അബുദാബി: ജിസിസി രാജ്യങ്ങളില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുന്നു. ഇതു വരെ 87,150 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രണ്ടാഴ്ചക്കിടെ വിവിധ രാജ്യക്കാരായ 56,000 പേരാണ് ഗള്‍ഫ് നാടുകളില്‍ രോഗബാധിതരായതെന്നത് പ്രവാസികള്‍ക്കിടയില്‍ ഏറെ ആശങ്കയുണ്ടാക്കുന്നുണ്ട്. ഇക്കാലയളവില്‍ 295 പേര് മരിക്കുകയും ചെയ്തു.
രോഗബാധിതരില്‍ ഏറ്റവും കൂടുതല്‍ പേര് സഊദി അറേബ്യയിലാണ്. 35,432 പേരാണ് ഇവിടെ രോഗബാധിതരായി കഴിയുന്നത്.
ഖത്തറാണ് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. 20,201 പേരെയാണ് ഖത്തറില്‍ കൊറോണ ബാധിച്ചത്. എന്നാല്‍, കൊറോണ മൂലമുള്ള മരണ സംഖ്യ ഖത്തറില്‍ തീരെ കുറവാണെന്നത് ആശ്വാസം പകരുന്നു. 12 പേര് മാത്രമാണ് ഇവിടെ കൊറോണ മൂലം മരിച്ചത്. അതേസമയം 3,112 മാത്രം രോഗബാധിതരുള്ള ഒമാനില്‍ ഇതിനകം 16 പേര്‍ക്ക് ജീവഹാനി ഉണ്ടായിട്ടുണ്ട്. യുഎഇയില്‍ 16,793 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 174 പേര് ഇവിടെ മരിച്ചു. ബഹ്റൈന്‍ 4,404, കുവൈത്ത് 7,208 എന്നിങ്ങനെയാണ് രോഗബാധിതര്‍.
ഗള്‍ഫ് രാജ്യങ്ങളില്‍ ഇതു വരെയായി 20,845 പേര്‍ക്കാണ് രോഗം സുഖപ്പെട്ടിട്ടുള്ളത്. രോഗം സുഖപ്പെട്ടവരില്‍ ഒന്നാം സ്ഥാനത്ത് സഊദിയും രണ്ടാം സ്ഥാനത്ത് യുഎഇയുമാണ്. ഇതു വരെയായി ഗള്‍ഫ് നാടുകളില്‍ 486 പേരാണ് കോവിഡ് 19 മൂലം മരിച്ചിട്ടുള്ളത്. ഇവരില്‍ അമ്പതോളം പേര് മലയാളികളാണ്. കൊറോണ വൈറസ് മൂലം വിവിധ രാജ്യങ്ങളിലായി ഇതു വരെ രണ്ടേ മുക്കാല്‍ ലക്ഷം പേരാണ് മരണമടഞ്ഞത്. 40 ലക്ഷത്തോളം പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.