ദുബൈ: ഇമാറാത്തികള്‍ക്കും 50 വയസ്സുകഴിഞ്ഞ താമസക്കാര്‍ക്കും സൗജന്യ കോവിഡ് പരിശോധന നടത്താന്‍ യുഎഇ സര്‍ക്കാര്‍ ഉത്തരവിട്ടു. അടുത്ത ആഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. നിലവില്‍ കോവിഡ്-19 ലക്ഷണങ്ങളുള്ളവര്‍ക്കും അത്യാസന്ന നിലയിലുള്ളവര്‍ക്കും മാത്രമായിരുന്നു സൗജന്യ പരിശോധന അനുവദിച്ചിരുന്നത്. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യുട്ടി സുപ്രീം കമാന്ററുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പുതിയ തീരുമാനം. പൗരന്മാരുടെ വീടുകളില്‍ ജോലി ചെയ്യുന്നവര്‍ക്കും സൗജന്യമായി കോവിഡ് പരിശോധന നടത്താം. യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയവും നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുമാണ് ഇതുസംബന്ധിച്ച പ്രസ്താവന പുറപ്പെടുവിച്ചത്. ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍, ഗര്‍ഭിണികള്‍, 50 വയസ്സിനു മുകളിലുള്ള താമസക്കാര്‍ എന്നിവരും ഈ പട്ടികയില്‍ ഉള്‍പ്പെടും. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ക്കും പോസിറ്റീവ് ആയവരുമായി സഹവസിച്ചവര്‍ക്കും സൗജന്യമായി പരിശോധിക്കാന്‍ അര്‍ഹതയുണ്ട്. ഇതിലൊന്നും ഉള്‍പ്പെടാത്തവര്‍ക്ക് പരിശോധന ആവശ്യമാണെങ്കില്‍ 370 ദിര്‍ഹം നല്കി സേഹ ആപ് മുഖേന രജിസ്റ്റര്‍ ചെയ്ത് പരിശോധിക്കാം. പരമാവധി ആളുകളില്‍ പരിശോധന നടത്തി കോവിഡ് ഫലപ്രദമായി തടയാനുള്ള രീതിയാണ് യുഎഇ അവലംബിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് പരിശോധന നടത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ യുഎഇ മുന്നിലുണ്ട്. രാജ്യത്ത് ഇതിനകം 1.3 മില്യന്‍ ആളുകളിലാണ് കോവിഡ് പരിശോധന നടത്തിയിട്ടുള്ളത്. ഇതിനായി രാജ്യത്ത് 14 ഡ്രൈവ് ത്രൂ പരിശോധനാ കേന്ദ്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. അബുദാബിയില്‍ ഗയാത്തി, മദീനത്ത് സായിദ്, അല്വത്്ബ, സായിദ് സ്പോര്‍ട്സ് സിറ്റി, അല്‍ബാഹിയ, അല്ഹീലി, അഷ്റജ് എന്നിവിടങ്ങളിലും ദുബൈയില്‍ അല്‍ഖവാനീജ്, പോര്‍ട്ട് റാഷിദ്, അല്‍നാസര്‍ ക്ലബ്ബ്, ദുബൈ ഫെസ്റ്റിവല്‍ സിറ്റി, അല്‍ഖിസൈസ്, സിലികണ്‍ ഒയാസിസ്, ഡിസ്കവറി ഗാര്‍ഡന്‍സ്, അല്വര്ക, ഇന്റര്‍നാഷണല്‍ സിറ്റി എന്നിവിടങ്ങളിലും മറ്റു എമിറേറ്റുകളിലെ അഞ്ചിടങ്ങളിലുമാണ് ഡ്രൈവ് ത്രൂ പരിശോധനാ കേന്ദ്രങ്ങളുള്ളത്.