കോഴിക്കോട്: ബോഡി ബില്‍ഡിങ്ങിനും ആരോഗ്യ സംരക്ഷണത്തിനും വ്യായാമത്തിനും ഒരുപോലെ പ്രാധാന്യം കല്പിക്കുന്ന ജിംനേഷ്യം സെന്ററുകള്‍ പ്രവര്‍ത്തനാനുമതിക്കായി കാത്തിരിപ്പ് തുടരുന്നു. അന്‍പത് ദിവസത്തോളമായി ഇത്തരത്തിലുള്ള ഫിറ്റ്നസ് സെന്ററുകള്‍ അടച്ചിട്ടിരിക്കുകയാണ്. കോവിഡ് വ്യാപനത്തിന്റെ സാധ്യത കണക്കിലെടുത്തായിരുന്നു ഇത്. യുവാക്കളുടെ ആരോഗ്യപരിപാലനത്തിന്റെയും ശരീരസൗന്ദര്യ സംരക്ഷണത്തിന്റെയും കേന്ദ്രങ്ങളായ ജിംനേഷ്യങ്ങളില്‍ ഒരേ സമയം കൂടുതല്‍ ആളുകള്‍ എത്തുന്നതിനാല്‍ കോവിഡ് കാലത്ത് അടച്ചിടുകയേ നിവൃത്തിയുണ്ടായിരുന്നുള്ളു.
എന്നാല്‍, പല മേഖലകള്‍ക്കും ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തങ്ങളെയും പരിഗണിക്കണമെന്നാണ് ജിംനേഷ്യം നടത്തിപ്പുകാര്‍ ആവശ്യപ്പെടുന്നത്. ജില്ലയില്‍ എഴുപതോളം ജിംനേഷ്യം സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാവിലെയും വൈകുന്നേരവുമാണ് പരിശീലനം നല്‍കുന്നത്. ഇതിനായി ട്രെയിനര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തുന്നു.സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതോടെ ട്രെയിനര്‍മാര്‍ക്ക് പണിയില്ലാതായി. ചെറിയ അങ്ങാടികള്‍ കേന്ദ്രീകരിച്ചുപോലും ഇത്തരം കേന്ദ്രങ്ങളുണ്ട്.
വന്‍ മുടക്കുമുതലോട് കൂടിയാണ് ഇത്തരം സെന്ററുകള്‍ തുടങ്ങുന്നത്. ഉപയോഗിക്കാതായതോടെ മെഷീനുകള്‍ പലതും തുരുമ്പെടുക്കുന്ന അവസ്ഥയിലാണ്. കോവിഡിന്റെ സാമൂഹിക വ്യാപനം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ജിംനേഷ്യം ഉള്‍പ്പെടെയുള്ള ഫിറ്റ്നസ് സെന്ററുകളുടെ പ്രവര്‍ത്തനം തടഞ്ഞത്. ഇളവുകളുടെയും ആനുകൂല്യങ്ങളുടെയും സാഹചര്യം തങ്ങള്‍ക്കും ലഭിക്കണമെന്നാണ് നടത്തിപ്പുകാരുടെ അപേക്ഷ.