അര്‍ഹരെ സഹായിക്കാന്‍ പ്രവാസി സംഘടനകള്‍ക്ക് വഴിയൊരുക്കി ഹൈക്കോടതി ഉത്തരവ്
കൊച്ചി/ദുബൈ: വിമാന യാത്രാ നിരക്ക് താങ്ങാനാവാതെ വിദേശത്ത് നിന്ന് തിരിച്ചു വരാന്‍ ബുദ്ധിമുട്ടുന്നവരെ സര്‍ക്കാര്‍ ഇതര സംഘടനകള്‍ക്ക് സഹായിക്കാന്‍ വഴിയൊരുക്കി കേരള ഹൈക്കോടതിയുടെ ഉത്തരവ്. പ്രവാസികളെ തിരിച്ചു കൊണ്ടുവരാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ദുബൈ കെഎംസിസി നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശം. തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിമാന ടിക്കറ്റ് എടുക്കാന്‍ ശേഷിയില്ലെന്ന് ബോധ്യപ്പെടുന്ന ന്യായമായ കേസുകളില്‍ അതത് രാജ്യത്തെ ഇന്ത്യന്‍ എംബസി അധികൃതര്‍ക്ക് സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് നടപടി സ്വീകരിക്കാം. ജസ്റ്റിസ് ഷാജി ചാലി, ജസ്റ്റിസ് എം.ആര് അനിത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ദുബൈ കെഎംസിസിക്ക് വേണ്ടി അഡ്വ. ഹാരിസ് ബീരാന്, അഡ്വ. ഷാഫി എന്നിവര്‍ ഹാജരായി.
പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്ന പശ്ചാത്തലത്തില്‍ ഉയര്‍ന്ന വിമാന നിരക്ക് ഈടാക്കുന്നതില്‍ നിന്ന് കമ്പനികളെ വിലക്കണമെന്ന് ഹര്‍ജിക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതടക്കമുള്ള വാദങ്ങള്‍ പരിഗണിച്ചാണ് അര്‍ഹര്‍ക്ക് സഹായം എത്തിക്കാനുള്ള കോടതിയുടെ നിര്‍ദേശം. തിരിച്ചു വരാനാഗ്രഹിക്കുന്ന വിമാന ടിക്കറ്റ് എടുക്കാന്‍ കഴിയാത്ത നിരവധി പേരുടെ അവസ്ഥ വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പുറത്ത് വന്നിരുന്നു. ഇവരെ സഹായിക്കാന്‍ പ്രവാസി സംഘടനകള്‍ക്ക് വഴിയൊരുക്കുന്നതാണ് കോടതി ഉത്തരവ്.