക്ഷക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് പരിഗണന ലഭിക്കാതിരുന്നപ്പോള്‍ ഹൈക്കോടതി ഇടപെടുകയും ഇന്ന് അധികാരികള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.
തകര്‍ന്ന ബിസിനസിന്റെ നൊമ്പരത്തില്‍ നാട്ടിലേക്ക് മാറിയപ്പോഴേക്കും ഇബ്രാഹിമിനെ കാത്തിരുന്നത് കാന്‍സര്‍ എന്ന വില്ലനായിരുന്നു. വര്‍ഷങ്ങള്‍ ഉമ്മുല്‍ഖുവൈനില്‍ കഫ്റ്റീരിയ നടത്തിയിരുന്ന ഇബ്രാഹിം ബിസിനസ് തകര്‍ച്ചയോടെയാണ് നാട്ടിലേക്ക് മാറിയത്. എന്നാല്‍, അര്‍ബുദം ശരീരത്തില്‍ പിടിമുറുക്കിയപ്പോള്‍ ആകെ തളര്‍ന്നു പോയി. എറണാകുളം ലേക് ഷോര്‍ ആശുപത്രിയിലെ കാന്‍സര്‍ വിദഗ്ധന്‍ ഡോ. വി.പി ഗംഗാധരന്റെ ചികിത്സയിലാണിപ്പോള്‍.
നിയമപരമായ രേഖകള്‍ ശരിയാക്കാനാണ് ഇബ്രാഹിം ഭാര്യയോടൊപ്പം വിസിറ്റ് വിസ തരപ്പെടുത്തി യുഎഇയില്‍ എത്തിയത്. മകനും മകളും ഉമ്മുല്‍ഖുവൈനില്‍ തന്നെയാണ്. ഇപ്പോള്‍ ജോലി നഷ്ടപ്പെട്ട് രണ്ടു പേരുടെയും വരുമാനവും നിലച്ചു. ചുരുങ്ങിയ ദിവസം കണക്ക് കൂട്ടി ഇവിടെ എത്തിയപ്പോഴേക്കും യാത്രാ നിരോധവുമായി. അതോടൊപ്പം, നടത്തേണ്ടിയിരുന്ന തുടര്‍ പരിശോധനകളും കീമോ തെറാപ്പിയും മുടങ്ങുകയും ചെയ്തു.
നോര്‍കയിലും ഇന്ത്യന്‍ എംബസിയിലും രജിസ്റ്റര്‍ ചെയ്തെങ്കിലും യാത്രാനുമതിയെ കുറിച്ച് ഒരു ഉറപ്പും നല്കാന് അധികാരികള്‍ തയാറായില്ല. അപ്പോഴാണ് കോണ്‍ഗ്രസ്സിന്റെ പ്രവാസി സംഘടനയായ ഇന്‍കാസിന്റെ ഉമ്മുല്‍ഖുവൈന്‍ ഘടകം പ്രശ്നത്തിലിടപെട്ട് പ്രസിഡന്റ് സഞ്ജു പിള്ള കെപിസിസി ജന.സെക്രട്ടറി അഡ്വ. മാത്യു കുഴല്നാടന് മുഖേന കേരള ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി യാത്രാനുമതിക്ക് നിര്‍ദേശം നല്‍കിയതോടെ അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ടിക്കറ്റ് ചെലവ് ‘ഫ്ളൈ വിത് ഇന്‍കാസ്’ പദ്ധതിയിലുള്‍പ്പെടുത്തി ഉമ്മുല്‍ഖുവൈന്‍ കമ്മിറ്റി കൈമാറി.
സുദേവന്, പ്രസാദ്, ആഷ്ലി, ജോയ്, രാമചന്ദ്രന്, വിദ്യാധരന്, ചന്ദ്രദേവ് കുന്നപ്പള്ളി, ജിജോ, സുനില്‍, ഷാജി, പ്രസന്നന് എന്നിവരുടെ നേതൃത്വത്തില്‍ വളരെ സജീവമായ സേവന പ്രവത്തനങ്ങളാണ് ഇന്‍കാസ് നടത്തി വരുന്നതെന്നും ഇത്തരം കാരുണ്യ സംരംഭങ്ങള്‍ പ്രശംസനീയമെന്നും ഇന്‍കാസ് യുഎഇ കമ്മിറ്റി ജന.സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു.