അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ പഞ്ചായത്തോഫീസിലേക്ക്,  പൊലീസ് ലാത്തി വീശി; മൂന്നു പേര്‍ കസ്റ്റഡിയില്‍

അതിഥി തൊഴിലാളികള്‍ കൊടിയത്തൂര്‍ ഓഫീസില്‍ പ്രതിഷേധ പ്രകടനമായെത്തിയപ്പോള്‍

മുക്കം: നാട്ടില്‍ പോവാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ടും ഭക്ഷണ സാധനങ്ങള്‍ ലഭ്യമാക്കാത്തതില്‍ പ്രതിഷേധിച്ചും ഗ്രാമ പഞ്ചായത്തോഫീസിലേക്കു കൂട്ടത്തോടെ പ്രതിഷേധ പ്രകടനം നടത്തിയ അതിഥി തൊഴിലാളികള്‍ക്കു നേരെ പൊലീസ് ലാത്തിച്ചാര്‍ജ്. ചൊവ്വാഴ്ച രാവിലെ 9.30 ഓടെയാണ് നൂറോളം വരുന്ന തൊഴിലാളികള്‍ കൊടിയത്തൂര്‍ പഞ്ചായത്തോഫീസിന് മുന്നില്‍ സംഘടിച്ചെത്തിയത്. തങ്ങള്‍ക്ക് നാട്ടില്‍ പോവാന്‍ അവസരമൊരുക്കണമെന്നും ഭക്ഷണം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഇവര്‍ കൂട്ടമായെത്തിയത്.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മുക്കം പോലീസെത്തി വിരട്ടി ഓടിക്കുകയായിരുന്നു. മൂന്നു ദിവസമായി ഭക്ഷണം ലഭിച്ചിട്ടില്ലന്ന് അതിഥി തൊഴിലാളികള്‍ പറഞ്ഞു. ഒന്നര മാസത്തോളമായി ജോലിക്കു പോവാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ പട്ടിണി സഹിച്ച് ഇനിയും കഴിയാനാവില്ലന്നും ഇവര്‍ പറഞ്ഞു.
മൂന്ന് അതിഥി തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി പേര്‍ നാട്ടിലേക്ക് മടങ്ങിയതിന്റെ മാനസിക സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇത്തരത്തില്‍ അതിഥി തൊഴിലാളികള്‍ രംഗത്തിറങ്ങിയതെന്നാണ് പോലീസ് നിഗമനം. അതേ സമയം പഞ്ചായത്തിലെ അതിഥി തൊഴിലാളികള്‍ക്ക് 3 തവണകളിലായി ഭക്ഷണ കിറ്റ് നല്‍കിയിട്ടുണ്ടന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ടി സി അബ്ദുല്ല പറഞ്ഞു.

ഗാനെ കൊ കുച്ച് നഹി, ഹം ഗര്‍ ജാനാ ചാഹ്‌തെഹെ…

തൊഴിലാളികളെ നിരത്തിലിറക്കിയത്
പഞ്ചായത്തിന്റെ കെടുകാര്യസ്ഥത

മുക്കം: ”ഗാനെ കൊ കുച്ച് നഹി ഹം ഗര്‍ ജാനാ ചാഹ്‌തെഹെ…” കൊടിയത്തൂരില്‍ നൂറോളം അതിഥി തൊഴിലാളികള്‍ സംഘടിതമായി നിരത്തിലിറങ്ങി പ്രതിഷേധിക്കാനും പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്താനും വഴിയൊരുക്കിയത് അധികതരുടെ കെടുകാര്യസ്ഥത. ‘ഞങ്ങള്‍ പട്ടിണിയിലാണ്, ഒന്നു രണ്ടു തവണ കുറച്ച് അരിയും പച്ചക്കറികളും ലഭിച്ചതല്ലാതെ പിന്നീട് ഒന്നും കിട്ടിയില്ല,ജോലിയില്ലാതെ ബുദ്ധിമുട്ടിലായിട്ട് നാല്‍പതു ദിവസം പിന്നിട്ടു, കൈയ്യിലുള്ള കാശ് നേരത്തേ നാട്ടിലേക്കയച്ചുപോയി, നാട്ടിലേക്കു മടങ്ങാനുള്ള സംവിധാനമുണ്ടായാല്‍ മതിയായിരുന്നു, പൊലീസിനോടും പഞ്ചായത്തിലുമെല്ലാം പ്രശ്‌നങ്ങള്‍ ബോധിപ്പിച്ചതാണ്, പക്ഷേ ഒന്നിനും പരിഹാരമില്ലാത്ത സാഹചര്യത്തിലാണ് സംഘടിതമായി പഞ്ചായത്തിലേക്കു പോകാന്‍ തീരുമാനിച്ചത് ‘ മുര്‍ഷിദാബാദ് സ്വദേശി അബുല്‍ ഖൈര്‍ പറഞ്ഞു.
മുപ്പത്തിരണ്ടുപേര്‍ ഒന്നിച്ചു കഴിയുന്ന വാടക വീട്ടിലെ അമീറാണ് അബുല്‍ ഖൈര്‍. ‘വാടക ഇനത്തില്‍ വന്‍ തുക കുടിശ്ശികയായിരിക്കുകയാണ്, ആയിരക്കണക്കിനു രൂപയുടെ കരണ്ടു ബില്ലുമുണ്ട്. ഗ്യാസ് തുടങ്ങിയ ചെലവുകള്‍ ഇതിനു പുറമെയും. കുടുംബം പുലര്‍ത്തേണ്ടവരാണ് അധികവും. മറ്റു പല സംസ്ഥാനക്കാര്‍ക്കും നാട്ടില്‍ പോകാന്‍ സംവിധാനമായി, എന്നാല്‍ തങ്ങളുടെ കാര്യത്തില്‍ യാതൊരു തീരുമാനും ഉണ്ടായിട്ടില്ല. ഈ കടുത്ത പ്രതിസന്ധി ഒന്നിച്ചു ചെന്ന് പഞ്ചായത്ത് അധികൃതരെ അറിയിക്കാനായിരുന്നു ഇറങ്ങിയത് ‘പൊലീസ് ഒന്നും ചോദിക്കാതെ അടിച്ചോടിക്കുകയായിരുന്നുവെന്നും താമസസ്ഥലത്തു വന്നാണ് ചിലരെ പിടിച്ചു കൊണ്ടുപോയതെന്നും ഇവര്‍ പറഞ്ഞു.