വീണ്ടും നാല്‍വര്‍സംഘം ദുബൈയില്‍ നിന്നും യാത്രക്കാരുമായെത്തി

112
ദുബൈയില്‍ നിന്ന് രണ്ടാമതും വിമാനയാത്രക്കാരുമായി പുറപ്പെടാനൊരുങ്ങുന്ന വിമാനത്തിലെ മലയാളി ജീവനക്കാര്‍

മണ്ണാര്‍ക്കാട്: ആ നാല്‍വര്‍ സംഘം വീണ്ടും ദുബൈയിലെ ദുരന്ത മുഖത്ത് നിന്നും യാത്രക്കാരുമായി മലയാള മണ്ണിലെത്തി. ദുബായിയില്‍നിന്ന് കരിപ്പൂരിലേക്ക് ആദ്യം പറന്നിറങ്ങിയ വിമാനത്തിലെ ജീവനക്കാരായ മണ്ണാര്‍ക്കാട് സ്വദേശി റാഫി മന്‍സിലില്‍ അബ്ദുല്‍ റഊഫ്, മലപ്പുറം കാളികാവിലെ റസീന, കണ്ണൂര്‍ സ്വദേശി വിനീത് ഷാമില്‍, വയനാട് സ്വദേശി റിജോ ജോണ്‍സണ്‍ എന്നിവരാണ് കേരളത്തിന്റെ തന്നെ അഭിമാനമായിമാറിയ നാലുപേര്‍.എയര്‍ ഇന്ത്യ വിമാനത്തിലെ ക്യാബിന്‍ ക്രൂ ആയ നാലുപേരും സര്‍ക്കാരിന്റെ വന്ദേഭാരത് രണ്ടാംഘട്ടത്തിലും ഇതോടെ പങ്കാളികളായി. പ്രവാസി മലയാളികളെ കൊണ്ടുവരാന്‍ അബുദാബിയില്‍ എത്തിയ സംഘം ഒരുമണിക്കൂറിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി യാത്രക്കാരുമായി കരിപ്പൂരിലേക്ക് പറന്നു. 180 പേരാണ് യാത്രാസംഘത്തിലുണ്ടായിരുന്നത്.സ്വന്തം ജീവനേക്കാള്‍ മറ്റുള്ളവര്‍ക്കായി പ്രവര്‍ത്തിച്ച ഇവര്‍ രാജ്യത്തിന് തന്നെ മാതൃകയാണ്. ആദ്യയാത്രയ്ക്കുശേഷം ഇവര്‍ക്ക് കോവിഡ് പരിശോധന നടത്തി കൊറന്റൈനില്‍ ആയിരുന്നു. പരിശോധനയുടെ ഫലങ്ങളെല്ലാം നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് വീണ്ടും നാല്‍വര്‍ സംഘം പുറപ്പെട്ടത്. മണ്ണാര്‍ക്കാട് സ്വദേശി അബ്ദുല്‍ റൗഫ് പ്രവാസി ലീഗ് മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റ് സി.കെ അബ്ദുറഹ്മാന്റെ മകനാണ്.