ദുബൈയിലെ മുഴുവന്‍ വിസാ സേവനങ്ങളും സ്മാര്‍ട് ചാനലില്‍ ലഭ്യമാക്കി ജിഡിആര്‍എഫ്എ

  111
  മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി

  ദുബൈ: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ദുബൈയിലെ മുഴുവന്‍ വിസാ ഇടപാടുകളും സേവനങ്ങളും സ്മാര്‍ട് ചാനല്‍ വഴി ലഭ്യമാക്കിയിട്ടുണ്ടെന്ന് ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് ദുബൈ (ജിഡിആര്‍എഫ്എഡി) ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി അറിയിച്ചു. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് ഓഫീസുകള്‍ സന്ദര്‍ശിക്കാതെ വീടുകളിലിരുന്നു കൊണ്ടു തന്നെ ഓണ്‍ലൈന്‍ വഴി എല്ലാ ഇടപാടുകളും പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
  പൊതുജനാരോഗ്യ സുരക്ഷ പരിഗണിച്ചാണ് ജിഡിആര്‍എഫ്എ ദുബൈയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും സേവനങ്ങളും സ്മാര്‍ട് ചാനല്‍ വഴി സജ്ജമാക്കിയത്. വകുപ്പിന്റെ വെബ്‌സൈറ്റ് വഴിയും GDRFA dubai എന്ന മൊബൈല്‍ ആപ്‌ളികേഷന്‍ വഴിയുമാണ് ഉപയോക്താക്കള്‍ അവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതെന്നും മേജര്‍ ജനറല്‍ കൂട്ടിച്ചേര്‍ത്തു.
  യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശങ്ങളുടെ ഭാഗമായാണ് വകുപ്പിന്റെ എല്ലാ സേവനങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാക്കിയത്. 2021ല്‍ മുഴുവന്‍ സര്‍ക്കാര്‍ സേവനങ്ങളും സ്മാര്‍ട് ചാനല്‍ വഴിയാകുന്ന പദ്ധതിയുടെ ഭാഗം കൂടിയാണിത്. ഇത്തരത്തില്‍ എന്‍ട്രി പെര്‍മിറ്റുകള്‍, റെസിഡെന്‍സി പെര്‍മിറ്റുകള്‍, ഇന്‍സ്റ്റിറ്റിയൂഷനല്‍ സര്‍വീസുകള്‍, എയര്‍പോര്‍ട്-സീപോര്‍ട് സര്‍വീസുകള്‍, നിയമ ലംഘനങ്ങളുടെ പരിഹാരങ്ങള്‍, വ്യക്തിഗത സ്റ്റാറ്റസ് തുടങ്ങിയ നിരവധി സേവനങ്ങളും ഇടപാടുകളും ഏറ്റവും വേഗത്തില്‍ ഓണ്‍ലൈനിലൂടെ ലഭ്യമാകുന്നതാണ്.
  എവിടെ നിന്നും ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ സന്തോഷകരമായി നിവര്‍ത്തിക്കാന്‍ ജിഡിആര്‍എഫ്എ ദുബൈ ഏറ്റവും മികച്ച ഡിജിറ്റല്‍ പ്‌ളാറ്റ്‌ഫോമുകള്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് അല്‍ മര്‍റി പറഞ്ഞു. കോവിഡിന്റെ സാഹചര്യത്തില്‍ പൊതുജന സുരക്ഷക്കായി ഡിജിറ്റല്‍ പ്‌ളാറ്റ്‌ഫോമില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
  അതേസമയം, നിലവില്‍ സ്മാര്‍ട് ചാനലിലൂടെ സേവനങ്ങള്‍ നല്‍കുന്നത് വഴി ഉപയോക്താക്കളുടെ ഓഫീസ് സന്ദര്‍ശനങ്ങള്‍ 99% കുറക്കാന്‍ കഴിഞ്ഞുവെന്ന് ജിഡിആര്‍എഫ്എ ദുബൈ അഡ്മിനിസ്‌ട്രേഷന്‍ ഓപറേഷന്‍സ് ഡയറക്ടര്‍ ക്യാപ്റ്റന്‍ മറിയം ത്വയ്യിബ് വെളിപ്പെടുത്തി. ഡിജിറ്റല്‍ സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. അതുവഴി എല്ലാ സേവനങ്ങളും ഏറ്റവും മികച്ചതും ആളുകള്‍ക്ക് വേഗത്തില്‍ പ്രാപ്യവുമാക്കിയിട്ടുണ്ട്. ഇതു മുഖേന, ഓഫീസ് സന്ദര്‍ശനങ്ങള്‍ 99 ശതമാനം കുറച്ചു. ജീവനക്കാരുടെ ഉല്‍പാദന ക്ഷമത വര്‍ധിപ്പിക്കാനും സാധിച്ചുവെന്നും അവര്‍ അവകാശപ്പെട്ടു.

  ക്യാപ്റ്റന്‍ മറിയം ത്വയ്യിബ്

   

  ആപ്പ് സ്റ്റോറില്‍ നിന്നും പ്‌ളേ സ്റ്റോറില്‍ നിന്നും GDRFA dubai  എന്ന മൊബൈല്‍ ആപ്‌ളികേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാകും.
  അതിനിടെ, ദുബൈയിലെ വിസാ സേവന നടപടികളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പറായ 800 5111ല്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. എന്നാല്‍, യുഎഇക്ക് പുറത്തുള്ള ആളുകള്‍ 00971 4 3139999 എന്ന നമ്പറിലാണ് വിളിക്കേണ്ടത്. gdrfa@dnrd.ae, amer@dnrd.ae എന്നീ ഇമെയില്‍ വഴിയും വിവരങ്ങള്‍ ലഭിക്കുന്നതാണ്.

   


  ജിഡിആര്‍എഫ്എ ദുബൈ ആപ്പ് ബ്രോഷര്‍